ഐ.പി.എല്‍ ഫൈനലില്‍ ടീമിന് ആവേശം പകരാന്‍ കിങ് ഖാനും ഉണ്ടാകും; ജൂഹി ചൗള

ബോളിവുഡിന്റെ സൂപ്പര്‍ താരവും ഐ.പി.എല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമകളിലൊരാളുമായ ഷാറൂഖ് ഖാനെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത ചൂടിനെ തുടര്‍ന്നുണ്ടായ ഹീറ്റ് സ്‌ട്രോക്കിനു പിന്നാലെയാണ് കിങ് ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഹ്മദാബാദിലെ കെ.ഡി ആശുപത്രിയിലാണ് താരം ചികിത്സയിലുള്ളത്.

ഇപ്പോള്‍ താരത്തിന്റെ ആരോഗ്യ പുരോഗതി വ്യക്തമാക്കി രംഗത്തുവന്നിരിക്കുകയാണ് ടീമിന്റെ സഹ ഉടമയും ഷാറൂഖിന്റെ അടുത്ത സുഹൃത്തും നടിയുമായ ജൂഹി ചൗള. ഞായറാഴ്ച ചെന്നൈയില്‍ നടക്കുന്ന ഐ.പി.എല്‍ ഫൈനലില്‍ ടീമിന് ആവേശം പകരാന്‍ കിങ് ഖാനും ഉണ്ടാകുമെന്ന് ജൂഹി ചൗള പറയുന്നു. ‘കഴിഞ്ഞ ദിവസം വൈകിട്ടോടെ ഷാറൂഖിന്റെ ആരോഗ്യനിലയില്‍ വലിയ പുരോഗതിയുണ്ട്.

വൈകാതെ അദ്ദേഹം ഊര്‍ജം വീണ്ടെടുക്കും. വാരാന്ത്യത്തില്‍ നമ്മുടെ ടീം ഫൈനല്‍ കളിക്കുമ്പോള്‍, ആവേശമൊരുക്കാന്‍ അദ്ദേഹവും ഗാലറിയില്‍ ഉണ്ടാകും’ ജൂഹി ചൗള ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. ഷാറൂഖിന്റെ ഭാര്യ ഗൗരി ഖാനും ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. താരം ഇന്നുതന്നെ ആശുപത്രി വിടുമെന്ന് സൂചനയുണ്ട്.

ഒന്നാം ക്വാളിഫയറില്‍ കൊല്‍ക്കത്തയും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള മത്സരം കാണാനാണ് താരം ചൊവ്വാഴ്ച നഗരത്തിലെത്തിയത്. മത്സരത്തില്‍ ഹൈദരാബാദിനെ തോല്‍പിച്ച കൊല്‍ക്കത്ത കലാശപ്പോരിന് യോഗ്യത നേടി.

ടീം ജയിച്ചതിനു പിന്നാലെ മകള്‍ സുഹാനക്കും മകന്‍ അബ്‌റാമിനുമൊപ്പം ഗ്രൗണ്ടിലെത്തിയ ഷാറൂഖ്, കാണികളെ അഭിവാദ്യം ചെയ്യുകയും കളിക്കാരെ അഭിനന്ദിക്കുകയും ചെയ്തു. പിന്നീട് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം അധികൃതര്‍ സ്ഥിരീകരിച്ചെങ്കിലും കാരണം വെളിപ്പെടുത്തിയിരുന്നില്ല.

Vijayasree Vijayasree :