ക്രിസ്ത്യൻ പള്ളിയിലുണ്ടായ ഈയൊരു നീക്കം മുസ്ലിം പള്ളിയിലോ ക്ഷേത്രത്തിലോ ഉണ്ടായതെങ്കിൽ സിനിമയിൽ ഉൾപ്പെടുത്തി ചിത്രീകരിക്കുമായിരുന്നു; ജൂ‍ഡ് ആൻറണി

കേരളത്തിൽ റെക്കോർഡുകൾ തകർത്ത് ജൂ‍ഡ് ആൻറണിയുടെ  ‘2018’ മുന്നേറുകയാണ്. മെയ് 5 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മൂന്നാം വാരത്തിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തില്‍ മാത്രമല്ല യുകെ പോലെയുള്ള വിദേശ മാര്‍ക്കറ്റുകളിലും ചിത്രം വലിയ പ്രദര്‍ശനവിജയമാണ് നേടുന്നത്. കേരളത്തിലെ തിയറ്ററുകാരെ സംബന്ധിച്ചിടത്തോളം ഇതൊരു തിരിച്ചുവരവ് കൂടിയാണ്. ഇപ്പോഴിതാ
‘2018’ സിനിമയിൽ ക്രിസ്ത്യൻ പള്ളിയിൽ നിന്ന് പ്രത്യേകം സ്വാധീനം ഉൾകൊണ്ടെന്ന തരത്തിൽ രംഗങ്ങൾ ഉപയോഗിച്ചുവെന്ന ആരോപണങ്ങളിൽ പ്രതികരിച്ച് സംവിധായകൻ ജൂഡ്  രംഗത്ത് എത്തിയിരിക്കുകയാണ്

 2018ലെ പ്രളയകാലത്ത് പള്ളിയിൽ നിന്നുണ്ടായ ആഹ്വാനം ചെവികൊണ്ടാണ് രക്ഷാപ്രവർത്തനത്തിന് മത്സ്യത്തൊഴിലാളികൾ ഇറങ്ങിത്തിരിച്ചത് എന്ന് ചിത്രത്തിലെ രംഗങ്ങളിൽ കാണിക്കുന്നുണ്ട്.

ഇതിനെതിരെ ഉണ്ടായ ആരോപണങ്ങൾക്കെതിരെയാണ് ജൂഡ് തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്. സിനിമയിൽ ആ രംഗം മനഃപൂർവം കൂട്ടിച്ചേർത്തതല്ല എന്നാണ് ജൂഡ് പറയുന്നത്. പള്ളിയിലെ അച്ഛൻ വിളിച്ചതു പ്രകാരമാണ് മത്സ്യത്തൊഴിലാളികൾ അന്ന് രക്ഷാപ്രവർത്തനത്തിന് എത്തിയതെന്ന് പ്രളയമുണ്ടായ സമയത്തുള്ള ഒരു വീഡിയോ ക്ലിപ്പിൽ അന്നത്തെ കലക്ടർമാരിൽ ഒരാൾ പറയുന്നുണ്ട് എന്ന് ജൂഡ് പറയുന്നു.

ഇതേപ്പറ്റി മത്സ്യത്തൊഴിലാളികളോട് അന്വേഷിച്ചപ്പോൾ ഇക്കാര്യം സത്യമാണെന്നും പള്ളിമണി മുഴങ്ങുന്നത് കേട്ടാണ് എല്ലാവരും കൂടി രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയതെന്നും അവർ പറഞ്ഞതായും ജൂഡ് പറഞ്ഞു. ക്രിസ്ത്യൻ പള്ളിയിലുണ്ടായ ഈയൊരു നീക്കം മുസ്ലിം പള്ളിയിലോ ക്ഷേത്രത്തിലോ ആണ് ഉണ്ടായതെങ്കിൽ അതും ഇതുപോലെ തന്നെ സിനിമയിൽ ഉൾപ്പെടുത്തി ചിത്രീകരിക്കുമായിരുന്നു എന്നും ജൂഡ് കൂട്ടിച്ചേർത്തു.

ഇതുകൂടാതെ മതത്തെക്കുറിച്ച് താൻ ഒരിക്കലും ആശങ്കപ്പെട്ടിട്ടില്ല എന്നും, സിനിമകളിൽ ആയാലും മാനവികതയും മാനുഷിക വശങ്ങളും ഉൾപ്പെടുത്തി ചിത്രീകരിക്കാനാണ് എപ്പോഴും ശ്രമിച്ചിട്ടുള്ളതെന്നും ജൂഡ് വ്യക്തമാക്കി. നമ്മൾ ചെയ്യുന്ന കാര്യങ്ങളിൽ 99 ശതമാനം നല്ല കാര്യങ്ങൾ ആണെങ്കിൽപോലും ആളുകൾ മോശം വശം മാത്രമേ കാണുകയുള്ളു, അതിനാൽ മോശം പറയുന്നതിനെ പരിഗണിക്കാതിരിക്കാൻ മിക്കപ്പോഴും ശ്രദ്ധിക്കാറുണ്ട് എന്നും ജൂഡ് അഭിമുഖത്തിൽ പറഞ്ഞു.


Rekha Krishnan :