2 മാറ്റങ്ങൾ മാത്രം; ജാനകി മാറ്റി വി ജാനകി ആക്കിയാൽ അനുമതി ; ജെഎസ്കെ വിവാദത്തിൽ സെൻസർ ബോർഡ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ​ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ മീഡിയയിലുൾപ്പെടെ ചർച്ചയാകുന്നത്. ഇപ്പോഴിതാ സിനിമയുടെ പേര് മാറ്റാൻ തയ്യാറാണെങ്കിൽ പ്രദര്‍ശന അനുമതി നൽകാമെന്ന് ഹൈക്കോടതിയില്‍ സെൻസർ ബോർഡ് അറിയിച്ചു.

ഒരു സീനിലെ ഭാഗം മ്യൂട്ട് ചെയ്യണമെന്നും സബ്ടൈറ്റിലിൽ മാറ്റം വേണമെന്നും സെൻസർബോർഡ് കോടതിയെ അറിയിച്ചു. കഥാപാത്രത്തിന്റെ പേരിനൊപ്പം ഇനീഷ്യൽ ചേർക്കണമെന്നും ചിത്രത്തിന്റെ അവസാന ഭാഗത്തെ ക്രോസ് വിസ്താരത്തിനിടെ ജാനകി എന്ന് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും സെൻസർ ബോർഡ് കോടതിയിൽ പറഞ്ഞു.

അതേസമയം ഇതിനു പിന്നാലെ സിനിമയുടെ പേര് മാറ്റാൻ തയ്യാറാണെന്ന് കോടതിയെ നിർമാതാക്കൾ അറിയിച്ചു. പിന്നാലെയാണ് സിനിമയുടെ രണ്ടു ഭാഗങ്ങളിൽ ജാനകി എന്ന പേര് പരാമർശിക്കുന്ന ഭാഗങ്ങൾ മ്യൂട്ട് ചെയ്യുകയോ പേരു മാറ്റുകയോ ചെയ്യാമെന്ന നിബന്ധന അം​ഗീകരിച്ചത്. മാറ്റങ്ങൾ വരുത്തിയ ഭാഗങ്ങൾ വീണ്ടും സമർപ്പിച്ചാൽ 3 ദിവസത്തിനുള്ളിൽ ചിത്രത്തിന് അനുമതി നൽകാൻ സാധിക്കുമെന്ന് സെൻസർ ബോർഡ് അറിയിച്ചു.

സിനിമയുടെ പേരിനൊപ്പമുള്ള ‘ജാനകി’ക്കു പകരം കഥാപാത്രത്തിന്റെ മുഴുവൻ പേരായ ജാനകി വിദ്യാധരന്റെ ഇനീഷ്യൽ കൂടി ചേർത്ത് സിനിമയുടെ പേര് ‘വി ജാനകി’ എന്നോ ‘ജാനകി വി’ എന്നോ ആക്കുക, ചിത്രത്തിൽ ക്രോസ് വിസ്താര രംഗങ്ങളിലൊന്ന് കഥാപാത്രത്തിന്റെ പേര് ജാനകി എന്ന് പറയുന്നത് ‘മ്യൂട്ട്’ ചെയ്യുക തുടങ്ങിയ മാറ്റങ്ങൾ‍ വരുത്തിയാൽ അനുമതി നൽകാമെന്ന് സെൻസർ ബോർഡ് അറിയിച്ചു.

അതേസമയം ഉച്ചകഴിഞ്ഞ് ചേർന്നപ്പോഴും സെൻസർ ബോർഡ് തങ്ങളുടെ തീരുമാനത്തിൽ ഉറച്ചു നിന്നതോടെ, കേസ് വീണ്ടും പരിഗണിച്ചപ്പോൾ പേരു മാറ്റാമെന്ന് നിർമാതാക്കൾ അറിയിക്കുകയായിരുന്നു. ഇതോടെ ചിത്രത്തിന്റെ പേര് ‘ജെഎസ്കെ– ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്നായി മാറും.

Vismaya Venkitesh :