‘കറുപ്പും വെളുപ്പും കാഴ്ചയുടെ പ്രശ്‌നമല്ലേ സത്യഭാമേ, വിവരവും വിവേകവുമാണ് മനുഷ്യര്‍ക്ക് വേണ്ടത്’; പ്രതികരണവുമായി ജോയ് മാത്യു

കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനെ സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തില്‍ പല കോണില്‍ നിന്നും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഇപ്പോഴിതാ നടനും സംവിധായകനുമായ ജോയ് മാത്യുവും ഈ വിഷയത്തില്‍ പ്രതിഷേധം അറിയിച്ചിരിക്കുകയാണ്. കറുപ്പും വെളുപ്പും കാഴ്ചയുടെ പ്രശ്‌നമാണ് വിവരവും വിവേകവുമാണ് മനുഷ്യര്‍ക്ക് വേണ്ടത് എന്നാണ് ജോയ് മാത്യു പറഞ്ഞിരിക്കുന്നത്. രാമകൃഷ്ണന് പിന്തുണയും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

‘കറുപ്പും വെളുപ്പും കാഴ്ചയുടെ പ്രശ്‌നമല്ലേ സത്യഭാമേ, വിവരവും വിവേകവുമാണ് മനുഷ്യര്‍ക്ക് വേണ്ടത്, അങ്ങനെയൊരാള്‍ ഉന്നതനായ ഒരു കലാകാരന്‍ കൂടിയാവുമ്പോള്‍ അയാള്‍ക്ക് കറുപ്പും വെളുപ്പുമല്ല ഏഴഴകാണ്. നൃത്തപഠനത്തില്‍ ഡോക്ടറേറ്റ് (കഷ്ടപ്പെട്ട് പഠിച്ചിട്ട് തന്നെ )നേടിയ RLV രാമകൃഷ്ണന്‍ തല്‍ക്കാലം കറുത്ത് തന്നെ ഇരിക്കട്ടെ. ‘പത്മ’കള്‍ക്ക് വേണ്ടി യാചിക്കുന്ന ആശാന്മാരുടെ കാലത്ത് കലയുടെ തേര് തെളിച്ച് ധീരമായ് മുന്നോട്ട് പോവുക പ്രിയ സുഹൃത്തെ’ എന്നാണ് ജോയ് മാത്യു പറഞ്ഞത്.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ഡോ ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികള്‍. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം.

ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാല്‍ സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞിരുന്നു. പിന്നാലെ, ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്തെത്തുകയായിരുന്നു.

അതേസമയം കറുത്ത നിറമുള്ളവര്‍ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവര്‍ത്തിച്ച് പറയുകയാണ് കലാമണ്ഡലം സത്യഭാമ. കൂടുതല്‍ കടുത്ത ഭാഷയില്‍ ഇവര്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു.

‘മോഹനന്‍ മോഹിനിയാട്ടം കളിച്ചാല്‍ ശരിയാവില്ല. മോഹിനിയാട്ടം കളിക്കണമെങ്കില്‍ അത്യാവശ്യം സൗന്ദര്യം വേണം. നിറത്തിന് സൗന്ദര്യത്തില്‍ പ്രാധാന്യമുണ്ട്. ഇല്ലെങ്കില്‍ ഏതെങ്കിലും കറുത്ത കുട്ടിക്ക് സൗന്ദര്യമത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ടോ? ആരൊക്കെ വന്നാലും എന്റെ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കും’ എന്നാണ് സത്യഭാമ പറഞ്ഞത്.

Vijayasree Vijayasree :