കുഞ്ചാക്കോ ബോബനെ നായകനാക്കി ടിനു പാപ്പച്ചന് സംവിധാനം ചെയ്ത ചിത്രമായിരുന്നു ചാവേര്‍. വന്‍ ഹൈപ്പോടെ എത്തിയ ചിത്രത്തിനെതിരെ ഡിഗ്രേഡിംഗ് നടക്കുന്നുവെന്ന് അണിയറ പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. ഇപ്പോഴിതാ റിലീസ് ചെയ്ത് ഒരുമാസം പിന്നിടുമ്പോള്‍ ചാവേര്‍ ഒടിടിയില്‍ എത്താന്‍ ഒരുങ്ങുകയാണ്. ഈ അവസരത്തില്‍ ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ ജോയ് മാത്യു കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.
‘ഒറിജിനല്‍ കമ്മ്യൂണിസ്റ്റുകാര്‍ ഇഷ്ടപ്പെടുകയും വ്യാജര്‍ അനിഷ്ടപ്പെടുകയും ചെയ്ത സിനിമ ഇനി നിങ്ങളുടെ വീടിന്റെ അകത്തളങ്ങളിലും. അതുകൊണ്ട് ആരും ഓടിയൊളിക്കേണ്ട ശ്രദ്ധിക്കുക: വ്യാജര്‍ ഇപ്പോള്‍ കമന്റ് ബോക്സില്‍ ചുരുളിയിലെ ഡയലോഗ് കാച്ചും, വായിച്ചു രസിപ്പിന്‍’, എന്നാണ് ചാവേര്‍ ഒടിടി പോസ്റ്റര്‍ പങ്കുവച്ച് ജോയ് മാത്യു കുറിച്ചത്.
ഒക്ടോബര്‍ അഞ്ചിന് റിലീസ് ചെയ്ത ചിത്രമാണ് ചാവേര്‍. പ്രഖ്യാപനം മുതല്‍ ശ്രദ്ധനേടിയ ചിത്രമൊരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയിരുന്നു. ആന്റണി വര്‍ഗീസ്, അര്ജുന് അശോകന്, മനോജ് കെ യു എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രം നവംബര്‍ 24നാണ് ഒടിടിയില്‍ എത്തുന്നത്. സോണി ലിവിന് ആണ് ഓടിടി അവകാശം വിറ്റുപോയിരിക്കുന്നത്.
അജഗജാന്തം എന്ന ചിത്രത്തിന് ശേഷം ടിനു പാപ്പച്ചന് സംവിധാനം ചെയ്ത ചിത്രമാണ് ചാവേര്‍. രാഷ്ട്രീയ കൊലപാതകങ്ങളേയും ജാതി വിവേചനങ്ങളേയും ദുരഭിമാനക്കൊലയേയും പ്രമേയാക്കിയ ചിത്രം നിരൂപക പ്രശംസ നേടിയിരുന്നു. ആന്റണി വര്‍ഗീസ് ആദ്യമായി ഫൈറ്റ് ഇല്ലാതെ അഭിനയിച്ച ചിത്രം കൂടിയായിരുന്നു ചാവേര്‍. കണ്ണൂര്‍ പശ്ചാത്തലമാക്കി ഒരുങ്ങിയ ചിത്രം നിര്‍മിച്ചത് കാവ്യ ഫിലിം കമ്പനി, അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളാണ്.