എന്റെ മകനിൽ നിന്നും പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ്, ഞാൻ എല്ലാം തികഞ്ഞ അമ്മയാകേണ്ട ആവശ്യമില്ല.. എന്റെ സാന്നിധ്യം മാത്രം അവന്റെയടുത്ത് ഉണ്ടായാല്‍ മതി”, ജ്യോത്സ്ന പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരിലൊരാളാണ് ജ്യോത്സ്‌ന രാധാകൃഷ്ണൻ. 2002 ൽ പ്രണയമണിത്തൂവല്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ജ്യോത്സ്ന മലയാള സിനിമയിലേക്ക് എത്തുന്നത്. എന്നാൽ നമ്മള്‍ എന്ന ചിത്രത്തിലെ സുഖമാണീ നിലാവ് എന്ന പാട്ടിലൂടെയാണ് ജ്യോത്സ്ന മലയാളികൾക്ക് പ്രിയങ്കരിയായി മാറുന്നത്. സ്വപ്നക്കൂടിലെ കറുപ്പിനഴക്, പെരുമഴക്കാലത്തിൽ മെഹറുബ, ലൂസിഫറിലെ റാഫ്ത്താര എന്നിങ്ങനെ പോകുന്നു ജ്യോത്സനയുടെ സ്വരമാധുരിയിൽ പിറന്ന ഗാനങ്ങൾ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്കിലുമെല്ലാം ജ്യോത്സ്ന പാടിയിട്ടുണ്ട്.

മെലഡിയും അടിച്ചുപൊളി പാട്ടുമെല്ലാം ഒരുപോലെ വഴങ്ങുന്ന ഗായികയാണ് ജ്യോത്സ്ന. മലയാളത്തിലെ ഏറ്റവും എനർജറ്റിക് ഗായികമാരിൽ ഒരാളായാണ് ജ്യോത്സ്നയെ ആരാധകർ വിശേഷിപ്പിക്കാറുള്ളത്. നൂറ്റിമുപ്പതിലേറെ സിനിമ ഗാനങ്ങളും ഇരുന്നൂറിലധികം ആല്‍ബങ്ങളിലും ജ്യോത്സ്ന പാടിയിട്ടുണ്ട്. ഇതിൽ പലതും സൂപ്പർ ഹിറ്റുകളാണ്. നിലവിൽ റിയാലിറ്റി ഷോ ജഡ്ജായി ടെലിവിഷനിൽ സജീവമാണ് താരം. സോഷ്യൽ മീഡിയയിലും സജീവമാണ് ജ്യോത്സ്ന. തന്റെ പുതിയ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.

2010 ൽ ആയിരുന്നു ജ്യോത്സ്നയുടെ വിവാഹം. ശ്രീകാന്ത് സുരേന്ദ്രൻ എന്ന സോഫ്റ്റ്വെയർ എഞ്ചിനിയറെയാണ് താരം വിവാഹം ചെയ്തത്. ഒരു മകനാണ് ഇവർക്കുള്ളത്. കുഞ്ഞു ജനിച്ചതോടെ തന്റെ ജീവിതം മാറിയെന്ന് ജ്യോത്സ്ന ഒരിക്കൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ മകന്റെ ജന്മദിനത്തിൽ ഹൃദ്യമായ ഒരു കുറിപ്പ് പങ്കുവച്ചെത്തിയിരിക്കുകയാണ് ജ്യോത്സ്ന. നീണ്ട നിയന്ത്രണങ്ങൾക്കൊടുവിലുള്ള മനോഹരമായ പിറന്നാളായിരുന്നു ഇതെന്നും മകൻ കുഞ്ഞായിരുന്നപ്പോൾ മുതലുള്ള ഓരോ ഓർമയിലേക്കും തന്റെ മനസ്സ് ഇപ്പോൾ മടങ്ങി ചെല്ലുകയാണെന്നും ജ്യോത്സ്ന കുറിച്ചു.”

പത്തോ പന്ത്രണ്ടോ വയസ്സ് വരെ മാത്രമേ കുട്ടികൾ തങ്ങളുടെ മാതാപിതാക്കളെ നിരുപാധികമായി സ്നേഹിക്കുകയും ജീവിതത്തിലെ ഏറ്റവും മികച്ച വ്യക്തിത്വങ്ങളായി അവരെ കാണുകയും ചെയ്യുകയുള്ളുവെന്ന് പലരും പറയാറുണ്ട്. ആ പ്രായത്തിനു ശേഷം അവർ തങ്ങളുടെ സ്വന്തം വഴി കണ്ടെത്തുകയും അഭിപ്രായങ്ങൾ പറയുകയും സുഹൃത്തുക്കളെ തിരഞ്ഞെടുക്കുകയും സ്വന്തമായി ഒരു ലോകം സൃഷ്ടിച്ചെടുക്കുകയും ചെയ്യുമെന്നാണ് പൊതുവെ പറയപ്പെടുന്നത്.

എന്റെ കു‍ഞ്ഞിന് ഇന്നലെ എട്ട് വയസ്സ് തികഞ്ഞു. കഴിഞ്ഞ കുറച്ചു കാലമായി ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങൾ അവസാനിപ്പിച്ചു കൊണ്ടുള്ളതായിരുന്നു ഈ പിറന്നാൾ. എങ്കിലും ഒരു അമ്മയെന്ന നിലയിലുള്ള പല ചിന്തകളും എന്റെ മനസ്സിൽ നിറഞ്ഞു. കുഞ്ഞുങ്ങൾ വേഗം വളരണമെന്നും സ്വതന്ത്രരാകണമെന്നും എല്ലാവരും ആഗ്രഹിക്കാറുണ്ട്. അതുവഴി മാതാപിതാക്കള്‍ക്കും തങ്ങളുടേതായ സമയം കണ്ടെത്താമല്ലോ.
എന്നാല്‍ പിന്നീട് അവരുടെ പഴയ ചിത്രങ്ങള്‍ കാണുമ്പോൾ ആ പൂർവ കാലത്തിലേക്കു മടങ്ങിച്ചെല്ലാൻ മാതാപിതാക്കൾ ആഗ്രഹിക്കും.

കുഞ്ഞുങ്ങളുടെ ആദ്യത്തെ നടത്തം, ആദ്യത്തെ പല്ല്, ആദ്യ സ്കൂൾ ദിനം തുടങ്ങിയതടക്കമുള്ള നല്ലോർമ കാലത്തിലേക്ക് നാം അറിയാതെ എത്തിച്ചേരും.ഞാൻ എല്ലാ ദിവസവും എന്റെ മകനിൽ നിന്നും പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ്, അവൻ എന്നെ പലതും പഠിപ്പിക്കുന്നു. ഞാൻ എല്ലാം തികഞ്ഞ അമ്മയാകേണ്ട ആവശ്യമില്ല. എന്റെ സാന്നിധ്യം മാത്രം അവന്റെയടുത്ത് ഉണ്ടായാല്‍ മതി”, ജ്യോത്സ്ന കുറിച്ചു. നിരവധി പേരാണ് ജ്യോത്സ്നയുടെ പോസ്റ്റിന് താഴെ മകന് ജന്മദിനാശംസകൾ നേർന്ന് കമന്റ് ചെയ്യുന്നത്. ശിവം എന്നാണ് ജ്യോത്സ്നയുടെ മകന്റെ പേര്. മകന്റെയും അച്ഛന്റെയും ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ജ്യോത്സ്നയുടെ പോസ്റ്റ്.

AJILI ANNAJOHN :