തെലുങ്ക് നടൻ ജോണ്‍ കോട്ടോളി അന്തരിച്ചു!

തെലുങ്ക് സിനിമ, സീരിയല്‍ നടനും, ടിവി അവതാരകനുമായ ജോണ്‍ കോട്ടോളി(41) അന്തരിച്ചു. ഹൈദരാബാദില്‍ വെച്ച്‌ ഹൃദയാഘാതാത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

മനു എന്ന സിനിമയില്‍ അക്ബര്‍ എന്ന കേന്ദ്ര കഥാപാത്രമായി എത്തിയ ജോണ്‍, മഹാനടി, യുദ്ധം ശരണം, ഫലകനുമദാസ് എന്നി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ജോണിന്റെ ഷോര്‍ട്ട് ഫിലിമുകളും ശ്രദ്ധേയമായിരുന്നു. സിനിമയിലേക്ക് എത്തുന്നതിന് മുന്‍പ് നാടകങ്ങളില്‍ ജോണ്‍ മികവ് കാണിച്ചിരുന്നു. നിരവധി സിനിമകളിലേക്ക് ക്ഷണം ലഭിച്ചെങ്കിലും കുറച്ച്‌ സിനിമകള്‍ മാത്രമാണ് ജോണ്‍ തെരഞ്ഞെടുത്തിരുന്നത്. ഗോഡ്‌സ് ഓഫ് ധര്‍മപുരി എന്ന വെബ് സീരിസില്‍ അഭിനയിച്ചുവരികെയാണ് മരണം.

ഇരിങ്ങാലക്കുടയിലാണ് ജോണ്‍ ജനിച്ചതെങ്കിലും പഠിച്ചതും വളര്‍ന്നതും ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ്. സിനിമ, സീരിയല്‍ രംഗത്തെത്തിയതോടെ ഹൈദരാബാദിലേക്ക് താമസം മാറ്റി. ഇരിങ്ങാലക്കുട ഗാന്ധിഗ്രാം സ്വദേശി കോട്ടോളി ഡേവിസിന്റേയും ആനിയുടേയും മകനാണ്. സംസ്‌കാര ചടങ്ങുകള്‍ വെള്ളിയാഴ്ച ഹൈദരാബാദില്‍ നടക്കും. തെലുങ്ക് സിനിമാ മേഖലയിലെ നിരവധി പേര്‍ ജോണിന് ആദരാഞ്ജലി അര്‍പ്പിച്ചെത്തി.

john kottoli dead

Vyshnavi Raj Raj :