18 മാസത്തെ സൈനിക സേവനത്തിന് ശേഷം തിരിച്ചെത്തി ജിന്‍; ഗംഭീര വരവേല്‍പ്പ്; 1000 ആരാധകരെ ആലിംഗനം ചെയ്ത് താരം

ഭാഷാഭേദമന്യേ ലോകം മുഴുവന്‍ കോടിക്കണക്കിന് ആരാധകരുള്ള കൊറിയന്‍ സംഗീത ബാന്റ്. ബിടിഎസ് ആല്‍ബങ്ങളുടെ ബീറ്റ്‌സ് സംഗീതാസ്വാദകരല്ലാത്തവരെപ്പോലും ചുവടുവയ്പ്പിക്കും എന്നാണ് ആരാധകര്‍ പറയുന്നത്. 2022 ജൂണില്‍ ബിടിഎസ് നടത്തിയ വേര്‍പിരിയല്‍ പ്രഖ്യാപനം ഇങ്ങ് കേരളത്തില്‍ വരെ ആരാധകര്‍ക്കിടയില്‍ വലിയ ആഘാതമാണ് സൃഷ്ടിച്ചത്.

സ്വതന്ത്ര സംഗീത ജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സംഘം പിരിയുന്നതെന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കിലും നിര്‍ബന്ധിത സൈനികസേവനത്തിന് പോകാനാണിതെന്നെന്ന് പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ പതിനെട്ട് മാസത്തോളം നീണ്ട സൈനിക സേവനത്തിന് ശേഷം ബിടിഎസ് അംഗമായ ജിന്‍ തിരിച്ചെത്തിയിരിക്കുകയാണ്.

ബിടിഎസിലെ ഏറ്റവും മുതിര്‍ന്ന ആംഗമാണ് ജിന്‍. പുറത്തെത്തിയ ജിന്നിന് വന്‍ വരവേല്‍പ്പാണ് ബിടിഎസ് ആര്‍മി നല്‍കിയത്. നിരവധി ആരാധകരും ജിന്നിനെ കാണാനെത്തിയിരുന്നു. കഴിഞ്ഞ ദിവസം സിയോളില്‍ താരത്തിന് സ്വാഗതമൊരുക്കി സംഘടപ്പിച്ച പരിപാടിയില്‍ ആയിരം ആരാധകരെയാണ് ജിന്‍ ആലിംഗനം ചെയ്തത്. ജിന്നിന്റെ ഈ തിരിച്ചുവരവ് ആഘോഷം ഏറെ ശ്രദ്ധ നേടിയിരുന്നു.

ജിന്‍ സൈനിക സേവനം കഴിഞ്ഞ് പുറത്തെത്തിയെങ്കിലും ബാക്കി ആറ് പേരും സേവനം തുടരുകയാണ്. ജെഹോപ്പ്, ആര്‍എം, വി, ജിമിന്‍, ജങ്കൂക്ക് എന്നിവരാണ് ബിടിഎസ് ബാന്‍ഡിലെ മറ്റ് അംഗങ്ങള്‍. എന്നാല്‍ 2025 ഓടെ നിര്‍ബന്ധിത സൈനിക സേവനം പൂര്‍ത്തിയാക്കി താരങ്ങള്‍ എല്ലാവരും മാസങ്ങളുടെ ഇടവേളകള്‍ക്കുള്ളില്‍ തിരിച്ചെത്തും. ഓരോരുത്തരും മടങ്ങി വരുന്ന തീയതികള്‍ ഔഗ്യോഗിക അറിയിച്ചിട്ടുണ്ട്.

2025 ജൂണ്‍ 10നാണ് ആഎമ്മും വിയും എത്തുന്നത്. അതേ മാസം തന്നെ ജിമിന്റെയും സുഗയുടെയും സേവന കാലാവധി അവസാനിക്കും. ജിമിന്‍ ആണ് അവസാനമായി സൈന്യത്തിലേയ്ക് പോയത്. സുഗ, തോളെല്ലിനു പരുക്ക് പറ്റി കുറച്ചു നാള്‍ പട്ടാള ക്യാംപില്‍ ചികിത്സയിലായിരുന്നു. 2025ല്‍ തങ്ങള്‍ മടങ്ങിവരുമെന്ന് ബിടിഎസ് ആരാധകര്‍ക്ക് വാക്ക് നല്‍കിയിരുന്നു.

ബാന്‍ഡ് രൂപീകരിച്ച് ഒമ്പതു വര്‍ഷം പൂര്‍ത്തിയായതിനു ശേഷമായിരുന്നു വേര്‍പിരിയല്‍ പ്രഖ്യാപിച്ചത്. ദക്ഷിണ കൊറിയയിലെ നിയമമനുസരിച്ച് 18നും 28നും ഇടയില്‍ പ്രായമുള്ള ആരോഗ്യവാന്‍മാരായ പുരുഷന്‍മാരെല്ലാരും നിര്‍ബന്ധമായും രാജ്യസേവനം ചെയ്തിരിക്കണം. 18 മുതല്‍ 21 മാസം വരെ നീളുന്ന സേവനമാണിത്.

സൈനിക സേവനം ഒഴിവാക്കാനായി ബിടിഎസിന്റെ കമ്പനിയായ ബിഗ് ഹിറ്റ്‌സ് ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഒരോരുത്തരായി സൈനിക പരിശീലനത്തിലേയ്ക്ക് കടക്കുകയായിരുന്നു. എന്നാല്‍ ബിടിഎസ് അംഗങ്ങള്‍ക്കു രണ്ടു വര്‍ഷത്തെ പ്രത്യേക ഇളവ് നല്‍കിയിരുന്നു. സേവനം അവസാനിപ്പിച്ച് എത്തുന്ന ബിടിഎസിനെ വരവേല്‍ക്കനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Vijayasree Vijayasree :