മഞ്ഞു മാറ്റുന്നതിനിടെ അപകടം, മുപ്പതിലധികം അസ്ഥികള്‍ ഒടിഞ്ഞു; ജീവിതത്തിലേയ്ക്ക് തിരിച്ചു വരുന്നതായി അവഞ്ചേഴ്‌സ് താരം ജെറമി റെന്നര്‍

മഞ്ഞു മാറ്റുന്നതിനിടെ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ അവഞ്ചേഴ്‌സ് താരം ജെറമി റെന്നറിന്റെ ആരോഗ്യ നിലയില്‍ പുരോഗതി. പരിക്കേറ്റ മുഖത്തിന്റെ സെല്‍ഫി ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത അദ്ദേഹം, ആരാധകരോടു നന്ദി പറഞ്ഞു. മുപ്പതിലധികം അസ്ഥികള്‍ അപകടത്തില്‍ ഒടിഞ്ഞെന്നും അദ്ദേഹം ആരാധകരോട് പറഞ്ഞു. ഞായറാഴ്ച നെവാഡയിലെ റെനോയിലുള്ള വീടിനുസമീപത്തായിരുന്നു അപകടം.

ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ അന്നുതന്നെ ആകാശമാര്‍ഗം ആശുപത്രിയിലേക്കു മാറ്റിയിരുന്നു. മഞ്ഞു കോരാനുപയോഗിക്കുന്ന ഉപകരണം ഘടിപ്പിച്ച വാഹനത്തിലെ ഉപകരണം (സ്‌നോ പ്ലൗ) റെന്നറിന്റെ മേല്‍ വീഴുകയായിരുന്നു. കാറിനേക്കാള്‍ മൂന്നിരട്ടി ഭാരമുള്ള (6.5 ടണ്‍) ഉപകരണമാണ് ഇത്.

വാഷോവിലെ അതിശൈത്യമുള്ള പ്രദേശത്താണ് ജെറമി റെന്നര്‍ താമസിക്കുന്നത്. മഞ്ഞുവീഴ്ചയെ തുടര്‍ന്ന് പുതുവര്‍ഷത്തിന്റെ തലേന്ന് അവിടെ 35,000 വീടുകളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരുന്നു. ബന്ധു ഉപയോഗിച്ചിരുന്ന റെന്നറിന്റെ കാര്‍ വീടിനടുത്ത് മഞ്ഞില്‍ കുടുങ്ങിയപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനാണ് റെന്നര്‍ എത്തിയത്.

സ്‌നോ പ്ലൗവുമായി എത്തിയ റെന്നര്‍ മഞ്ഞു മാറ്റി കാറിന്റെ യാത്രാതടസ്സം മാറ്റി. പിന്നാലെ ബന്ധുവിനോടു സംസാരിക്കാന്‍ അദ്ദേഹം വാഹനത്തില്‍നിന്നിറങ്ങിച്ചെല്ലുകയും സ്‌നോ പ്ലൗ തനിയെ നീങ്ങുകയുമായിരുന്നു. പെട്ടെന്നു തന്നെ വാഹനം നിര്‍ത്താന്‍ റെന്നര്‍ ശ്രമിച്ചപ്പോള്‍ ഉപകരണത്തിന്റെ വലിയൊരു ഭാഗം അദ്ദേഹത്തിന്റെ മേല്‍ വീഴുകയായിരുന്നു.

Vijayasree Vijayasree :