നടിയും ഗായികയുമായ ജെന്നിഫര്‍ ലോപ്പസിനെതിരെ പരാതിയുമായി ഫോട്ടോഗ്രാഫര്‍

നടിയും ഗായികയുമായ ജെന്നിഫര്‍ ലോപ്പസിനെതിരെ പരാതിയുമായി ന്യൂയോര്‍ക്ക് സിറ്റി ഫോട്ടോഗ്രാഫര്‍ സ്റ്റീവ് സാന്‍ഡ്‌സ്. താനെടുത്ത ജെന്നിഫര്‍ ലോപ്പസിന്റെ ചിത്രം തന്റെ അനുവാദമില്ലാതെ അവര്‍ ഇന്‍സ്റ്റയില്‍ പങ്കുവെച്ചതിനെതിരെയാണ് നിയമ നടപടി. ജെന്നിഫറും അവരുടെ പ്രൊഡക്ഷന്‍ കമ്ബനിയായ ന്യൂയോറിക്കന്‍ പ്രൊഡക്ഷന്‍സും അവരുടെ ബ്രാന്‍ഡ് പ്രോത്സാഹിപ്പിക്കുന്നതിനായി താനെടുത്ത ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ ഉപയോഗിച്ചു എന്നാണ് ഫോട്ടോഗ്രാഫര്‍ സ്റ്റീവ് സാന്‍ഡ്‌സിന്റെ ആരോപണം എന്ന് ഇ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

2017 ജൂണ്‍ 23നാണ് ലോപ്പസ് ഈ ചിത്രം ഇന്‍സ്റ്റയില്‍ പങ്കുവെച്ചത്. ഇതുവരെ 650,000 ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. താനെടുത്ത ചിത്രം ഉപയോഗിക്കുന്നതിന് നടി തനിക്ക് കാശ് നല്‍കുകയോ തന്റെ അനുവാദം ചോദിക്കുകയോ ചെയ്തിരുന്നില്ലെന്ന് മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതിയില്‍ തിങ്കളാഴ്ച സമര്‍പ്പിച്ച ഹര്‍ജിയില്‍ സാന്‍ഡ്‌സ് പറയുന്നു. അഭിഭാഷകന്റെ ഫീസടക്കം തനിക്ക് നടി 1.14 കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നാണ് ഫോട്ടോഗ്രാഫറുടെ ആവശ്യം. അതേസമയം പരാതിയെ കുറിച്ച് ജെന്നിഫര്‍ ലോപ്പസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Jennifer Lopez

Noora T Noora T :