ജെന്നിഫർ ലോപ്പസും ബെൻ അഫ്‌ളെക്കും വിവാഹമോചിതരാകുന്നുവെന്ന് റിപ്പോർട്ടുകൾ

ഹോളിവുഡിൽ നിരവധി ആരാധകരുള്ള താരങ്ങളാണ് ജെന്നിഫർ ലോപ്പസും ബെൻ അഫ്‌ളെക്കും. ഇപ്പോഴിതാ ഇരുവരും വേർപിരിയുന്നുവെന്നാണ് വിവരം. രണ്ട് വർഷത്തെ വിവാഹ ജീവിതമാണ് ഇരുവരും അവസാനിപ്പിക്കാൻ തയ്യാറെടുക്കുന്നത്. കുറച്ചുനാളുകൾക്ക് മുൻപ് ലോസ് ആഞ്ജലീസിലെ സ്വന്തം വീട്ടിലേക്ക് ജെന്നിഫർ താമസം മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ചർച്കൾക്ക് തുടക്കമായിരിക്കുന്നത്.

വിവാഹശേഷം ബെവർലി ഹിൽസിലെ ആഡംബര വസതിയിലാണ് താരങ്ങൾ താമസിച്ചിരുന്നത്. ഇവിടുന്ന് ഇതുവരെയും ഇവർ മാറിയിട്ടില്ലായിരുന്നു. ജെന്നിഫർ പണം ചെലവഴിക്കുന്ന രീതിയിൽ അഫ്‌ളെക്കിന് എതിർപ്പുണ്ടായിരുന്നുവെന്നാണ് വിവരം. ഇത്തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഒഴിവാക്കുന്നതിനായി തന്നെ വിവാഹിതരായതിന് ശേഷം എല്ലാ ചെലവുകളും നോക്കിയിരുന്നത് ജെന്നിഫറാണ്.

പ്രൈവറ്റ് ജെറ്റ്, ആഡംബര ഹോട്ടലിലെ താമസം എന്നിവയ്ക്ക് വേണ്ടിയും ഒരുപാട് പണം ചെലവാക്കി. വിവാഹത്തിന് ശേഷം വീട് വാങ്ങിയപ്പോൾ മുക്കാൽ ഭാ​ഗം പണം മുടക്കിയതും ജെന്നിഫറായിരുന്നു. എന്നാൽ ഓദ്യോഗികമായി വിവാഹമോചനം നേടിയതിന് ശേഷം അഫ്‌ളെക്കിന്റെ ആസ്തിയുടെ പകുതി ജെന്നിഫർ ആവശ്യപ്പെടുമെന്നാണ് ഹോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

600 കോടിയോളം രൂപയാണ് ജെന്നിഫർ ചോദിക്കുന്നതെന്നും വിവരമുണ്ട്. 3300 കോടിയോളമാണ് ജെന്നിഫറിന്റെ നിലവിലുള്ള ആസ്തി. അതേസമയം, ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും, കുറച്ച് നാളുകൾക്ക് മുമ്പ് വിവാഹ മോതിരമില്ലാതെ അഫ്‌ലെക്കിനെ കണ്ടതും വിവാഹമോചന വാർത്തകളുടെ ആക്കം കൂട്ടുന്നതായിരുന്നു.

2001-ൽ ‘ഗിഗ്ലി’ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ജെന്നിഫർ ലോപ്പസും ബെൻ അഫ്‌ളെക്കും പരിചയപ്പെടുന്നത്. 2002 നവംബറിൽ വിവാഹനിശ്ചയം നടത്തി. എന്നാൽ 2004-ന്റെ തുടക്കത്തിൽ ലോപ്പസ് വിവാഹം വേണ്ടെന്ന് വെക്കുകയും ഇതേ വർഷം ജൂണിൽ ഗായകൻ മാർക്ക് ആന്റണിയെ വിവാഹം കഴിക്കുകയും ചെയ്തു.

2008-ൽ ഈ ദമ്പതിമാർക്ക് മാക്സ്, എമ്മ എന്നീ ഇരട്ടക്കുട്ടികൾ ജനിച്ചു. 2005-ൽ ബെൻ നടി ജെന്നിഫർ ഗാർണറെ വിവാഹം കഴിച്ചു. 2017-ൽ ഇരുവരും വിവാഹമോചിതരായി. 2021 മെയ് മാസത്തിലാണ് ജെന്നിഫർ ലോപ്പസും ബെൻ അഫ്ളെക്കും വീണ്ടും ഒന്നിക്കുന്നത്. 2022 ജൂലൈ മാസത്തിലായിരുന്നു വിവാഹം.

Vijayasree Vijayasree :