
ത്രില്ലര്‍ സിനിമകളിലൂടെ മലയാളിപ്രേക്ഷകരുടെ ഹൃദയം കൈയ്യടക്കിയ സംവിധായകനാണ് ജീത്തുജോസഫ്. ദൃശ്യത്തിന്റെ റീമേക്കായ പാപനാശത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച ജീത്തു ജോസഫ് രണ്ടാമങ്കത്തിന് തയ്യാറെടുക്കുകയാണ് . കാര്‍ത്തിയെ നായകനാക്കി ജീത്തു ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രിലില്‍ ആരംഭിക്കും. ചിത്രത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം.
മലയാളത്തിനും തമിഴിനും പുറമേ ബോളിവുഡിലും ജീത്തു ചിത്രമൊരുക്കുന്നുണ്ട്. ഇമ്രാന്‍ ഹാഷ്മി, റിഷി കപൂര്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. 2013ല്‍ പുറത്തിറങ്ങിയ സ്പാനിഷ് സിനിമയായ ‘ദി ബോഡി’യുടെ റീമേക്കാണ് ചിത്രം. പൊലീസുകാരനായാണ് റിഷി കപൂര്‍ ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം തന്നെ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് കരുതുന്നത്.
മലയാളത്തില്‍ മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയാണ് ജീത്തുവിന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ചിത്രത്തില്‍ കാളിദാസ് ജയറാമാണ് നായകന്‍. ക്വട്ടേഷന്‍ സംഘത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന അഞ്ച് ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. അപര്‍ണ്ണ ബാലമുരളിയാണ് ചിത്രത്തില്‍ നായിക. മമ്മി ആന്‍ഡ് മി , മൈ ബോസ് എന്ന ഈ ചിത്രങ്ങള്‍ക്ക് ശേഷം ജീത്തു ജോസഫ് കോമഡിക്കു പ്രാധാന്യം നല്‍കി ചെയ്യുന്ന ചിത്രമാണിത്. ജീത്തു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ശ്രീഗോകുലം മൂവീസും വിന്റേജ് ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഈ മാസം 22 ന് തിയേറ്ററുകളിലെത്തും.
ഡിറ്റക്റ്റീവ്, മമ്മി ആൻഡ് മി,മൈ ബോസ് ,മെമ്മറീസ്,ദൃശ്യം,ആദി ,ഊഴം ,ലൈഫ് ഓഫ് ജോസൂട്ടി എന്നിവയാണ് ജീത്തു സംവിധാനം ചെയ്ത മലയാളം ചിത്രങ്ങൾ. കമലിനെ നായകനാക്കി ദൃശ്യത്തിന്റെ തമിഴ് റീമെയ്ക്ക് ആയ പാപനാശവും ജീത്തു സംവിധാനം ചെയ്തു.

jeethu joseph’s new filim