നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ജയസൂര്യ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ‘ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍’ എന്ന ചിത്രം മുതല്‍ ഇങ്ങോട്ട് വ്യകത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ താരം ചെയ്തിട്ടുണ്ട്.
അതില്‍ എടുത്ത് പറയണ്ടേ ചിത്രമാണ് ‘ഞാന്‍ മേരിക്കുട്ടി’. തന്റെ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടിയ വേഷമാണിതെന്ന് താരം നേരത്തെ തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ആ കഥാപാത്രം ചെയ്യാന്‍ കഴിയാതെ പാക്കപ്പ് പറയാന്‍ പോയതിനെ കുറിച്ചാണ് ജയസൂര്യ വീണ്ടും സംസാരിച്ചിരിക്കുന്നത്.
നമ്മള്‍ നമ്മുടെ ഉള്ളിലെ സ്ത്രീയെ തിരിച്ചറിഞ്ഞ മൊമന്റ് ആയിരുന്നു അത്. നമ്മളെ ഉടച്ചു കളയുക എന്നൊക്കെ പറയില്ലേ. അതായിരുന്നു ആ സിനിമ. ജയസൂര്യക്ക് ഒന്നും ഒരു റോളുമില്ലെന്ന് പറയില്ലേ, അങ്ങനെ ഒന്ന്. നിന്റെ ശരീരം ഇങ്ങ് തന്നേക്ക് എന്ന് പറയുന്ന ഒരു അവസ്ഥ ആയിരുന്നു. പരകായപ്രവേശമോ എന്താണ് അതിന്റെ വാക്ക് എന്നൊന്നും അറിയില്ല. എന്തായാലും നമ്മുക്കൊന്നും അവിടെ ഒരു റോളുമില്ലെന്ന് മനസിലായി.
മൂന്ന് ദിവസം ആ കഥാപാത്രം ചെയ്യാന്‍ പറ്റുന്നില്ലായിരുന്നു. അങ്ങനെ ഒരു ക്യാരക്ടറിലേക്ക് എത്താനോ ഒന്നും പറ്റിയില്ല. കാരവനില്‍ ഇരുന്ന് കരച്ചിലായിരുന്നു. നമ്മുക്ക് ചെയ്യാന്‍ പറ്റുമെന്ന കോണ്‍ഫിഡന്‍സിന് പോലും അവിടെ സ്ഥാനമില്ലാതായി. മൂന്ന് ദിവസം പെട്ട് പണ്ടാരമടങ്ങി പോയി. പാക്കപ്പ് ചെയ്യാമെന്ന് തന്നെ വിചാരിച്ചതാണ്. തനിക്ക് കഴിയില്ലെന്ന് പറഞ്ഞ് കൈകൂപ്പി നില്‍ക്കുന്ന ഒരു അവസ്ഥയിലേയ്ക്ക് എത്തി.
പക്ഷെ എന്തോ ദൈവത്തിന്റെ വലിയ സഹായമുണ്ടായി. അത് അങ്ങനെ സംഭവിച്ചതാണ് എന്നാണ് ജയസൂര്യ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തില്‍ 2018ല്‍ ആണ് ഞാന്‍ മേരിക്കുട്ടി എന്ന സിനിമ എത്തിയത്. അതേസമയം, ‘കത്തനാര്‍’ എന്ന സിനിമയാണ് ജയസൂര്യയുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ‘എന്താടാ സജി’ എന്ന ചിത്രമാണ് നടന്റെതായി റിലീസിന് ഒരുങ്ങുന്നത്.