കളമശ്ശേരിയില്‍ സംഘടിപ്പിച്ച കാര്‍ഷികോത്സവത്തില്‍ വെച്ച് നടന് ജയസൂര്യ പറഞ്ഞ വാക്കുകള്‍ ഏറെ വാര്‍ത്തയായിരുന്നു. കൃഷിക്കാര്‍ അനുഭവിക്കുന്നത് ചെറിയ പ്രശ്നങ്ങള്‍ അല്ലെന്നും നെല്ല് സംഭരിച്ചിട്ട് സപ്ലൈകോ പണം അനുവദിക്കുന്നില്ലെന്നും ജയസൂര്യ പറഞ്ഞിരുന്നു. കര്‍ഷകനും നടനുമായ കൃഷ്ണപ്രസാദിനെ ചൂണ്ടിക്കാട്ടിയായിരുന്നു ജയസൂര്യയുടെ പരാമര്‍ശം. മന്ത്രി പി രാജീവും കൃഷിമന്ത്രി പി. പ്രസാദും വേദിയിലിരിക്കെ ആയിരുന്നു ജയസൂര്യയുടെ വിമര്‍ശനം.

ഇപ്പോഴിതാ ഈ വിഷയത്തില്‍ കൃഷി മന്ത്രിയുടെ പ്രതികരണമാണ് വൈറലാകുന്നത്. മാസങ്ങള്‍ക്ക് മുമ്പേ മുഴുവന്‍ പൈസയും വാങ്ങിച്ചയാളുടെ പേരും പറഞ്ഞിട്ടാണ് ജയസൂര്യ കര്‍ഷകരുടെ പേരില്‍ തിരക്കഥ മെനഞ്ഞതെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറയുന്നത്. ഒന്നാം ദിവസം ചില സിനിമകള്‍ പൊട്ടിപ്പോകുന്നത് പോലെ ആ തിരക്കഥയും പടവും പൊട്ടിപ്പോയെന്നും അദ്ദേഹം നിയമസഭയില്‍ വെച്ച് പറഞ്ഞു.
യഥാസമയങ്ങളില്‍ കേന്ദ്രത്തിന്റെയോ സംസ്ഥാനത്തിന്റേയോ പൈസ കിട്ടാത്ത സാഹചര്യത്തില്‍ ആ പ്രശ്നം പരിഹരിക്കാന്‍ വേണ്ടിയിട്ടാണ് ബാങ്കുകളുമായി പി.ആര്.എസ്. സംവിധാനം നടപ്പിലാക്കിയത്. ഇത് നടപ്പിലാക്കിയപ്പോള്‍ ചിലര്‍ ഒരുപാട് കഥകള്‍ ഇറക്കി. ആ കഥകളില്‍ ഒന്നാണ് സിനിമാ നടനും ഇറക്കിയ കഥ. മാസങ്ങള്‍ക്ക് മുമ്പേ മുഴുവന്‍ പൈസയും വാങ്ങിച്ച ഒരാളുടെ പേരും പറഞ്ഞിട്ടാണ് ഒരു സിനിമാ താരം ഒരു പുതിയ തിരക്കഥ മെനഞ്ഞത്. ഒന്നാം ദിവസം തന്ന ചില സിനിമകള്‍ പൊട്ടിപ്പോകുന്നത് പോലെ ഈ തിരക്കഥയും പടവും പൊട്ടിപ്പോയി കൃഷി മന്ത്രി പറഞ്ഞു.
രണ്ട് മന്ത്രിമാരുടെ മുഖത്തു നോക്കി പറഞ്ഞ ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഓണമുണ്ണാന്‍ നിര്‍വ്വാഹമില്ലാതെ പൈസ ലഭ്യമാകാതെ ഇരിക്കുന്നു എന്നതായിരുന്നു. ഒരാളെ ചൂണ്ടിക്കാട്ടിത്തന്നെ ആയിരുന്നു അത് പറഞ്ഞത്. അദ്ദേഹം ഒരു രാഷ്ട്രീയ പ്രസ്ഥാനവുമായി വലിയ ബന്ധമുള്ള ആളായിരുന്നു. പാലക്കാട് ഉള്‍പ്പെടെ പോയി പ്രസംഗിക്കുകയും ചെയ്തു.
യഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട് എന്നതുകൊണ്ടാണ് കാര്യങ്ങള്‍ പറയുന്നത് എന്ന് പറഞ്ഞ മന്ത്രി, നടന് കൃഷ്ണപ്രസാദ് മാസങ്ങള്‍ക്ക് മുമ്പ് തന്നെ മുഴുവന്‍ പൈസയും കൈപ്പറ്റിയെന്നും വ്യക്തമാക്കി. മന്ത്രിമാരെ പരിപാടിയില്‍ വെച്ച് നിര്ത്തിപ്പൊരിച്ചതല്ല. പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ വളരെ മാന്യമായിത്തന്നെ ഒരു നിര്ത്തിപ്പൊരിക്കലുമല്ലാതെ അദ്ദേഹത്തിന് എന്തും പറയാം. അതിനുള്ള മറുപടി വേദിയില്‍ വെച്ചുതന്നെ വ്യവസായമന്ത്രി പി രാജീവ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
