നടൻ ജയറാമിന്റെ ജന്മദിനമാണ് ഇന്ന്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്. ഇപ്പോഴിതാ മക്കളായ കാളിദാസും മാളവികയും ജയറാമിനു ആശംസകളറിയിച്ച് പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. “എനിക്ക് വാങ്ങി നൽകുന്ന സാധനങ്ങൾക്കു പുറമെ വേറെ ചില കാര്യങ്ങൾക്ക് അപ്പയോട് നന്ദി പറയേണ്ടതുണ്ട്.ഹ്യൂമർ സെൻസ് ഞങ്ങളിലേക്കുമെത്തിച്ചതിന്, പ്രകൃതിയെ സ്നേഹിക്കാൻ പഠിപ്പിച്ചതിന്, കരുണ, മനുഷ്യസ്നേഹം, കഠിനാധ്വാനം എന്നിവ മനസ്സിലാക്കി തന്നതിന്, ഈ ലോകത്ത് ഏറ്റവും സുരക്ഷിതമായി തോന്നിപ്പിക്കുന്നതിന്, എന്നെ വിശ്വസിക്കുന്നതിന്, എല്ലാത്തിനുപരി നല്ലൊരു അച്ഛാനായതിന് . പിറന്നാൾ ആശംസകൾ അപ്പ” എന്നാണ് മാളവിക കുറിച്ചിരിക്കുന്നത്.
കുട്ടികാലത്ത് അച്ഛനൊപ്പം പകർത്തിയ ചിത്രം പങ്കുവച്ചു കൊണ്ടാണ് കാളിദാസ് പിറന്നാൾ ആശംസകൾ അറിയിച്ചത്. “എന്നും എന്റെ കൂടെയുണ്ടായിട്ടുണ്ട്, എന്നെങ്കിലും അതു തിരിച്ചു നൽകാനാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” കാളിദാസ് കുറിച്ചു. ചിത്രത്തിനൊപ്പം ഇരുവരും ഒന്നിച്ചഭിനയിച്ച് ‘കൊച്ചു കൊച്ചു സന്തോഷങ്ങൾ’ എന്ന ചിത്രത്തിലെ ബീജിയവും കാളിദാസ് നൽകിയിട്ടുണ്ട്. ‘സ്വന്തമായി ബീജിയമൊക്കെയുള്ള ആളുകളാ’ണെന്നാണ് ചിത്രത്തിനു ഒരു ആരാധകന്റെ കമന്റ്.
അതേസമയം രമേശ് പിഷാരടി കുറിച്ച ആശംസകുറിപ്പും ശ്രദ്ധ നേടുന്നു. “നിങ്ങൾ സിനിമയിലെത്തിയതും പത്മശ്രീ നേടിയതും കൊണ്ടാണ് വരേണ്യമല്ലാത്ത മിമിക്രി എന്ന കലയും കലാകാരനും മുഖ്യധാരായിലേക്ക് എത്തുന്നത്.വ്യക്തിപരമായി എനിക്ക് ഏറ്റവും കൂടുതൽ സിനിമകളിൽ അവസരം തന്ന നായകൻ, ഏറ്റവും കൂടുതൽ വേദികളിൽ ഒപ്പം നിന്ന നായകൻ,2018 വിഷു ദിനത്തിൽ നിങ്ങൾ തന്നെ ഉറപ്പാണ് ഞാൻ എന്ന സംവിധായകൻ ,പ്രിയപ്പെട്ട ജയറാമേട്ടന് ഹൃദയപൂർവം പിറന്നാൾ ആശംസകൾ” രമേഷ് കുറിച്ചു.
1988 പുറത്തിറങ്ങിയ അപരൻ എന്ന പത്മരാജൻ ചിത്രത്തിലൂടെയാണ് ജയറാം സിനിമയിലെത്തുന്നത്. പിന്നീട് പെരുവണ്ണാപുരത്തെ വിശേഷങ്ങൾ,ശുഭയാത്ര, സന്ദേശം, മാളൂട്ടി, പൊന്മുട്ടയിടുന്ന താറാവ്, മേലേപറമ്പിൽ ആൺവീട്, അയലത്തെ അദ്ദേഹം തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടി. 1992 ലാണ് ജയറാമും പാർവതിയും വിവാഹിതരായത്. വിവാഹ ശേഷം അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുന്ന പാർവതിയുടെ ചിത്രങ്ങൾ ജയറാമിടയ്ക്ക് സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. മണിരത്നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ പൊന്നിയിൻ സെൽവനാണ് ജയറാം അവസാനമായി അഭിനയിച്ച ചിത്രം.