ഞാന്‍ ചെറുപ്പകാലത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു, തലച്ചോറ് കൊണ്ട് ചിന്തിക്കാന്‍ കഴിയാത്ത കാലമായിരുന്നു; സംഘപരിവാറാണെങ്കില്‍ അത് തുറന്നുപറയാനുള്ള ആര്‍ജവം എനിക്കുണ്ട്; ജയമോഹന്‍

ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ എഴുത്തുകാരനും, തിരക്കഥാകൃത്തുമായ ബി. ജയമോഹന്‍ തന്റെ ബ്ലോഗിലെ ‘മഞ്ഞുമ്മല്‍ ബോയ്‌സ് കുടികാര പൊറുക്കികളിന്‍ കൂത്താട്ടം’ എന്ന ലേഖനത്തിലൂടെ വലിയ വംശീയത നിറഞ്ഞ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ വലിയ രീതിയിലുള്ള വിമര്‍ശനമാണ് കലാ സാംസ്‌കാരിക രംഗത്തുനിന്നും ജയമോഹനെതിരെ ഉയര്‍ന്നുവന്നത്.

ചിദംബരത്തിന്റെ അച്ഛന്‍, സതീഷ് പൊതുവാള്‍ ജയമോഹന്‍ സംഘപരിവാര്‍ അനുകൂലിയാണെന്നും അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ മാത്രം പ്രതീക്ഷിച്ചാല്‍ മതിയെന്നും പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ താന്‍ സംഘപരിവാറുകാരനല്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജയമോഹന്‍. ചെറുപ്പകാലത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നുവെന്നും എന്നാല്‍ തലച്ചോറ് കൊണ്ട് ചിന്തിക്കാന്‍ കഴിയാത്ത കാലമായിരുന്നു അതെന്നും ജയമോഹന്‍ പറയുന്നു.

‘എന്റെ ജീവിതത്തിലെ ഒരുകാര്യപോലും രഹസ്യമോ മറയുള്ളതോ അല്ല. സംഘപരിവാര്‍ എന്ന് മുദ്രകുത്തുന്നവരോട് എനിക്ക് പറയാനുളളൂ, ഒറ്റക്കാര്യമേയുള്ളൂ. സംഘപരിവാറാണെങ്കില്‍ അത് തുറന്നുപറയാനുള്ള ആര്‍ജവം എനിക്കുണ്ട്. ഞാന്‍ ചെറുപ്പകാലത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു. തലച്ചോറുകൊണ്ട് ചിന്തിക്കാന്‍ കഴിയാത്ത കാലമായിരുന്നു അത്.

പിന്നെ ഇന്ത്യയെന്ന രാജ്യത്തെക്കുറിച്ചും അതിന്റെ മഹത്തായ പാരമ്പര്യത്തെക്കുറിച്ചും ഞാന്‍ മനസ്സിലാക്കി. ഇന്ത്യയുടെ സാംസ്‌കാരികഭൂപടങ്ങളിലൂടെയെല്ലാം യാത്രചെയ്തു. അങ്ങനെ പരിപൂര്‍ണമായും അതില്‍നിന്ന് വിട്ടുപോന്നു. കാരണം ഞാന്‍ എഴുത്തുകാരനാണ്.

ഞാന്‍ ആവര്‍ത്തിച്ച് പറയുന്ന കാര്യമുണ്ട്: ഹൈന്ദവധര്‍മം വേറേ, ഹിന്ദുത്വം വേറേ. എല്ലാ ഹൈന്ദവരെയും ഹിന്ദുത്വത്തിന്റെ സംഘപരിവാറിന്റെ പാളയത്തിലേക്ക് ചവിട്ടിത്തള്ളുകയാണ് ഇത്തരം രാഷ്ട്രീയക്കാര്‍ ചെയ്യുന്നത്. സംഘപരിവാര്‍ മുന്നോട്ടുവെയ്ക്കുന്ന ഹിന്ദുത്വം വേറേയാണെന്ന് ഹൈന്ദവവിശ്വാസികളോട് ആവര്‍ത്തിച്ച് പറയുകയാണ് പുരോഗമന സ്വഭാവമുള്ളവര്‍ ചെയ്യേണ്ടത്.’ എന്നാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ ജയമോഹന്‍ പറഞ്ഞത്.

Vijayasree Vijayasree :