ബച്ചൻ കുടുംബത്തിലെ വിശേഷങ്ങളറിയാൻ പ്രേക്ഷകർക്കേറെ ഇഷ്ടമാണ്. ഇവരുടേതായി പുറത്തെത്താറുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അമിതാഭ് ബച്ചനാകട്ടെ, ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ്. ജയ ബച്ചൻ സിനിമയിൽ നിന്ന് മാറി രാഷ്ട്രീയത്തിലേയ്ക്ക് ശ്രദ്ധ നൽകിയിട്ട് ഏറെ നാളുകളായി. കുറച്ച് നാളുകളായി മരുമകൾ ഐശ്വര്യ റായ് വീട്ടുകാരുമായി അകൽച്ചയിലാണെന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്.

അതുപോലെ അമിതാഭ് ബച്ചന്റെയും ജയ ബച്ചന്റെയും മകൾ ശ്വേത ബച്ചനെക്കുറിച്ച് അറിയാനും ആരാധകർക്കേറെ ഇഷ്ടമാണ്. മിക്കപ്പോഴും തന്റെ മാതാപിതാക്കളുടെ വീട്ടിലാണ് ശ്വേത ബച്ചനെ കാണാറുള്ളത്. ഭർത്താവ് നിഖിൽ നന്ദയെ ഒപ്പം പൊതു വേദിയിൽ ശ്വേത എത്തിയിട്ട് വർഷങ്ങളായി.
1997ൽ ആയിരുന്നു ശ്വേത ബച്ചന്റെയും നിഖിൽ നന്ദയുടെയും വിവാഹം. നവ്യ നവേലി നന്ദ, അഗസ്ത്യ നന്ദ എന്നീ രണ്ട് മക്കളും ഇവർക്കുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ശ്വേതയും നിഖിൽ നന്ദയും പിരിഞ്ഞ് കഴിയുകയാണ്. ശ്വേതയ്ക്കും അഭിഷേകിനുമായി തന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗവും നീക്കി വെച്ച അമ്മയാണ് ജയ ബച്ചനെന്നാണ് ബോളിവുഡിലെ സംസാരം. മക്കളുടെ കാര്യത്തിൽ താൻ കർക്കശക്കാരിയായ അമ്മയായിരുന്നെന്ന് ജയ ബച്ചൻ പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ മക്കളെ വളർത്തിയതിനെക്കുറിച്ച് ജയ ബച്ചൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മക്കളെ തനിക്ക് തല്ലേണ്ടി വന്നിട്ടുണ്ടെന്ന് ജയ ബച്ചൻ തുറന്ന് പറഞ്ഞു. പ്രത്യേകിച്ചും ശ്വേതയെയാണ് അടിച്ചത്. പാവം, പല തവണ ശ്വേതയ്ക്ക് എന്റെ കയ്യിൽ നിന്നും അടി കിട്ടിയിട്ടുണ്ട്. എന്നാൽ അഭിഷേകിനെ അധികം തല്ലിയിട്ടില്ല.

അഭിഷേകും വികൃതിയായിരുന്നു. ശ്വേതയുടെ പെരുമാറ്റം ശരിയായിരുന്നില്ല. വളരെ ബുദ്ധിമുട്ടായിരുന്നു. എന്താണ് നീ ഇങ്ങനെ ചെയ്യുന്നതെന്ന് ഞാൻ ചോദിച്ചാൽ അവൾ പറയുന്ന കാരണം എനിക്കങ്ങനെ തോന്നിയെന്നാണ്. അതാണ് താൻ തല്ലാൻ കാരണം എന്നാണ് ജയ ബച്ചൻ പറയുന്നത്.
മകൾ ശ്വേത ബച്ചൻ വിവാഹിതയായപ്പോൾ അമിതാഭ് ബച്ചൻ്റെ ജീവിതത്തിൽ ഒരു ശൂന്യതയുണ്ടായിരുന്നുവെന്നും ഐശ്വര്യ റായ് തൻ്റെ വീട്ടിലേക്ക് മരുമകളായി എത്തിയപ്പോൾ ശൂന്യത ഇല്ലാതായിയെന്നും അഭിഷേകിനെ കാണുമ്പോഴെല്ലാം ബച്ചൻ സന്തോഷവാനാണെന്നും ജയ ബച്ചൻ പറഞ്ഞിരുന്നു. ഐശ്വര്യയെ വീട്ടിൽ കാണുമ്പോഴെല്ലാം ബച്ചന്റെ കണ്ണുകൾ തിളങ്ങുമായിരുന്നു.
വീട്ടിൽ വരുന്ന ശ്വേതയെ നോക്കി നിൽക്കുന്നപോലെയാണ് ഐശ്വര്യയെും അതേ സ്നേഹത്തോടെ നോക്കിയിരുന്നത്. ശ്വേത പോയപ്പോൾ ഉണ്ടായ ശൂന്യത ഐശ്വര്യ വന്നപ്പോൾ പൂർണമായി. ശ്വേത കുടുംബത്തിലില്ല മറ്റൊരു കുടുംബത്തിലേക്ക് പോയിയെന്നും ഇനി അവൾ ബച്ചൻ ഫാമിലി അല്ലെന്നത് ഉൾക്കൊള്ളാൻ വളരെ പ്രയാസം നേരിട്ടുവെന്നും ജയ ബച്ചൻ പറഞ്ഞിരുന്നു.

ബച്ചൻ കുടുംബത്തെ പോലെ പാരമ്പര്യ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന വ്യക്തിയാണ് ഐശ്വര്യ റായിയും. എന്നാൽ ജയ ബച്ചന്റെ പിന്തിരിപ്പൻ മനോഭാവങ്ങൾ ഐശ്വര്യയുടെ കരിയർ ഇല്ലാതാക്കുമെന്ന് പലരും പ്രവചിച്ചു. വിവാഹ ശേഷം ഈ പ്രവചനം ഏരെക്കുറെ ശരിയുമായി. അമ്മയായ ശേഷം ചുരുക്കം സിനിമകളിലേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളൂ. മകൾക്കൊപ്പം സമയം ചെലവഴിക്കാനാണ് ഐശ്വര്യ താൽപര്യപ്പെടുന്നത്.
വിവാഹ ശേഷം ഏ ദിൽ ഹെ മുശ്കിൽ എന്ന സിനിമയിൽ ഇന്റിമേറ്റ് രംഗങ്ങളിൽ ഐശ്വര്യ അഭിനയിച്ചത് ഭർത്താവിന്റെ കുടുംബത്തെ അലോസരപ്പെടുത്തിയെന്ന റിപ്പോർട്ടും ഇതിനിടെ പുറത്ത് വന്നു. അഭ്യൂഹങ്ങളെ ശക്തിപ്പെടുത്തുന്ന സംഭവങ്ങളാണ് പിന്നീടുണ്ടായത്. ഐശ്വര്യയെയും ഭർതൃ മാതാപിതാക്കളെയും ഒരുമിച്ച് പൊതുവേദികളിൽ അപൂർവമായേ കാണാറുള്ളൂ. ഇവർ തമ്മിലുള്ള അകൽച്ച പ്രകടമാണെന്ന് ആരാധകർ പറയുന്നു.
