പുരുഷന്‍ സ്ത്രീയോട് ഷൂ നക്കാന്‍ പറയുകയും, സ്ത്രീയെ തല്ലുകയും ചെയ്യുന്ന ഒരു സിനിമ സൂപ്പര്‍ ഹിറ്റ് ആയാല്‍ അത് അപകടകരമാണ്; ജാവേദ് അക്തര്‍

ഏറെ വിവാദമായ രണ്‍ബിര്‍ കപൂര്‍ ചിത്രമാണ് ‘അനിമല്‍’. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്തും കവിയുമായ ജാവേദ് അക്തര്‍. ചിത്രത്തിന്റെ പേര് എടുത്ത് പറയാതെയാണ് ജാവേദ് അക്തറിന്റെ വിമര്‍ശനം. ചിത്രത്തില്‍ ഏറെ ചര്‍ച്ചയായ സ്ത്രീവിരുദ്ധ ഭാഗങ്ങളെ കുറിച്ചാണ് ജാവേദ് അക്തര്‍ സംസാരിച്ചത്.

‘പുരുഷ കഥാപാത്രം സ്ത്രീ കഥാപാത്രത്തോട് ഷൂ നക്കാന്‍ പറയുകയും, സ്ത്രീയെ തല്ലുകയും ഒക്കെ ചെയ്യുന്ന ഒരു സിനിമ സൂപ്പര്‍ ഹിറ്റ് ആയാല്‍ അത് അപകടകരമാണ്’ എന്നാണ് ജാവേദ് അക്തര്‍ അജന്ത എല്ലോറ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ സംസാരിക്കവെ പറഞ്ഞത്.

സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത അനിമല്‍ ചിത്രത്തില്‍ രണ്‍ബിര്‍ കപൂറിന്റെ കഥാപാത്രം തന്നോടുള്ള പ്രണയം തെളിയിക്കാനായി തൃപ്തി ദിമ്രി അവതരിപ്പിച്ച കഥാപാത്രത്തിനോട് തന്റെ ഷൂ നക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. ‘കബീര്‍ സിംഗ്’ എന്ന ചിത്രത്തില്‍ ഷാഹിദ് കപൂറിന്റെ കഥാപാത്രം കിയാര അദ്വാനിയുടെ കഥാപാത്രത്തെ തല്ലുന്ന രംഗങ്ങളുമുണ്ട്.

ഏത് സിനിമ വിജയപ്പിക്കണമെന്ന തീരുമാനം എടുക്കുന്നത് പ്രേക്ഷകരാണെന്നും ജാവേദ് അക്തര്‍ പറയുന്നുണ്ട്. ‘സിനിമകള്‍ വിജയിപ്പിക്കുന്നതില്‍ സിനിമാക്കാരേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്വം ഇന്ന് പ്രേക്ഷകര്‍ക്കാണ്. ഏത് തരം സിനിമകള്‍ ഏറ്റെടുക്കണം എന്ന് തീരുമാനിക്കുന്നത് നിങ്ങളാണ്.’

‘എന്താണ് ഉണ്ടാക്കി വച്ചതെന്നും ഏതൊക്കെ നിരസിക്കണമെന്നും നിങ്ങള്‍ തീരുമാനിക്കുക. ഞങ്ങളുടെ സിനിമകളില്‍ കാണിക്കുന്ന മൂല്യവും ധാര്‍മ്മികതയും നിങ്ങളുടെ കൈകളിലാണ്’ എന്നാണ് ജാവേദ് അക്തര്‍ പറയുന്നത്. അതേസമയം, കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും അനിമല്‍ 897.58 കോടി രൂപയാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്.

Vijayasree Vijayasree :