സണ്‍ ടിവിയുടെ ഉടമയാണെന്നും അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത അമ്മായിയാണെന്നുമാണ് പറഞ്ഞിരുന്നത്; സുകേഷ് ചന്ദ്രശേഖറിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്

200 കോടിയുടെ തട്ടിപ്പുകേസില്‍ പ്രതിയായ സുകേഷ് ചന്ദ്രശേഖറിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തി നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. സുകേഷ് തന്നെ തെറ്റിദ്ധരിപ്പിച്ചെന്നും ജീവിതം നരകമാക്കിയെന്നും അവര്‍ ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.

സുകേഷിന്റെ സഹായി പിങ്കി ഇറാനിയാണ് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്നുപറഞ്ഞ് അദ്ദേഹത്തെ പരിചയപ്പെടുത്തിയതെന്നും ജാക്വിലിന്‍ പറഞ്ഞു. സണ്‍ ടിവിയുടെ ഉടമയാണെന്നും അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത അമ്മായിയാണെന്നുമാണ് സുകേഷ് തന്നോട് പറഞ്ഞതെന്ന് ജാക്വിലിന്റെ പ്രസ്താവനയിലുണ്ട്.

തന്റെ വലിയ ആരാധകനാണെന്ന് സുകേഷ് പറഞ്ഞു. ദക്ഷിണേന്ത്യന്‍ ഭാഷാ സിനിമകളിലും ശ്രദ്ധകേന്ദ്രീകരിക്കണം. സണ്‍ ടിവിയുടെ ഉടമയെന്ന നിലയില്‍ ഈ ബാനറിന്റേതായി ഒരുപാട് ചിത്രങ്ങള്‍ ചെയ്യാനുണ്ട്. തെന്നിന്ത്യന്‍ സിനിമകളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും സുകേഷ് പറഞ്ഞതായി ജാക്വിലിന്‍ കോടതിയെ അറിയിച്ചു.

‘സുകേഷ് എന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. അയാളെന്റെ ജീവിതവും തൊഴിലും തകര്‍ത്തു. അയാളുടെ യഥാര്‍ത്ഥമുഖമെന്താണെന്ന് പിങ്കിക്ക് അറിയാമായിരുന്നു. പക്ഷേ അവരത് എന്നോട് പറഞ്ഞില്ല. ആഭ്യന്തര, നിയമ മന്ത്രാലയങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെന്ന വ്യാജേന ആള്‍മാറാട്ടം നടത്തിയതിന് സുകേഷിനെ അറസ്റ്റ് ചെയ്തതായി പിന്നീടാണ് അറിഞ്ഞത്. ക്രിമിനല്‍ പശ്ചാത്തലം അറിഞ്ഞതിന് ശേഷമാണ് ഇയാളുടെ യഥാര്‍ത്ഥ പേര് പോലും മനസിലാക്കാന്‍ കഴിഞ്ഞത്.’ നടി പറഞ്ഞു.

സുകേഷ് ചന്ദ്രശേഖറിനെതിരായ കേസില്‍ സാക്ഷിയായ നടി നോറ ഫത്തേഹിയും ഈ ആഴ്ച ഡല്‍ഹി കോടതിയില്‍ മൊഴി രേഖപ്പെടുത്തിയിരുന്നു. കാമുകിയാകാന്‍ സമ്മതിച്ചാല്‍ വലിയ വീടും ആഡംബര ജീവിതവും സുകേഷ് വാഗ്ദാനം ചെയ്തതായാണ് നോറയുടെ മൊഴി. കേസില്‍ ഇഡി സമന്‍സ് അയച്ചതിന് ശേഷമാണ് സുകേഷ് ചന്ദ്രശേഖര്‍ തട്ടിപ്പുകാരനാണെന്ന് മനസ്സിലായതെന്നും നടി കോടതിയില്‍ അറിയിച്ചു.

ഒന്നിലേറെ കേസുകളിലാണ് സുകേഷ് ചന്ദ്രശേഖര്‍ പ്രതിയായിട്ടുള്ളത്. മുമ്പും പല കേസുകളില്‍ ഇയാള്‍ അറസ്റ്റിലായിട്ടുണ്ട്. ഡല്‍ഹിയിലെ വ്യവസായിയുടെ ഭാര്യയില്‍ നിന്ന് 200 കോടി രൂപ തട്ടിയെടുത്ത കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ജാക്വലിന്‍ ഫെര്‍ണാണ്ടസും പ്രതിപ്പട്ടികയിലുണ്ട്. തുടര്‍ന്ന് താരത്തിനെ ഇഡി പലതവണ ചോദ്യം ചെയ്തിരുന്നു.

Vijayasree Vijayasree :