ലോകത്തോട് വിട പറഞ്ഞിട്ട് 16 വര്‍ഷം ആയെങ്കിലും ജെയിംസ് ഈ ലോകത്തില്ല എന്ന് പറയുമ്പോള്‍ ഇപ്പോഴും ഞെട്ടുന്നവര്‍ ഉണ്ട്; ‘പട്ടാളം പുരുഷു’വിന്റെ മകന്‍

ചെറിയ കഥാപാത്രങ്ങളിലൂടെ എത്തി, എന്നാല്‍ കാലങ്ങള്‍ക്കിപ്പുറവും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന ഒരുപാട് താരങ്ങള്‍ മലയാള സിനിമയിലുണ്ട്. അത്തരത്തില്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത കഥാപാത്രങ്ങളിലൊന്നാണ് പട്ടാളം പുരുഷു. ‘മീശമാധവന്‍’ ചിത്രത്തില്‍ നടന്‍ ജെയിംസ് ചാക്കോ അവതരിപ്പിച്ച കഥാപാത്രമാണ് പട്ടാളം പുരുഷു.

ഇപ്പോഴിതാ ജെയിംസ് ചാക്കോയുടെ ജന്മവാര്‍ഷിക ദിനത്തില്‍ മകന്‍ ജിക്കു ജെയിംസ് ഫെയ്‌സ്ബുക്ക് സിനിമാഗ്രൂപ്പില്‍ ഇട്ട കുറിപ്പ് ശ്രദ്ധ നേടുകയാണ്. അപ്പന്‍ ലോകത്തോട് വിട പറഞ്ഞിട്ട് 16 വര്‍ഷം ആയെങ്കിലും ജെയിംസ് ഈ ലോകത്തില്ല എന്ന് പറയുമ്പോഴും ഇപ്പോഴും ഞെട്ടുന്നവര്‍ ഉണ്ട് എന്നാണ് മകന്‍ പറയുന്നത്. മൂന്ന് പതിറ്റാണ്ടോളം സിനിമയില്‍ സജീവമായിരുന്ന ജെയിംസ് ചാക്കോ 150ല്‍ ഏറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ജിക്കു ജെയിംസിന്റെ കുറിപ്പ്:

ഇന്ന് അപ്പന്റെ ജന്മദിനമാണ്. വര്‍ഷങ്ങള്‍ ഇത്രയുമായിട്ടും മലയാളികളുടെ മനസില്‍നിന്ന് മാറാതെ നില്‍ക്കുന്ന ഒരുപിടി കഥാപാത്രങ്ങള്‍ ചെയ്തതുകൊണ്ടാവാം, ഇന്നും അറിയുന്ന പലരും അപ്പന്‍ ഈ ലോകത്തില്ല എന്ന് പറയുമ്പോള്‍ ഞെട്ടുന്നത്. ഈ ലോകത്തോട് വിടപറഞ്ഞിട്ട് 16 കൊല്ലം ആയെങ്കിലും ആളുകളുടെ മനസില്‍ മായാതെ കിടക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങള്‍.

ഒരിക്കലും മറക്കാത്ത ഈ കഥാപാത്രങ്ങള്‍ സമ്മാനിച്ച സിനിമയിലെ സുഹൃത്തുക്കളോട് നന്ദി പറയുന്നു. ഈ ലോകത്തുനിന്ന് വിട്ടുപോയെങ്കിലും ഇപ്പോഴും കൂടെയുണ്ട് എന്ന് ഞാനും വിശ്വസിക്കുന്നു. സ്വര്‍ഗത്തില്‍ കൂട്ടുകാരോടൊപ്പം ആഘോഷിക്കുന്ന ഈ വീഡിയോ പോകുന്നതിനു മുന്നേ തയാറാക്കി എന്ന് വേണം കരുതാന്‍. ലവ് യു അപ്പാ.

മൂന്ന് പതിറ്റാണ്ടിലേറെ ചലച്ചിത്ര രംഗത്ത് സജീവമായിരുന്ന ഇദ്ദേഹം ആര്‍ട്ട് ആന്‍ഡ് പ്രൊഡക്ഷന്‍ മാനേജരായാണ് ചലച്ചിത്ര രംഗത്ത് എത്തുന്നത്. പിന്നീട് നെടുമുടി വേണുവിന്റെ മാനേജരായിരുന്നു. 150 ലധികം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങള്‍ ന്യൂഡല്‍ഹി, മീശ മാധവന്‍, പത്രം, ഒരു മറവത്തൂര്‍ കനവ്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ എന്നിവയാണ്.

ഇദ്ദേഹം 2007 ജൂണ്‍ 14ാം തീയതി കടുത്തുരുത്തിയിലെ സഹോദരന്റെ വീട്ടില്‍ വച്ച് ഹൃദയാഘാതത്തെത്തുടര്‍ന്ന് തന്റെ 52 ആം വയസ്സില്‍ അന്തരിച്ചു.
ജിജി ജെയിംസാണ് ഭാര്യ. ജിക്കു ജെയിംസ്, ജിലു ജയിംസ് എന്നിവര്‍ മക്കളാണ്.

Vijayasree Vijayasree :