ഭാഷാഭേദമന്യേ സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിഖ്യാത സംവിധായകന്‍ ജെയിംസ് കാമറൂണിന്റെ അവതാര്‍: ദ വേ ഓഫ് വാട്ടര്‍. ചിത്രം ഈ മാസം 22 ന് തിയേറ്ററുകളില്‍ എത്തുകയാണ്. ആദ്യ ഭാഗമിറങ്ങി 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടാം ഭാഗം റിലീസിനെത്തുന്നത്. ഇപ്പോഴിതാ റിലീസിനോടനുബന്ധിച്ച് ജെയിംസ് കാമറൂണ്‍ നടത്തിയ പരാമര്‍ശം ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
മാര്‍വല്‍ ചിത്രങ്ങളുടേയും അവതാര്‍ രണ്ടാം ഭാഗത്തിന്റെയും വിഎഫ്ക്‌സിനെക്കുറിച്ചുള്ള ജയിംസ് കാമറൂണിന്റെ താരതമ്യമാണ് ചര്‍ച്ചകള്‍ക്ക് കാരണം. മാര്‍വല്‍ ചിത്രങ്ങളുടെ വിഎഫ്എക്‌സ്, അവതാര്‍ ദ വേ ഓഫ് വാട്ടറിന്റെ അടുത്തെത്തില്ല എന്നാണ് സംവിധായകന്‍ പറഞ്ഞത്. ഒരു അഭിമുഖത്തിലായിരുന്നു ജയിംസ് കാമറൂണിന്റെ ഈ പരാമര്‍ശം.
സൂപ്പര്‍ഹീറോ സിനിമകളുടെ തരംഗം വിഷ്വല്‍ ഇഫക്റ്റുകളുടെ നിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. വലിയ കോമിക് പുസ്തകങ്ങളെ ആസ്പദമാക്കി ഇറങ്ങുന്ന ചിത്രങ്ങള്‍ സിനിമാ വ്യവസായത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു. സാങ്കേതികവിദ്യയുടെ ഉയര്‍ച്ച എല്ലാവരേയും ഒരുമിപ്പിച്ചുനിര്‍ത്തുന്നു. ഇത് നിങ്ങള്‍ക്ക് കൂടുതല്‍ നിലവാരമുള്ള കലാകാരന്മാരേയും ഉപകരണങ്ങളേയും ഉപയോഗിക്കാനുള്ള അവസരം നല്‍കുന്നു എന്നാണ് കാമറൂണ്‍ ഇതിനോട് പ്രതികരിച്ചത്.
ഇതിനൊപ്പമാണ് മാര്‍വല്‍ സിനിമകളിലെ വിഎഫ്എക്‌സിനെ അദ്ദേഹം വിമര്‍ശിച്ചത്. തന്റെ അവതാര്‍: ദ വേ ഓഫ് വാട്ടറിന്റെ വിഎഫ്എക്‌സിന്റെ അടുത്തുപോലും മാര്‍വല്‍ ചിത്രങ്ങള്‍ വരില്ല എന്ന് ജയിംസ് കാമറൂണ്‍ പറഞ്ഞു. അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം കഥാപാത്രമായ താനോസിനെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു സംവിധായകന്റെ ഈ വാക്കുകള്‍.
കഴിഞ്ഞ ദിവസം ലണ്ടനില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും നിരൂപകര്‍ക്കുമായി അവതാര്‍: ദ വേ ഓഫ് വാട്ടറിന്റെ പ്രത്യേക പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. ജയിംസ് കാമറൂണിന്റെ സിനിമാജീവിതത്തിലെ ഏറ്റവും മികച്ച സിനിമയാണ് ദ വേ ഓഫ് വാട്ടര്‍. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടെങ്കിലും ഒരിക്കല്‍ പോലും മടുപ്പുതോന്നില്ലെന്നാണ് പ്രദര്‍ശനത്തിനുശേഷം നിരൂപകര്‍ അഭിപ്രായപ്പെട്ടത്.