അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ജാക്ക് മരണപ്പെടില്ലായിരുന്നു; ടൈറ്റാനിക്ക് ക്ലാമാക്‌സ് പുനരാവിഷ്‌കരിച്ച് ജെയിംസ് കാമറൂണ്‍

ഭാഷാഭേദമന്യേ ലോക പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച ജെയിംസ് കാമറൂണ്‍ ചിത്രമായിരുന്നു ‘ടൈറ്റാനിക്ക്’. നായകന്‍ ജാക്കിന്റെ മരണം ഇപ്പോഴും തര്‍ക്ക വിഷയമാണ്. ജാക്ക് മരിക്കേണ്ടിയിരുന്നില്ലെന്നും, റോസ് ജാക്കിനെ കൂടി തനിക്കൊപ്പം തങ്ങാന്‍ അനുവദിച്ചിരുന്നെങ്കില്‍ അയാള്‍ മരിക്കില്ലായിരുന്നു എന്നുമെല്ലാം അഭിപ്രായങ്ങള്‍ ഇപ്പോഴും വരുന്നുണ്ട്.

എന്നാല്‍ ഇപ്പോഴിതാ ലിയോണാര്‍ഡോ ഡിക്രാപിയോ അവിസ്മരണീയമാക്കിയ ടൈറ്റാനിക്കിലെ ജാക്കെന്ന കഥാപാത്രം ചിലപ്പോള്‍ മരണത്തെ അതിജീവിക്കുമായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ജയിംസ് കാമറൂണ്‍. ഗുഡ് മോര്‍ണിംഗ് അമേരിക്കയില്‍ സംപ്രേഷണം ചെയ്ത ‘ടൈറ്റാനിക്ക്: 25 ഇയേര്‍സ് ലേറ്റര്‍ വിത്ത് ജയിംസ് കാമറൂണി’ല്‍ ചിത്രത്തെപ്പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടൈറ്റാനിക്കിനെ ചുറ്റിപ്പറ്റിയുള്ള തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും മറുപടിയെന്നോണം കപ്പല്‍ തകര്‍ന്ന രാത്രി അദ്ദേഹം പുനരാവിഷ്‌കരിച്ചു. ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ക്കും രണ്ട് സ്റ്റണ്ട് മാസ്റ്റര്‍മാര്‍ക്കും ഒപ്പമായിരുന്നു പരീക്ഷണം. മുങ്ങുന്ന ടൈറ്റാനിക്കില്‍ നിന്ന് ജാക്കിന് രക്ഷപെടാന്‍ കഴിയുമായിരുന്നോ എന്ന് ഒരിക്കല്‍ കൂടി കണ്ടെത്തുമെന്ന് ടീസറില്‍ കാമറൂണ്‍ പറയുന്നുണ്ട്.

ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ ഉപയോഗിച്ച അതേ രീതിയിലുള്ള റാഫ്റ്റ് പുനഃസൃഷ്ടിച്ചായിരുന്നു പരീക്ഷണം. കേറ്റിന്റെയും ഡികാപ്രിയോയുടെയും അതേ ശരീരഭാരമുള്ള രണ്ട് പേരെ ഇതിനായി ഉപയോഗപ്പെടുത്തി. മുങ്ങുന്ന കപ്പലില്‍ നിന്നും രക്ഷപ്പെടാന്‍ ഇരുവരും വാതില്‍ ഉപയോഗിച്ചിരുന്നുവെങ്കിലോ ജാക്കിന്റെ ലൈഫ് ജാക്കറ്റ് റോസ് തിരികെ നല്‍കിയിരുന്നെങ്കിലോ മരണം സംഭവിക്കില്ലായിരുന്നുവെന്നാണ് നിഗമനം.

എന്നാല്‍ ഇതൊരു സാധ്യത മാത്രമാണെന്നും അങ്ങനയൊരു ക്ലൈമാക്‌സ് ചിത്രത്തിന് അനിവാര്യമായിരുന്നുവെന്നും സംവിധായകന്‍ പറയുന്നു. ചിത്രത്തിലെ കഥാപാത്രത്തിന്റെ സ്വാഭാവമനുസരിച്ച്, റോസിനെ അപകടത്തിലാക്കുന്ന യാതൊന്നും ജാക്ക് ചെയ്യുമായിരുന്നില്ലെന്നും കാമറൂണ്‍ കൂട്ടിച്ചേര്‍ത്തു.

തിയേറ്റര്‍ റിലീസിന്റെ 25ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വീണ്ടും റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രം 3ഡി 4കെ എച്ച്ഡിആര്‍ പതിപ്പിലാണ് എത്തുന്നത്. 1997ലെ ക്രിസ്മസ് റിലീസ് ആയിരുന്നു ചിത്രം. 11 ഓസ്‌കര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രം, വാലെന്റൈന്‍സ് വീക്കില്‍ ഫെബ്രുവരി 10ന് തിയേറ്ററുകളില്‍ എത്തും.

Vijayasree Vijayasree :