1969-ൽ പുറത്തിറങ്ങിയ ‘ഓൺ ഹെർ മജസ്റ്റിസ് സീക്രട്ട് സർവീസ്’ ക്ലാസിക് ചിത്രത്തിൽ ജെയിംസ് ബോണ്ടായി വേഷമിട്ട ഓസ്ട്രേലിയൻ നടൻ ആണ് ജോർജ്ജ് ലാസെൻബി. ഇപ്പോഴിതാ താൻ അഭിനയത്തിൽ നിന്നും പിന്മാറുന്നുവെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ. തന്റെ തീരുമാനം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ്ൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.
ഇതൊരു എളുപ്പമുള്ള തീരുമാനമായിരുന്നില്ല, പക്ഷേ ജോലിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കാനുള്ള സമയമാണിത്. അതിനാൽ, തന്നെ ഞാൻ ഇനി അഭിനയിക്കുകയോ പൊതുപരിപാടികളിൽ പങ്കെടുക്കുകയോ ചെയ്യില്ല. മാത്രമല്ല, അഭിമുഖങ്ങൾ നടത്തുകയോ ഓട്ടോഗ്രാഫുകളിൽ ഒപ്പിടുകയോ പോലും ചെയ്യില്ല, എനിക്ക് ഇനി താത്പര്യമില്ല എന്നുമാണ് ലാസെൻബി ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഇത്രയും വർഷം നിങ്ങളുടെ സ്നേഹം എനിക്ക് ലഭിച്ചു. അതിൽ വളരെയധികം ഞാൻ കടപ്പെട്ടിരിക്കുന്നു. പ്രേക്ഷകരുടെ സ്നേഹത്തിനും പിന്തുണയ്‌ക്കും നന്ദി. 2013 മുതൽ എന്നെ സഹായിച്ചതിന് എന്റെ മാനേജരും സുഹൃത്തുമായ ആൻഡേഴ്സ് ഫ്രെജ്ഡിനോടും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.
എന്റെ കുടുംബത്തിനൊപ്പം നിൽക്കേണ്ട സമയമാണിത്. അവരോടൊപ്പം എനിക്ക് സമയം ചെലവഴിക്കണം. ഒരിക്കൽ കൂടി നിങ്ങൾ എനിക്ക് തന്നെ സ്നേഹത്തിന് നന്ദിയുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. ജെയിംസ് ബോണ്ടിനപ്പുറം, “ദി മാൻ ഫ്രം ഹോങ്കോംഗ്” (1975), “നെവർ ടൂ യംഗ് ടു ഡൈ” (1986) തുടങ്ങിയ ശ്രദ്ധേയമായ മറ്റ് പ്രോജക്ടുകളിൽ ലാസെൻബി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.