ഒടിടിയിലെത്തിയിട്ടും ജയിലര്‍ കാണാന്‍ തിയേറ്ററിലേയ്‌ക്കെത്തി ജനം; ചിത്രങ്ങള്‍ പുറത്ത് വിട്ട് തിയേറ്റര്‍ ഉടമ

രജനികാന്തിന്റേതായി പുറത്തെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമായിരുന്നു ജയിലര്‍. ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലെത്തിയിട്ടും ജയിലര്‍ കാണാന്‍ തിയേറ്ററില്‍ വീണ്ടും വന്‍ ജനതിരക്കാണ്. തമിഴ്‌നാട്ടിലാണ് ഈ കാഴ്ച. ഒടിടി റിലീസിന് പിന്നാലെ ഒരു വിജയചിത്രത്തിന്റെ മുഴുവന്‍ പ്രദര്‍ശനങ്ങളും തിയറ്ററുകാര്‍ ഒറ്റയടിയ്ക്ക് റദ്ദാക്കാറില്ല. പേരിന് നടത്തുന്ന ഷോകള്‍ കാണാന്‍ അപൂര്‍വ്വമായി മാത്രമേ പ്രേക്ഷകര്‍ എത്താറുള്ളൂ. ഇവിടെയാണ് ജയിലര്‍ വിസ്മയിപ്പിക്കുന്നത്.

ഇപ്പോഴും വാരാന്ത്യ ദിനങ്ങളില്‍ ചില തിയറ്ററുകളില്‍ ജയിലറിന് നിറഞ്ഞ സദസ് ലഭിക്കുന്നുണ്ട്. ചെന്നൈ ചിറ്റ്‌ലപാക്കത്തുള്ള മള്‍ട്ടിപ്ലെക്‌സ് ആയ വരദരാജ തിയറ്റേഴ്‌സില്‍ ഈ ഞായറാഴ്ചയും ജയിലറിന് 75 ശതമാനവും ആളുകള്‍ ഉണ്ടായിരുന്നുവെന്ന് ഉടമകള്‍ അറിയിക്കുന്നു. 40ാം ദിവസം തിയേറ്ററില്‍ നിന്നുള്ള പ്രേക്ഷകരുടെ ഒരു ചിത്രവും ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

രജനിയുടെ താരമൂല്യത്തെ കാലത്തിന് യോജിച്ച രീതിയില്‍ അവതരിപ്പിച്ച ചിത്രത്തിലെ വിനായകന്റെ പ്രതിനായക വേഷവും ഗംഭീരമായിരുന്നു. ഒപ്പം അതിഥിതാരങ്ങളായെത്തിയ മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍ എന്നിവര്‍ക്കും തിയേറ്ററുകളില്‍ വലിയ കൈയടിയാണ് ലഭിച്ചത്. കേരളത്തിലും വന്‍ കളക്ഷനാണ് ചിത്രം നേടിയത്. മോഹന്‍ലാലിന്റെയും വിനായകന്റെയും സാന്നിധ്യത്തിന് ഇതില്‍ കാര്യമായ പങ്കുണ്ട്. രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ ഒരുക്കിയ ചിത്രമാണ് ജയിലര്‍.

Vijayasree Vijayasree :