എന്റെ ജയിലര്‍ കണ്ടവര്‍ക്ക് കാശ് തിരികെ കൊടുക്കാം; ധ്യാന്‍ ശ്രീനിവാസന്‍

സമീപകാലത്തായി ഒരേ പേരില്‍ തിയേറ്ററിലെത്തിയ രണ്ട് സിനിമകളാണ് രജനികാന്തിന്റെ തമിഴ് ചിത്രം ജയിലറും ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തിയ മലയാള ചിത്രം ജയിലറും. പേരിലെ സാമ്യത്തിന്റെ പേരില്‍ ഇരുസിനിമകളും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. ഒടുവില്‍ തമിഴ് ജയിലറിനൊപ്പം തിയേറ്ററില്‍ എത്താനിരുന്ന മലയാളം ജയിലര്‍ റിലീസ് മാറ്റിവയ്ക്കുകയും ചെയ്തത് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.

ഇപ്പോഴിതാ തന്റെ ജയിലര്‍ സിനിമയെ കുറിച്ച് ധ്യാന്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ‘നദികളില്‍ സുന്ദരി യമുന’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രസ് മീറ്റിനിടെ ആയിരുന്നു ധ്യാനിന്റെ പ്രതികരണം. ധ്യാനിന്റെ സിനിമയാണെന്ന് മനസിലാക്കി ജയിലര്‍ കാണാന്‍ പോയ കുറേ കുടുംബങ്ങളുണ്ട് എന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍, ‘അത് ഞാനറിഞ്ഞില്ല. അവരുടെ കാശ് തിരിച്ച് കൊടുക്കാന്‍ ഞാന്‍ തയ്യാറാണ്’, എന്നാണ് ധ്യാന്‍ തമാശ രൂപേണ പറഞ്ഞത്.

തന്റെ അഭിമുഖങ്ങള്‍ കണ്ട് ആരും സിനിമ കാണാന്‍ പോകരുതെന്നും ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു. സിനിമ റിലീസ് ചെയ്ത് റിപ്പോര്‍ട്ടുകള്‍ അറിഞ്ഞ ശേഷമേ സിനിമയ്ക്ക് പോകാവൂ. വലിയൊരു നടനായി പേരെടുക്കണമെന്ന് തനിക്ക് ആഗ്രഹമില്ലെന്നും പിന്നെ എന്തുകൊണ്ട് ഇത്രയും സിനിമകളെന്ന് ചോദിക്കുന്നവരോട് ഞങ്ങള്‍ക്കൊരു പ്രൊഡക്ഷന്‍ ഹൗസ് ഉണ്ടെന്നുമാണ് ധ്യാന്‍ പറഞ്ഞത്.

സക്കീര്‍ മഠത്തില്‍ സംവിധാനം ചെയ്ത സിനിമയാണ് ജയിലര്‍. പിരീഡ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം 195657 കാലഘട്ടത്തില്‍ നടന്ന ഒരു സംഭവകഥയാണ് പറഞ്ഞത്. ജയിലറുടെ വേഷത്തിലാണ് ധ്യാന്‍ ശ്രീനിവാസന്‍ ചിത്രത്തില്‍ എത്തിയിരുന്നത്. ദിവ്യ പിള്ള ആയിരുന്നു നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്.

Vijayasree Vijayasree :