നിരവധി ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികളെ രസിപ്പിച്ച നടനാണ് ജഗദീഷ്. ഇന്‍ഹരിഹര്‍ നഗറിലെ അപ്പുക്കുട്ടനും ഗോഡ്ഫാദറിലെ മായന്‍കുട്ടിയുമെല്ലാം ഇന്നും മലയാളി പ്രേക്ഷകരുടെ മുഖത്ത് ചിരി പടര്‍ത്താറുണ്ട്. ഹാസ്യ കഥാപാത്രങ്ങള്‍ക്ക് പുറമെ നായക വേഷങ്ങളിലും സഹനടനായുമെല്ലാം ജഗദീഷ് വിസ്മയിപ്പിച്ചു കഴിഞ്ഞു. കോളജ് അധ്യാപകനായിരുന്ന ജഗദീഷ് അഭിനയത്തോടുള്ള ഇഷ്ടത്തെ തുടർന്നാണ് സിനിമയിൽ എത്തുന്നത്.
ഇപ്പോൾ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും സജീവമാണ് നടൻ. രാഷ്ട്രീയ പാർട്ടികളുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചെന്ന് അടുത്തിടെയാണ് നടൻ ജഗദീഷ് പ്രഖ്യാപിച്ചത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര ചർച്ചയായിരുന്ന സമയത്തായിരുന്നു ജഗദീഷ് താൻ രാഷ്ട്രീയം ഉപേക്ഷിച്ചെന്ന് പ്രഖ്യാപിച്ചത്.
‘ആത്യന്തികമായി മനുഷ്യന് ഇന്നത്തെ ജീവിതത്തെക്കാൾ മികച്ച ജീവിതം ആർക്ക് കൊടുക്കാൻ കഴിയുന്നോ അവരായിരിക്കും ഭരിക്കുക.വേസ്റ്റ് മാനേജ്മെന്റിന്റെ കാര്യത്തിലായിക്കോട്ടെ, തൊഴിലില്ലായ്മയുടെ കാര്യത്തിലായിക്കോട്ടെ, വ്യവസായത്തിന്റെ കാര്യത്തിലാകട്ടെ, ആരാണോ മികച്ചൊരു ഭാവി ഉറപ്പ് തരുന്നത് അവർ അധികാരത്തിൽ വരും.’
യാത്ര നടത്തി അതെങ്ങനെ ആണെങ്കിലും ജനങ്ങൾക്ക് ബോധ്യപ്പെട്ട് കഴിഞ്ഞാൽ വോട്ട് ചെയ്യും’, എന്നായിരുന്നു അന്ന് ജഗദീഷ് പറഞ്ഞത്. നേരത്തെ യുഡിഎഫ് സ്ഥാനാർത്ഥിയായി ജഗദീഷ് മത്സരിച്ചിട്ടുണ്ട്. തന്റെ പുതിയ സിനിമയായ തീപ്പൊരി ബെന്നിയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് തനിക്ക് രാഷ്ട്രീയമുണ്ടോ എന്നതിനെ കുറിച്ചും രാഷ്ട്രീയം ഉപേക്ഷിക്കാം എന്ന തീരുമാനത്തിലേക്ക് എത്തിച്ചേർന്നതിനെ കുറിച്ചും ജഗദീഷ് പ്രതികരിച്ചത്.
ഒരു മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജഗദീഷ്. താൻ രാഷ്ട്രീയത്തിൽ ഫോളോ ചെയ്യാൻ ആഗ്രഹിക്കുന്നത് മമ്മൂട്ടിയെയാണെന്നും ജഗദീഷ് പറഞ്ഞു. എനിക്കിപ്പോൾ രാഷ്ട്രീയം ഇല്ല… ഉണ്ടായിരുന്നു. നൂറുശതമാനവും ഉപേക്ഷിച്ചു. ഉപേക്ഷിച്ചതിന് പ്രധാനപ്പെട്ട കാര്യം ഞാൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനോടും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോടും രമയ്ക്കും കുട്ടികൾക്കും യോജിപ്പില്ലായിരുന്നു എന്നതാണ്. അവരോട് ചോദിച്ചപ്പോൾ അവർ വേണോ എന്ന അർത്ഥത്തിലാണ് ചോദിച്ചത്.’
‘അതിനെ ഒരു പരിധിവരെ കണക്കിലെടുക്കാതെയാണ് ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. അവരുടെ ഉപദേശം സ്വീകരിക്കാത്തതിന്റെ തിക്തഫലം ഞാൻ അനുഭവിച്ചുവെന്നാണ്’, ജഗദീഷ് പറഞ്ഞത്. താരത്തിന്റെ മറുപടി കേട്ട് സമീപത്തിരുന്ന അർജുനും ഹൈദരലിയും ചിരിച്ചുഇതോടെ വീണ്ടും തന്റെ രാഷ്ട്രീയത്തെ കുറിച്ച് ജഗദീഷ് സംസാരിച്ചു. അർജുനും ഹൈദരലിയും ചിരിച്ചതിനെ ചൂണ്ടിക്കാട്ടി രാഷ്ട്രീയത്തിലെ പരാജയങ്ങളെ എങ്ങനെയാണ് ജനങ്ങൾ നോക്കി കാണുന്നത് എന്ന് മനസിലായല്ലോ എന്നാണ് ജഗദീഷ് ചോദിച്ചത്. ‘പരാജിതൻ ആയതുകൊണ്ടല്ല ഞാൻ രാഷ്ട്രീയം ഉപേക്ഷിച്ചത്. കുട്ടികളും രമയും പറഞ്ഞ ആ കാര്യത്തിനോട് അവരോടുള്ള യോജിപ്പ് രേഖപ്പെടുത്താനുള്ള അവസരം എനിക്ക് പിന്നീടാണ് കിട്ടിയത്.’
‘ഇപ്പോൾ ഞാൻ രാഷ്ട്രീയത്തിൽ ഫോളോ ചെയ്യാൻ ആഗ്രഹിക്കുന്നത് മമ്മൂക്കയെയാണ്. എങ്ങനെയാണെന്ന് വെച്ചാൽ മമ്മൂക്കയുടെ മണ്ഡലത്തിലെ മൂന്ന് സ്ഥാനാർത്ഥികൾ മത്സരിക്കുമ്പോൾ അദ്ദേഹം ആദ്യം വീട്ടിലേക്ക് വരുന്ന ആളെ നന്നായി സൽക്കരിക്കും. പിന്നീട് വരുന്ന ആളുകളെയും നന്നായി കാപ്പിയൊക്കെ കൊടുത്ത് ഫോട്ടോ ഒക്കെ എടുത്ത് പറഞ്ഞയക്കും.’
സ്ഥാനാർത്ഥികൾ പറയും മമ്മൂക്കയുടെ എല്ലാ അനുഗ്രഹവും എനിക്ക് കിട്ടിയിട്ടുണ്ടെന്ന്. മമ്മൂക്ക ഏതെങ്കിലും ഒരു പാർട്ടിയുടെ ആളല്ല. അദ്ദേഹം ചാണ്ടി സാറിന്റെ യോഗത്തിലും വി.ഡി സതീശന്റെ യോഗത്തിലും രമേശ് ചെന്നിത്തലയുടെ യോഗത്തിലും പങ്കെടുക്കും. പിണറായി സഖാവിന്റെ യോഗത്തിലും എം.വി ഗോവിന്ദൻ സഖാവിന്റെ യോഗത്തിലും പങ്കെടുക്കും.’
‘അദ്വാനിജിയുടെ പുസ്തക പ്രകാശനം നിർവഹിച്ചത് മമ്മൂട്ടിയാണ്. എല്ലാ പാർട്ടിക്കും അദ്ദേഹം സ്വീകാര്യനാണ്. എല്ലാവരുമായിട്ട് സമ അടുപ്പം പാലിക്കും. ആ ലൈൻ ഫോളോ ചെയ്യാൻ ഞാൻ തീരുമാനിച്ചു. എനിക്ക് വളരെ സന്തോഷമുണ്ട് ഇപ്പോൾ. തോറ്റു എന്നുള്ള കുറ്റബോധവും നിരാശയുമെല്ലാം പോയി. എല്ലാവർക്കും എന്നോട് വലിയ സ്നേഹമാണെന്നും’, ജഗദീഷ് പറഞ്ഞു.
താൻ ഏതെങ്കിലും ഒരു പാർട്ടിയിൽ നിന്ന് മാറി വേറൊരു പാർട്ടിയിലേക്ക് കൂറു മാറിയിട്ടില്ലെന്നും താൻ രാഷ്ട്രീയമാണ് ഉപേക്ഷിച്ചതെന്നും ജഗദീഷ് വ്യക്തമാക്കി. ജഗദീഷിന്റെ പ്രിയ സുഹൃത്തുക്കളായ മുകേഷ്, ഗണേഷ് കുമാർ തുടങ്ങിയവരെല്ലാം രാഷ്ട്രീയത്തിൽ സജീവമാണ്. ഒട്ടുമിക്ക സിനിമാക്കാരും ഇപ്പോൾ തങ്ങളുടെ രാഷ്ട്രീയം കുറിപ്പുകളിലൂടെയും പൊതുവേദികളിലെ പ്രസംഗത്തിലൂടെയും പറയാറുണ്ട്.