അല്ലു അർജുനും പുഷ്പയുടെ സംവിധായകനും തമ്മിൽ പിണക്കം; പുഷ്പയെത്താൻ ഇനിയും വൈകും!

അല്ലു അർജുന്റേതായി പുറത്തെത്തി റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയ ചിത്രമായിരുന്നു ‘പുഷ്പ: ദ റൈസ്’. ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെവളരപ്പെട്ടെന്നാണ് വൈറലായി മാറുന്നതും.

ഓഗസ്റ്റ് 15ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ഡിസംബറിലേക്ക് മാറ്റി വച്ചിരിക്കുകയാണ് എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഏകദേശം രണ്ടര വർഷത്തോളമായി സിനിമയുടെ ചിത്രീകരണം തുടങ്ങിയിട്ട്. ഇതുവരെ ആയിട്ടും ഷൂട്ടിം​ഗ് പൂർത്തിയായിട്ടില്ല. പല തരം കാരണങ്ങളാൽ ഷൂട്ടിം​ഗ് നീണ്ടു പോവുകയാണ്.

എന്നാൽ ചിത്രത്തിന്റെ റിലീസ് വൈകുന്നത് അല്ലു അർജുനും പുഷ്പയുടെ സംവിധായകനായ സുകുമാറും തമ്മിലുള്ള പിണക്കമാണ് എന്നാണ് ചില റിപ്പോർട്ടുകൾ. പുഷ്പ 2വിന്റെ ചിത്രീകരണം പുരോഗമിക്കവെ താരം അവധിയാഘോഷത്തിന് പോയതാണ് ചർച്ചകൾക്കാധാരം.

അടുത്തിടെ പുഷ്പ ലുക്കിൽ നിന്ന് വ്യത്യസ്തമായി താടി ട്രിം ചെയ്ത നിലയിലുള്ള അല്ലു അർജുന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. പുഷ്പ 2 ന്റെ വിതരണക്കാരും, ഒടിടി റൈറ്റ്സ് വാങ്ങുന്നവരും ആശങ്കയിലാണ്. പുഷ്പ 2 സിനിമയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് ആർക്കും അറിയില്ല. അത്തരത്തിലുള്ള വാർത്തകളാണ് പുറത്തു വരുന്നത്.

അല്ലു അർജുൻ ഇപ്പോൾ യൂറോപ്പിലാണ്. സുകുമാർ യുഎസിലേക്ക് പോയതായാണ് വിവരം. പല കാരണങ്ങളാൽ സുകുമാർ ഷൂട്ടിംഗ് വൈകിപ്പിക്കുകയാണ് എന്നാണ് പറയുന്നത്. റിലീസ് വൈകുന്നതിലെ അഭിപ്രായ വ്യത്യാസം കാരണം അല്ലു അർജുൻ രോഷാകുലനായി എന്നൊക്കെയാണ് പറയുന്നത്.

എന്നാൽ ഇക്കാര്യങ്ങൾ പുഷ്പ 2 ടീം നിഷേധിച്ചിട്ടുണ്ട്. സംവിധായകനും നായകനും തമ്മിൽ പ്രശ്‌നമൊന്നുമില്ലെന്നും ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം അവസാനത്തോടെ പുനരാരംഭിക്കുമെന്നും നിർമ്മാതാക്കൾ വ്യക്തമാക്കി.

അല്ലു അർജുന് ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രമാണ് പുഷ്പ. പുഷ്പ ആദ്യ ഭാഗത്തിന് സംഗീതം ഒരുക്കിയ ദേവി ശ്രീ പ്രസാദ് തന്നെയാണ് രണ്ടാം ഭാഗത്തിനും സംഗീതമൊരുക്കുന്നത്.

Vijayasree Vijayasree :