ഷാരൂഖ് ഖാന്റെ മകന്‍ ഉള്‍പ്പെട്ട ലഹരി മരുന്ന് കേസ്; അന്വേഷണ ഉദ്യോഗസ്ഥരുടെ ഇടപെടലിലും അന്വേഷണത്തിലും ക്രമക്കേട്

കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ ആഡംബരക്കപ്പലിലെ ലഹരിമരുന്ന് കേസില്‍ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇപ്പോവിതാ ഈ ലഹരിക്കേസിന്റെ അന്വേഷണത്തില്‍ ക്രമക്കേടുകള്‍ ഉണ്ടെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരുടെ ഇടപെടല്‍ സംശയകരമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ തെളിവില്ലെന്ന് കാട്ടി ആര്യനെ കുറ്റവിമുക്തനാക്കിയിരുന്നു.

കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ഇടപടെലിനെതിരെ ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഇക്കാര്യം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ എസ് ഐ ടി ഏര്‍പ്പെടുത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി 65 ഓളം പേരുടെ മൊഴികള്‍ രേഖപ്പെടുത്തിയിരുന്നു. ചിലര്‍ മൂന്നോ നാലോ തവണ മൊഴികള്‍ മാറ്റി.

അന്വേഷണത്തിലെ പിഴവുകളും എസ്‌ഐടി കണ്ടെത്തി. 7 മുതല്‍ 8 വരെയുള്ള എന്‍സിബി ഉദ്യോഗസ്ഥരുടെ പങ്ക് സംശയാസ്പദമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍സിബിക്ക് പുറത്തുള്ളവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അനുമതി തേടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ ഒക്ടോബര്‍ 20 നായിരുന്നു ആഡംബര കപ്പലിലെ റേവ് പാര്‍ട്ടിക്കിടെ ലഹരി പിടിച്ചെടുത്തെന്ന് കാണിച്ച് ആര്യന്‍ ഖാന്‍ അടക്കം 15 പേരെ എന്‍ സി ബി അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മൂന്നാഴ്ചയോളമാണ് ആര്യന്‍ ഖാന്‍ അടക്കം ജയിലില്‍ കിടന്നത്. മയക്ക് മരുന്ന് സ്ഥിരമായി ഉപയോഗിക്കുന്ന ആളാണ് ആര്യന്‍ ഖാനെന്നും മയക്ക് മരുന്ന് കടത്തിലും വിതരണത്തിലുമെല്ലാം ആര്യന്‍ ഏര്‍പ്പെട്ടിരുന്നതായും എന്‍ സി ബി ആരോപിച്ചിരുന്നു.

കേസില്‍ പിന്നീട് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. അതേസമയം കേസില്‍ കേസില്‍ ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന് എന്‍ സി ബി പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പങ്കില്ലെന്നായിരുന്നു കുറ്റപത്രത്തില്‍ വ്യക്തമാക്കിയത്.

ലഹരിമരുന്ന് സംഘമായോ ലഹരിക്കടത്തിന്റെ ഗൂഢാലോചനയിലോ ആര്യന്‍ ഖാന് ബന്ധമുണ്ടെന്നതിന് തെളിവുകളില്ല. കപ്പലില്‍ നിന്ന് ആര്യന്‍ ഖാനെ കസ്റ്റഡിയിലെടുക്കുമ്പോള്‍ കൈവശം ലഹരിമരുന്ന് ഉണ്ടായിരുന്നില്ലെന്നും കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. സമീര്‍ വാങ്കഡെയുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡ് നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്നതും നേരത്തേ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.

Vijayasree Vijayasree :