എടാ നീ എന്റെ ഭാര്യേം മക്കളേം വഴിയാധാരമാക്കും അല്ലേ… ഇന്നസെന്റ് അറിയാതെ സ്വത്തുവകകള്‍ എഴുതി വാങ്ങി ശ്രീനിവാസന്‍; വിവരം അറിഞ്ഞ് ചീത്ത വിളിച്ച് നടന്‍

വിശേഷമായ ശരീരഭാഷയും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണവും കൊണ്ട് മലയാളികളുടെ മനസിലേക്ക് കടന്നു വന്ന നടനാണ് ഇന്നസെന്റ്. അദ്ദേഹത്തിന്റെ വിയോഗം താങ്ങാന്‍ ആവുന്നതിലും അപ്പുറമാണ്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യ താരമാണ് അദ്ദേഹമെന്ന് ഉറപ്പിച്ചു പറയാന്‍ സാധിക്കും. മലയാള സിനിമയ്ക്ക് ഇന്നസെന്റിന്റെ വിയോഗം നികത്താനാവാത്തതാണ്.

ഹാസ്യ നടനായും സ്വഭാവനടനായും തിളങ്ങി നിന്നിരുന്ന അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളും മലയാളികളുടെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്നുണ്ട്. ഇന്നസെന്റ് വിടവാങ്ങി ഒരാഴ്ച്ച പിന്നിടുമ്പോള്‍ ഒരു വാക്കെങ്കിലും അദ്ദേഹത്തെക്കുറിച്ച് പറയാത്തവരോ എഴുതാത്തവരോ വിരളമായിരിക്കും.

ന്യൂമോണിയ ബാധിച്ച് ചികിത്സയില്‍ കഴിയവെയാണ് ഇന്നസെന്റിന്റെ മരണം. രണ്ട് തവണ അര്‍ബുദത്തെ തോല്‍പ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയ ഇന്നസെന്റ് ഇത്തവണയും മടങ്ങി വരുമെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ നടന്റെ മരണ വാര്‍ത്ത മലയാളികളെ ഒന്നടങ്കം ഞെട്ടിക്കുകയായിരുന്നു.

ഇന്നസെന്റിന്റെ വിയോഗം ആരാധകര്‍ക്കും സിനിമാ ലോകത്തിനും കടുത്ത വേദനയായിരുന്നു. ഇപ്പോഴിതാ ഇന്നെസന്റുമായുള്ള രസകരമായ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് നടന്‍ ശ്രീനിവാസന്‍. ഒരു മാഗസീനിലെഴുതിയ ഓര്‍മ്മക്കുറിപ്പിലാണ് അദ്ദേഹം മനസ് തുറന്നത്. സന്മനസുള്ളവര്‍ക്ക് സമാധാനം എന്ന സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഗോപാലാകൃഷ്ണ പണിക്കര്‍ക്ക് കുഞ്ഞിക്കണ്ണന്‍നായര്‍ മുദ്രപത്രത്തില്‍ സമ്മതം എഴുതി കൊടുക്കുന്ന സീനുണ്ട്.

ഇന്നസെന്റാണ് കുഞ്ഞിക്കണ്ണന്‍ നായര്‍. ഷൂട്ടിന് വേണ്ടി യഥാര്‍ത്ഥ മുദ്രപത്രത്തിലാണ് ഞാന്‍ നോട്ട് തയ്യാറാക്കിയത്. ഇരിങ്ങാലക്കുട തെക്കേത്തല വീട്ടില്‍ വറീതിന്റെ മകന്‍ ഇന്നസെന്റ് തന്റെ സ്ഥാവരജംഗമ വസ്തുക്കള്‍ പാട്യം ശ്രീനിവാസന് എഴുതിക്കൊടുക്കുന്നു എന്നാണ് എഴുതിയത്. ഒന്നും നോക്കാതെ ഇന്നസെന്റ് ഒപ്പിട്ട് അഭിനയിച്ചു.

സീന്‍ കഴിഞ്ഞപ്പോള്‍ സത്യനാണെന്നു തോന്നുന്നു ഇന്നസെന്റിനോട് ചോദിച്ചു, ഇതിന്റെ വല്ല കാര്യവും ഉണ്ടായിരുന്നുവോ ഇന്നസെന്റേ ഇത്രയും നാള്‍ കഷ്ടപ്പെട്ട മുതലൊക്കെ പോയില്ലേ, കാര്യം മനസിലായപ്പോള്‍ കക്ഷി നേരെ എന്റെയടുത്ത് വന്നു എടാ നീ എന്റെ ഭാര്യേം മക്കളേം വഴിയാധാരമാക്കും അല്ലേ എന്ന് പറഞ്ഞ് എന്നെ ചീത്തവിളിച്ചുവെന്നാണ് ശ്രീനിവാസന്‍ ഓര്‍ക്കുന്നത്.

ഇന്നസെന്റിന്റെ വേര്‍പാടിന് രണ്ടാഴ്ച മുമ്പാണ് ഞങ്ങള്‍ സംസാരിച്ചത്. എടാ നടക്കാന്‍ പ്രയാസമാണ്. മെയ്ല്‍ നഴ്‌സിന്റെ സഹായത്തോടെയാണ് നടക്കുന്നത്. നിനക്ക് ഒരു വിഷമം ഉണ്ടാകരുതെന്ന് കരുതിയാണ് മെയ്ല്‍ നഴ്‌സ് എന്ന് എടുത്തു പറഞ്ഞതു കെട്ടോ. മരണത്തിന് മുന്നിലും ഇങ്ങനെ പറയാന്‍ ഇന്നസെന്റിനേ കഴിയൂവെന്നാണ് ശ്രീനിവാസന്‍ പറയുന്നത്.

ദൈവത്തിലും വിധിയിലുമൊക്കെ ഇപ്പോഴും വിശ്വസിക്കുന്ന ആളല്ല ഞാന്‍. ഇന്നസെന്റ് നേരിട്ട പ്രധാന പ്രശ്‌നം കോവിഡിന്റെ അനന്തരഫലമാണെന്ന് ഡോ. ഗംഗാധരന്‍ പറഞ്ഞല്ലോ. അദ്ദേഹം അവസാനമായൊരു അമേരിക്കന്‍ യാത്ര നടത്തിയിരുന്നു. ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കയാല്‍ ഞങ്ങള്‍ പലരും വിലക്കിയതാണ്.

എന്നാല്‍ എനിക്ക് എന്റെ സഹോദരങ്ങളെ കണ്ടേ പറ്റൂ, ഇനി ചിലപ്പോള്‍ ഇങ്ങനൊരു യാത്ര നടന്നെന്ന് വരില്ല എന്നു പറഞ്ഞാണ് ഇന്നസെന്റ് പോയത്. അദ്ദേഹം പറഞ്ഞത് ശരിയായിരുന്നു. ഇനിയൊരു യാത്രയില്ലല്ലോ എന്നും ശ്രീനിവാസന്‍ പറയുന്നു. ഇന്നസെന്റിന്റെ മരണം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് 24 മണിക്കൂര്‍ മുമ്പ് മൊബൈല്‍ ഫോണില്‍ ഒരു മെസേജ് വന്നു.

ഇന്നസെന്റിന് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ടുള്ളത്. മലയാളികളുടെ പുതിയ മനോരോഗമാണല്ലോ ഇത്. അപ്പോള്‍ വിമല എന്നോട് പറഞ്ഞു. സത്യേട്ടനെ ഒന്നു വിളിച്ച് ചോദിക്കൂ. ഈ കേള്‍ക്കുന്നത് സത്യമാണോ എന്ന്. ഞാന്‍ പറഞ്ഞു, സത്യനെ വിളിക്കുന്നില്ല. കാരണം ഇന്നസെന്റ് മരിക്കുന്നത് എനിക്കിഷ്്ടമല്ല. ഒരിക്കലും മരിക്കാത്ത ഇന്നസെന്റിനെയാണ് എനിക്കിഷ്ടം എന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം മോഹന്‍ലാലിനെക്കുറിച്ചുള്ള ശ്രീനിവാസന്റെ വാക്കുകളും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു. അവാര്‍ഡ് വേദിയിലെത്തിയ തന്നെ അദ്ദേഹം ചുംബിച്ചപ്പോള്‍ കംപ്ലീറ്റ് ആക്ടറാണെന്ന് മനസിലായി എന്നായിരുന്നു ശ്രീനിവാസന്റെ പരാമര്‍ശം. കേണല്‍ പദവിയെക്കുറിച്ചും പ്രേംനസീറിനൊപ്പമുള്ള സിനിമയെക്കുറിച്ചും ശ്രീനിവാസന്‍ സംസാരിച്ചിരുന്നു.

സൂപ്പര്‍സ്റ്റാര്‍ സുരാജ് കുമാര്‍ എന്ന സിനിമയെടുക്കാന്‍ പ്രചോദനമായ ഒരു കാര്യമുണ്ടെന്ന് പറഞ്ഞ് മോഹന്‍ലാലിന് കേണല്‍ പദവി കിട്ടിയത് ചോദിച്ചു വാങ്ങിയത് ആണെന്ന നിലയ്ക്കും ശ്രീനിവാസന്‍ സംസാരിച്ചു. രാജീവ് നാഥ് എന്നൊരു സംവിധായകനുണ്ട്. പുള്ളി കഴക്കൂട്ടം സൈനിക സ്‌കൂളില്‍ പഠിച്ചതാണ്.

കപില്‍ ദേവിന് കേണല്‍ പദവി കിട്ടിയപ്പോള്‍ മോഹന്‍ലാല്‍ ലണ്ടനിലാണ്. അവിടെ നിന്ന് മോഹന്‍ലാല്‍ രാജീവ് നാഥിനെ വിളിച്ചു. താന്‍ ഒരുപാട് സിനിമകളില്‍ സൈനികനായി അഭിനയിച്ചിട്ടുണ്ടെന്നും തനിക്ക് കേണല്‍ പദവി ലഭിക്കാന്‍ സാധ്യതയുണ്ടോ എന്നും ചോദിച്ചു. ഇവര്‍ ശ്രമിച്ചിട്ടാണ് ഈ അവാര്‍ഡുകളൊക്കെ വാങ്ങുന്നത് എന്നതാണ് സിനിമയെടുക്കാനുള്ള എന്റെ പ്രചോദനം.

ഇത് രാജീവ് നാഥ് തന്നെ തുറന്നു പറഞ്ഞ കാര്യമാണ്. ഇതിലൂടെ എനിക്ക് മനസിലായി ഈ പുരസ്‌കാരങ്ങളെല്ലാം വെറുതെ ഇരുന്ന് കിട്ടുന്നതല്ല, പരിശ്രമിച്ച് വാങ്ങിയെടുക്കുന്നതാണെന്ന്. അതിനെ പരിഹസിക്കാന്‍ നമുക്ക് തോന്നുന്നത് തെറ്റല്ലല്ലോ എന്നായിരുന്നു ശ്രീനിവാസന്‍ പറഞ്ഞത്. അതേസമയം, ഇതേ അഭിമുഖത്തില്‍ മോഹന്‍ലാലുമായി അത്ര നല്ല ബന്ധമല്ലെന്നും മരിക്കുന്നതിന് മുന്‍പ് അദ്ദേഹത്തിന്റെ കാപട്യങ്ങളെ കുറിച്ച് എഴുതുമെന്നുമാണ് ശ്രീനിവാസന്‍ പറയുന്നത്.

Vijayasree Vijayasree :