‘കുണുക്കു പെണ്‍മണിയെ ഞുണുക്കു വിദ്യകളാല്‍…’, മലയാളികള്‍ക്ക് മറക്കാനാകാത്ത ഇന്നസെന്റ് ഗാനങ്ങള്‍

നടന്‍, നിര്‍മ്മാതാവ്, സംഘാടകന്‍, രാഷ്ട്രീയക്കാരന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ തിളങ്ങി നിന്നിരുന്ന താരമാണ് ഇന്നസെന്റ്. ചലച്ചിത്ര പിന്നണി ഗാനരംഗത്തും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. ഇന്നസെന്റ് പിന്നണി പാടിയ പാട്ടുകള്‍ വരെ മലയാളികള്‍ക്ക് സുപരിചിതമാണ്. ജോഷിയുടെ സംവിധാനത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും തകര്‍ത്തഭിനയിച്ച നമ്പര്‍ 20 മദ്രാസ് മെയിലില്‍ ഇന്നസെന്റ് അഭിനയിച്ച ടിടിആര്‍ നാടാര്‍ മലയാള സിനിമാ പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ചത് കഥാപശ്ചാത്തലത്തില്‍ പാടിയ ‘അഴകാന നീലിവരും വരുപോലെ ഓടിവരും എന്നാടി പോലെ വരും ടോണിക്കുട്ടാ’ പാട്ടിലൂടെയാണ്.

ശശിശങ്കര്‍ ദിലിപിനെ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച മിസ്റ്റര്‍ ബട്ട്‌ലര്‍ എന്ന ചിത്രത്തിലെ ഇന്നസെന്റിന്റെ കഥാപാത്രമായ ക്യാപ്റ്റന്‍ കെ.ജി. നായര്‍ മലയാളിയുടെ മനസില്‍ ഇടം പിടിച്ചതും ‘കുണുക്കു പെണ്‍മണിയെ ഞുണുക്കു വിദ്യകളാല്‍ ‘എന്ന പാട്ടിലൂടെയാണ്. വിദ്യാസാഗര്‍ ഈണമിട്ട എം.ജി ശ്രീകുമാറും ചിത്രയും ആലപ്പിച്ച ഗാനത്തിന്റെ തുടക്ക ഭാഗമാണ് ഇന്നസെന്റ് പാടിയിരിക്കുന്നത്.

1990 ല്‍ പി.ജി വിശ്വംഭരന്റ പുറത്തിറങ്ങിയ ഗജകേസരിയോഗത്തിലെ ആനക്കാരന്‍ അയ്യപ്പന്‍ നായര്‍ പാടിയ പാട്ട് ഇന്നും മലയാളിയുടെ മനസില്‍ മായാതെയുണ്ട്. ‘ആനച്ചന്ദം ഗണപതി മേളച്ചന്ദം എട്ടുംപൊട്ടും തിരിയാനിത്തിരി ഹിന്ദിച്ചന്ദം’ എന്ന് പാടി അഭിനയിച്ചിരിക്കുന്നത് ഇന്നസെന്റിന്റെ തന്നെ ശബ്ദത്തിലാണ്. ഇടയ്ക്ക് വരുന്ന സംഭാഷണവും ആലാപനവും ഇന്നസെന്റ് തന്നെ മിഴിവുള്ളതാക്കി മാറ്റി. ജോണ്‍സണ്‍ മാഷായിരുന്നു ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയത്.

അശോകന്‍, താഹ എന്നിവര്‍ സംവിധാനം ചെയ്ത സുരേഷ് ഗോപി, പാര്‍വ്വതി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച 1990 ല്‍ തന്നെ പുറത്തിറങ്ങിയ ‘സാന്ദ്രം’ എന്ന ചിത്രത്തിലായിരുന്നു ഇന്നസെന്റ് ആലപിച്ച അടുത്ത പാട്ട് മലയാളി കേട്ടത്. കണ്ടല്ലോ പൊന്‍കുരിശുള്ളൊരു തിരുമലയാറ്റൂര്‍ പള്ളി കണ്ടല്ലോ അര്‍ത്തുങ്കല്‍ പള്ളിപ്പെരുന്നാള്‍ കൊണ്ടാട്ടം എന്ന പാട്ടിന് സംഗീത സംവിധാനം നിര്‍വ്വഹിച്ചത് ജോണ്‍സണ്‍ മാഷായിരിന്നു.

2012 ല്‍ പുറത്തിറങ്ങിയ അജ്മല്‍ സംവിധാനം ചെയ്ത ഡോക്ടര്‍ ഇന്നസെന്റാണ് ചിത്രത്തില്‍ ഡോ. ഭാര്‍ഗവന്‍ പിള്ളയെന്ന നായക കഥാപാത്രത്തെയാണ് ഇന്നസെന്റ് അവതരിപ്പിച്ചത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഭാര്‍ഗവന്‍ പിള്ളയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി ഒരുക്കിയ ഗാനമായിരുന്നു ചിത്രത്തില്‍ അദ്ദേഹം പാടി അഭിനയിച്ചത്. സന്തോഷ് വര്‍മ്മയായിരുന്നു സംഗീത സംവിധായകന്‍.

നടനും സംവിധായകനുമായ ലാലും മകന്‍ ജീന്‍ പോള്‍ ലാലും ചേര്‍ന്ന് സംവിധാനം ചെയ്ത സുനാമിയില്‍ പല താരങ്ങള്‍ ചേര്‍ന്നു ആലപിച്ച രസകരമായ പാട്ട് ആരംഭിക്കുന്നത് ഇന്നസെന്റ് തന്റെ സ്വന്തം ശബ്ദത്തിലൂടെയാണ്. ‘സമാഗരിസ സരിഗമ ഗരിസരി സമാഗരിസ
മരത്തിലുണ്ടാക്കിവെച്ച വട്ടത്തിലെ റാട്ടെ മരംകെട്ടി വെട്ടി വലിക്കണെ റാക്കേ’ എന്ന് തുടങ്ങുന്ന ഗാനമായിരുന്നു അത്.

ഷാഫി സംവിധാനം ചെയ്ത 2002 ല്‍ പുറത്തിറങ്ങിയ കല്യാണ രാമനിലും അത്തരത്തില്‍ പല ഒത്തു ചേര്‍ന്ന ഗാനത്തിലും ഇന്നസെന്റ് പങ്കാളിയാവുന്നുണ്ട്. ഇന്നസെന്റ് ചിത്രത്തില്‍ അവതരിപ്പിച്ച കഥാപാത്രമായ മസില്‍മാന്‍ പോഞ്ഞിക്കര ‘ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍ കേവലമൊരുപിടി മണ്ണല്ല ‘ എന്ന പാട്ടുമായിട്ടാണ് ആ ഗാനത്തിന്റെ ഭാഗമാകുന്നത്.

1990 ല്‍ വിദേശ രാജ്യങ്ങളില്‍ നടന്ന സ്‌റ്റേജ് ഷോകളില്‍ മോഹന്‍ലാല്‍, നെടുമുടി വേണു, ഇന്നസെന്റ് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച കോമഡി സ്‌കിറ്റിലെ കഥാപാത്രമായിരുന്നു കാഥികന്‍ പരമന്‍ പത്താനപുരം. കഥാ പുസ്തകമെടുക്കാന്‍ മറന്ന ഇന്നസെന്റ് അവരിപ്പിച്ച പരമന്‍ പത്തനാപുരം നിസാഹായവസ്ഥയില്‍ ആവര്‍ത്തിച്ചു പാടുന്ന ‘ഓലയാല്‍ മേഞ്ഞൊരു കൊമ്പു ഗൃഹത്തിന്റെ കോലയില്‍ നിന്നൊരു കോമളാംഗി’ എന്ന വരികളും മലയാളികള്‍ ഒരിക്കലും മറക്കാനാവാത്തതാണ്.

Vijayasree Vijayasree :