സൗജന്യ റേഷൻ വാങ്ങാനിറങ്ങിയ തന്നെ മകൻ വിലക്കി; കാരണം തുറന്ന് പറഞ്ഞ് ഇന്നസെന്റ്

കൊറോണയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സൗജന്യ റേഷനാണ് ജനങ്ങൾക്ക് നല്ലകുന്നത്. റേഷന്‍ വാങ്ങാനിറങ്ങിയ തന്നെ മകന്‍ സോണറ്റ് വിലക്കിയതിനെ കുറിച്ച് ഇന്നസെന്റ്. അഭിമുഖത്തിലാണ് ഈ രസകരമായ സംഭവം ഇന്നസെന്റ് വിവരിച്ചത്

ഇന്നസെന്റിന്റെ വാക്കുകള്‍:

എന്റെ വീട്ടില്‍ നിന്ന് നാലഞ്ച് കടകള്‍ക്ക് അപ്പുറം ആണ് ഞങ്ങളുടെ റേഷന്‍കട. ഒരു ദിവസം ഞാന്‍ സഞ്ചിയും റേഷന്‍കാര്‍ഡും എടുത്തു വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ മകന്‍ സോണറ്റ് ചോദിച്ചു ‘അപ്പന്‍ ഇത് എങ്ങോട്ടാ?’. ഞാന്‍ പറഞ്ഞു ‘റേഷന്‍ വാങ്ങാന്‍. സര്‍ക്കാര്‍ എല്ലാവര്‍ക്കും സൗജന്യമായി അരി കൊടുക്കുന്നുണ്ടല്ലോ… ‘

‘അപ്പന്‍ ഇപ്പോ പോകണ്ട’. പെട്ടെന്ന് സോണറ്റിന്റെ മുഖം മണിച്ചിത്രത്താഴിലെ സുരേഷ് ഗോപിയെ പോലെ. ഞാനും വിട്ടില്ല. തിരിച്ചു ചോദിച്ചു. ‘അതെന്താ ഞാന്‍ പോയാല്’… ‘അത് ശരിയാകില്ല.’ സോണറ്റ് കടുപ്പിച്ച് തന്നെയാണ്. അങ്ങനെ യാത്ര മുടങ്ങി. രണ്ടു ദിവസം കഴിഞ്ഞ് ഞാന്‍ അവനോടു ചോദിച്ചു. ‘ഡാ, സൊണറ്റേ, നീ എന്തിനാടാ അപ്പന്റെ റേഷന്‍ കടയില്‍ പോക്ക് മുടക്കിയത്?’

‘അപ്പന്റെ ഉദ്ദേശം എനിക്ക് മനസ്സിലായി. അപ്പന്‍ റേഷന്‍ വാങ്ങാന്‍ പോയി എന്ന് പറഞ്ഞ് നാളെ പത്രത്തില്‍ വാര്‍ത്ത വരണം. കുറച്ച് പബ്ലിസിറ്റി കിട്ടണം. അതു കഴിഞ്ഞ് മന്ത്രി സുനില്‍കുമാര്‍ അപ്പനെ കാണാന്‍ ഇവിടെ വരും. അതും വാര്‍ത്തയാക്കണം. അപ്പന്‍ അങ്ങനെ ആള്‍ ആകേണ്ട എന്ന് കരുതി തന്നെയാണ് ഞാന്‍ പോകണ്ട എന്നു പറഞ്ഞത്…’

‘എന്റെ ഈശോയെ…’ എന്നു വിളിച്ച് ഒരു നിമിഷം പകച്ചു നിന്നെങ്കിലും സമനില വീണ്ടെടുത്ത് ഞാന്‍ ഭാര്യയെ വിളിച്ചു പറഞ്ഞു. ‘ആലീസേ, നമ്മുടെ ഒരു ഉരുപ്പടിയും മോശല്ലാട്ടോ’ ഇന്നസെന്റ് വിവരിക്കുന്നു

innocent

Noora T Noora T :