എല്ലാ ചോദ്യങ്ങള്‍ക്കും ‘ഗംഭീര ഉത്തരം’ നല്‍കി ‘ഇനി ഉത്തരം’; കരുത്തുറ്റ ഇമോഷണല്‍ ത്രില്ലര്‍- റിവ്യൂ

ദേശീയ അവാര്‍ഡ് നേട്ടത്തിനു ശേഷം അപര്‍ണ ബാലമുരളിയുടേതായി മലയാളത്തില്‍ എത്തുന്ന തിയേറ്റര്‍ റിലീസ് ചിത്രമാണ് ഇനി ഉത്തരം. ഏത് ഉത്തരത്തിനും ഒരു ചോദ്യമുണ്ട് എന്ന ടാഗ് ലൈനില്‍ എത്തിയ ചിത്രം പ്രേക്ഷകരുടെ എല്ലാ സംശയത്തിനുമുള്ള ഉത്തരം നല്‍കിയിരിക്കുകയാണ്. ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തിയപ്പോള്‍ തന്നെ വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരുന്നത്.

തീയറ്ററില്‍ നിന്ന് സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മുഖത്ത് നല്ല സിനിമ അനുഭവിച്ചിറങ്ങിയതിന്റെ സന്തോഷം കാണാനും കഴിയുന്നുണ്ട്. ഒരിടത്തും ഒരു പോരായ്മ വീഴ്ത്താതെ വളരെ ശ്രദ്ധയോടെ ചിത്രത്തെ കൊണ്ടു പോകാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. നല്ല കാമ്പുള്ള ശക്തമായ തിരക്കഥയും മികച്ചു നില്‍ക്കുന്ന സംവിധാനവും തന്നെയാണ് ഇനി ഉത്തരത്തിന്റെ പിന്‍ബലമായി മാറുന്നത്.

സുധീഷ് രാമചന്ദ്രന്‍ എന്ന സംവിധായകന്‍ തന്റെ വരവ് ഗംഭീരമാക്കിയിട്ടുണ്ട് ഈ സിനിമയിലൂടെ. ഇനിയും മികച്ച ചിത്രങ്ങളുമായി പ്രേക്ഷകരെ ഞെട്ടിക്കുവാന്‍ തനിക്ക് കഴിയും എന്ന് തന്നെയാണ് ഇനി ഉത്തരം നല്‍കുന്ന ഫീല്‍. ഓരോ മിനുറ്റിലും പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നതില്‍ സിനിമ വിജയിച്ചുവെന്ന് നിസംശയം പറയാം.

ഏച്ചുകെട്ടലുകളോ അനാവശ്യ ബില്‍ഡപ്പുകളോ ഇല്ലാതെ നേരിട്ട് കഥ പറയുന്ന രീതിയാണ് സംവിധായകന്‍ സുധീഷ് രാമചന്ദ്രന്‍ അവലംബിച്ചിരിക്കുന്നത്. മലമടക്കുകളും കാടും തോട്ടങ്ങളുമൊക്കെയുള്ള ഇടുക്കിയുടെ ഭൂപ്രകൃതിയിലാണ് ഈ ത്രില്ലര്‍ ഡ്രാമ സംവിധായകന്‍ സെറ്റ് ചെയ്തിരിക്കുന്നത്. ഒരിടത്തും ലാഗ് അനുഭവിപ്പിക്കുന്നില്ല എന്നതാണ് തിരക്കഥാകൃത്ത് രഞ്ജിത്ത് ഉണ്ണിയുടെ വിജയം. ഏറെ വ്യത്യസ്തമായ രീതിയിലാണ് ചിത്രത്തിന്റെ മുന്നോട്ടുള്ള പോക്ക്.

ക്ളീഷേ ത്രില്ലർ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രണയവും സംഗീതവുമുൾപ്പെടെ കുടുംബ പ്രേക്ഷകർക്ക് വേണ്ട ചേരുവകകളെല്ലാമുണ്ട്. സിനിമയുടെ നെടുംതൂണായ ജാനകിയിലൂടെ മുന്നോട്ടുപോകുന്ന കഥ ഒരു ഘട്ടത്തിൽ പോലും സസ്പെൻസ് പൊളിക്കുന്നില്ല.  ചിത്രത്തിന്റെ ഒന്നാം പകുതി കഴിയുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ഉത്തരത്തിനു പകരം ഒരായിരം ചോദ്യങ്ങളാണ് അവശേഷിക്കുന്നത്.   നിരവധി ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്ന ആദ്യ പകുതിക്കുള്ള വലുതും ചെറുതുമായ ഉത്തരങ്ങള്‍ ചേര്‍ന്നതാണ് രണ്ടാം പകുതി.

ഹരീഷ് ഉത്തമനും കലഭാവന്‍ ഷാജോണും പോലീസ് വേഷങ്ങളില്‍ ഗംഭീര പ്രകടനം കാട്ടുന്നുണ്ട്. ഇതുവരെ രണ്ടു പേരും ചെയ്ത പോലീസ് കഥാപാത്രങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ഈ ചിത്രത്തിലെത്. ഇവര്‍ മാത്രമല്ല. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ച പ്രകടനങ്ങളാണ് കാഴ്ച വെച്ചിരിക്കുന്നത്.

അപര്‍ണ ബാലമുരളിയുടെ പ്രകടനം എടുത്ത് പറയേണ്ടത് തന്നെയാണ്. തനിക്ക് ലഭിച്ച കഥാപാത്രത്തെ മികവുറ്റതാക്കാന്‍ അങ്ങേയറ്റം പരിശ്രമിക്കുന്ന നടിയാണ് അപര്‍ണയെന്ന് എല്ലാവര്‍ക്കും ഇതിനോടകം ബോധ്യമായതാണ്. ആ കഴിവ് അപര്‍ണ ഇവിടെയും അതി ഗംഭീരമായി ചെയ്തിട്ടുണ്ട്. കഥാപാത്രത്തിന് ചേര്‍ന്ന രീതിയില്‍ ഒട്ടുമൊരു കോട്ടം സംഭവിക്കാതെ അവസാനം വരെ നിലനിര്‍ത്തുന്നുണ്ട്.

അപര്‍ണയെ കൂടാതെ ഹരീഷ് ഉത്തമന്‍, ചന്തുനാഥ്, സിദ്ധാര്‍ത്ഥ് മേനോന്‍, സിദ്ദിഖ്, ജാഫര്‍ ഇടുക്കി, ഷാജു ശ്രീധര്‍, ജയന്‍ ചേര്‍ത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കളായി എത്തുന്നത്. എ&വി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് വരുണ്‍, അരുണ്‍ എന്നീ സഹോദരങ്ങളാണ്. ഛായാഗ്രഹണം രവിചന്ദ്രന്‍ നിര്‍വ്വഹിക്കുന്നു. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് ഹൃദയത്തിന് സംഗീതം നല്‍കിയ ഹിഷാം അബ്ദുല്‍ വഹാബ് സംഗീതം നിര്‍വഹിക്കുന്നു.

എ ആന്‍ഡ് വി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ വരുണ്‍, അരുണ്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മിക്കുന്നു. പ്രൊജക്റ്റ് ഡിസൈനര്‍ ആന്റ് മാര്‍ക്കറ്റിംങ്ഒ20 സ്‌പെല്‍, എഡിറ്റിംഗ് ജിതിന്‍ ഡി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, റിനോഷ് കൈമള്‍, കലാസംവിധാനം അരുണ്‍ മോഹനന്‍, മേക്കപ്പ് ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്!ണന്‍, സ്റ്റില്‍സ് ജെഫിന്‍ ബിജോയ്, പരസ്യകല ജോസ് ഡോമനിക്, ഡിജിറ്റല്‍ പിആര്‍ഒ: വൈശാഖ് സി. വടക്കേവീട്. ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍ ദീപക് നാരായണ്‍.

Vijayasree Vijayasree :