എനിക്ക് 15000 രൂപ തന്നാല്‍ ചേട്ടന് 25,000 രൂപ ലാഭമല്ലേ എന്നാണ് ഇന്ദ്രന്‍സ് നിഷ്‌കളങ്കമായി പറഞ്ഞത്

ഇന്ദ്രന്‍സില്‍ ഒരു വേന്ദ്രനുണ്ടെന്നു പറഞ്ഞു തുടങ്ങിയ പ്രിയദര്‍ശന്റെ നര്‍മത്തില്‍പ്പൊതിഞ്ഞ പ്രഭാഷണം സദസ്സില്‍ ചിരിയുണര്‍ത്തി. പണ്ട് കല്ലിയൂര്‍ ശശി നിര്‍മിച്ച ഒരു ചിത്രത്തില്‍ മൂന്നുദിവസത്തെ അഭിനയത്തിനായി ഇന്ദ്രന്‍സ് എത്തി. പ്രതിഫലമായി ഇന്ദ്രന്‍സ് പറഞ്ഞത് 15000 രൂപയാണ്. 5000 രൂപയില്‍ കൂടുതല്‍ തരില്ലെന്നും ആ തുകയ്ക്ക് വേറെ ആളിനെ വെച്ച് അഭിനയിപ്പിച്ചോളാമെന്നുമായി കല്ലിയൂര്‍ ശശി.

ഇതിനിെട, രണ്ടു ദിവസം ഇന്ദ്രന്‍സ് അഭിനയിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ശശിയോട് ഇന്ദ്രന്‍സ് ചോദിച്ചു ‘ഞാന്‍ രണ്ടു ദിവസം അഭിനയിച്ച രംഗങ്ങള്‍ റീഷൂട്ട് ചെയ്യാന്‍ എത്ര രൂപയാകും’? 40000 വരെയാകുമെന്ന് ശശി പറഞ്ഞു. അപ്പോള്‍ വളരെ നിഷ്‌കളങ്കമായി ഇന്ദ്രന്‍സ് പറഞ്ഞത് ‘എനിക്ക് 15000 രൂപ തന്നാല്‍ ചേട്ടന് 25,000 രൂപ ലാഭമല്ലേ’ എന്നായിരുന്നു.

ദേഷ്യത്തില്‍ നിന്ന ശശി ഇതുകേട്ടു പൊട്ടിച്ചിരിച്ചതായും പ്രിയദര്‍ശന്‍ പറഞ്ഞു. സിനിമയില്‍ കയറിപ്പറ്റുക അത്ര എളുപ്പമല്ലെന്നു മനസ്സിലാക്കിയ അദ്ദേഹം, ആദ്യം അറിയാവുന്ന തൊഴില്‍ െവച്ച് സിനിമയിെേലക്കത്തി. ചെറിയ വേഷങ്ങള്‍ ലഭിച്ചു. അതിന് ജനങ്ങളുടെ അംഗീകാരം കിട്ടിയതോടെ കൂടുതല്‍ മികവുറ്റ വേഷങ്ങളിലേക്ക് എത്തിച്ചേര്‍ന്നു പ്രിയദര്‍ശന്‍ പറഞ്ഞു.

അതേസമയം, തനിക്കു ലഭിച്ച ദേശീയ അവാര്‍ഡ് മലയാളമണ്ണിനു സമര്‍പ്പിക്കുന്നുവെന്ന് നടന്‍ ഇന്ദ്രന്‍സ്. നടന്‍ മധുവിന്റെ നവതിയാഘോഷത്തിനു മുന്നോടിയായി ട്രിവാന്‍ഡ്രം ഫിലിം ഫ്രട്ടേണിറ്റിയുടെ ആദരവ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു ഇന്ദ്രന്‍സ്.

മധുസാറിനെയൊക്കെ കണ്ടാണ് താന്‍ സിനിമാക്കാരനായതെന്ന് ഇന്ദ്രന്‍സ് പറഞ്ഞു. അദ്ദേഹത്തെ കാണാനായി പലതവണ മതിലിനു മുകളിലൂടെ എത്തിനോക്കിയിട്ടുണ്ട്. നല്ല ആളുകളെ കാണാനായി ഇങ്ങനെ എത്തിനോക്കിയാണ് തന്റെ കഴുത്ത് നീണ്ടുപോയതെന്നു പലരും പറയാറുണ്ട്. തയ്യല്‍ക്കാരനായി എത്തി നടനായി മാറിയ തന്റെ യാത്രയുടെ പരിസമാപ്തിയാണിത്.

ഇവിടെയുള്ള എല്ലാവരെയും കണ്ടും അറിഞ്ഞുമാണ് താന്‍ സഞ്ചരിച്ചത്. ഒപ്പം നല്ല കഥാപാത്രങ്ങള്‍ ലഭിച്ചത് ഭാഗ്യമായി കാണുന്നു. നമ്മുടെ സിനിമയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇവിടെനിന്നുള്ളവര്‍ നന്നായി പരിശ്രമിച്ചതുകൊണ്ടാണ് തനിക്ക് ദേശീയ അവാര്‍ഡ് ലഭിച്ചതെന്നും ഇന്ദ്രന്‍സ് പറഞ്ഞു. ട്രിവാന്‍ഡ്രം ഫിലിം ഫ്രട്ടേണിറ്റിയുടെ ആദരവ് സംവിധായകന്‍ പ്രിയദര്‍ശന്‍ ഇന്ദ്രന്‍സിനു സമ്മാനിച്ചു.

കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുവേണ്ടി ബി.രാകേഷ് ആദരവ് നല്‍കി. മധുവിനെക്കുറിച്ചുള്ള ഡോക്യുമെന്ററി തയ്യാറാക്കിയ പുഷ്പന്‍ ദിവാകരനെ നടിമാരായ സീമ, മേനക, ജലജ എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു. മധുവിന്റെ മകള്‍ ഉമ, ഫിലിം ഫ്രട്ടേണിറ്റി ഭാരവാഹികളായ ജി.സുരേഷ് കുമാര്‍, കല്ലിയൂര്‍ ശശി, എം.രഞ്ജിത്, ചന്ദ്രസേനന്‍ നായര്‍, കീരിടം ഉണ്ണി, നടന്‍ മണിയന്‍പിള്ള രാജു തുടങ്ങിയവര്‍ പങ്കെടുത്തു.

Vijayasree Vijayasree :