ഇന്ത്യന്‍ 2 റിലീസ് തീയതി പുറത്ത്, പിന്നാലെ മൂന്നാം ഭാഗവും!; പുതിയ വിവരങ്ങള്‍ പങ്കുവെച്ച് അണിയറപ്രവര്‍ത്തകര്‍

പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കമല്‍ ഹാസന്റെ ഇന്ത്യന്‍ 2. ഇപ്പോഴിതാ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 12 നാണ് തിയറ്ററുകളിലെത്തുക.

ഈ മാസം 22 ന് ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവരുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. 1996 ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ അന്നത്തെ റെക്കോഡുകളെല്ലാം തകര്‍ത്താണ് ബോക്‌സോഫീസില്‍ മുന്നേറിയത്.

കാജല്‍ അഗര്‍വാള്‍, സിദ്ധാര്‍ഥ്, രാകുല്‍ പ്രീത് സിങ്, എസ്.ജെ സൂര്യ, ബോബി സിന്‍ഹ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. അവസാനഘട്ട പോസ്റ്റ് പ്രൊഡക്ഷനിലാണിപ്പോള്‍ ഇന്ത്യന്‍ 2. സേനാപതിയെന്ന കഥാപാത്രമായാണ് ചിത്രത്തില്‍ കമല്‍ഹാസനെത്തുന്നത്.

തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക.ഇന്ത്യന്‍ 2 പുറത്തുവരുന്നതിന് പിന്നാലെ ചിത്രത്തിന്റെ മൂന്നാം ഭാഗവും പുറത്തുവരുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അടുത്തവര്‍ഷം ജനുവരിയില്‍ ഇന്ത്യന്‍ 3 പുറത്തുവരുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2019 ലാണ് ഇന്ത്യന്‍ 2 വിന് തുടക്കമിടുന്നത്. ലൈക്ക പ്രൊഡക്ഷന്‍സും റെഡ് ജയ്ന്റ് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Vijayasree Vijayasree :