അവരുടെ ശബ്ദവും കഴിവും എന്റെ പാട്ടുകളെ കൂടുതല്‍ മെച്ചപ്പെടുത്തി, ആത്മാവിന് ശാന്തി ലഭിക്കട്ടേയെന്ന് ഇളയരാജ

ഗായിക വാണി ജയറാമിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് സംഗീതസംവിധായകന്‍ ഇളയരാജ. ‘വാണി ജയറാമിന്റെ. വിയോഗം കേട്ട് ഞാന്‍ നിരാശനാണ്. പതിനായിരത്തിലധികം ഇന്ത്യന്‍ ഗാനങ്ങള്‍ ആലപിച്ച അവര്‍ തനിക്കായി ഒരു പ്രത്യേക ഇടം നേടിയിട്ടുണ്ട്.

എന്റെ കോമ്‌ബോസിഷനില്‍ വളരെ മനോഹരമായ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്, അത് ആരാധകര്‍ ഇഷ്ടപ്പെടുന്നു. അവരുടെ ശബ്ദവും കഴിവും പാട്ടുകളെ കൂടുതല്‍ മെച്ചപ്പെടുത്തി. അവരുടെ വേര്‍പാടില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്, അവരുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ.’ എന്നും ട്വിറ്ററില്‍ അദ്ദേഹം എഴുതി.

അതേസമയം, ഗായിക വാണി ജയറാമിന്റെ മരണത്തിലേക്ക് നയിച്ചത് തലയിലേറ്റ മുറിവെന്ന് പൊലീസ്. കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ വീണ് മേശയില്‍ തലയിടിക്കുകയായിരുന്നുവെന്നും ഇതാണ് മരണത്തിന് കാരണമായതെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്. മരണത്തില്‍ മറ്റ് സംശയങ്ങള്‍ ഒന്നുമില്ലെന്നും പൊലീസ് വ്യക്തമാക്കി.

ചെന്നൈ നുങ്കമ്പാക്കത്തെ ഹാഡോസ് റോഡില്‍ ഉള്ള വസതിയിലാണ് വാണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2018ല്‍ ഭര്‍ത്താവ് ജയറാം അന്തരിച്ച ശേഷം വാണി ഒറ്റയ്ക്കായിരുന്നു ഈ വീട്ടില്‍ താമസം.

രാവിലെ 11 മണിയോടെ സഹായിയായ സ്ത്രീ വീട്ടിലെത്തിയെങ്കിലും വാണി വാതില്‍ തുറന്നില്ല. ഇതോടെ ഇവര്‍ ബന്ധുക്കളേയും പൊലീസിനേയും വിവരം അറിയിച്ചു. പിന്നീട് പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി വാതില്‍ പൊളിച്ച് അകത്ത് പ്രവേശിക്കുകയായിരുന്നു. കിടപ്പുമുറിയില്‍ മരണപ്പെട്ട നിലയിലാണ് വാണിയെ കണ്ടെത്തിയത്.

Vijayasree Vijayasree :