കണ്‍മണി പാരയായി; ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ന് എട്ടിന്റെ പണിയുമായി ഇളയരാജ; 15 ദിവസത്തിനുള്ളില്‍ നഷ്ടപരിഹാരം കിട്ടണം!

മലയാള ചലച്ചിത്ര ലോകത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച ചിത്രമാണ് വമ്പന്‍ ഹിറ്റായി മാറിയ മഞ്ഞുമ്മല്‍ ബോയ്‌സ്. ഇപ്പോഴിതാ സിനിമക്ക് എട്ടിന്റെ പണി നല്‍കിയിരിക്കുകയാണ് സംഗീത സംവിധായകന്‍ ഇളയരാജ. മഞ്ഞുമ്മലില്‍ ഉപയോഗിച്ച ‘കണ്‍മണി അന്‍പോട് കാതലന്‍’ എന്ന ഗാനം തന്റെ സൃഷ്ടിയാണെന്നും തന്റെ അനുമതി വാങ്ങാതെയാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ആ ഗാനം ഉപയോഗിച്ചതെന്നും ഇളയരാജ പറയുന്നു.

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ പകര്‍പ്പവകാശ നിയമം ലംഘിച്ചുവെന്നും ടൈറ്റില്‍ കാര്‍ഡില്‍ പരാമര്‍ശിച്ചത് കൊണ്ടു മാത്രം കാര്യമില്ലെന്നും 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ഇളയരാജ ആവശ്യപ്പെട്ടിരിക്കുന്നത്. നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് നീങ്ങുമെന്നും നോട്ടിസില്‍ പറയുന്നു.

സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരുടെ ഉടമസ്ഥതിയിലുള്ള പറവ ഫിലിംസ് ആണ് ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മിച്ചത്.

1991ല്‍ സന്താന ഭാരതി സംവിധാനം ചെയ്ത് കമല്‍ ഹാസന്‍ ടൈറ്റില്‍ റോളിലെത്തിയ ‘ഗുണ’ എന്ന ചിത്രത്തിനു വേണ്ടി ഇളയരാജ ഈണമൊരുക്കിയ ഗാനമാണ് ‘കണ്‍മണി അന്‍പോട് കാതലന്‍’. ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന ചിത്രത്തിന്റെ പല പ്രധാന രംഗങ്ങളിലും ഈ ഗാനം ഉപയോഗിച്ചിട്ടുണ്ട്.

പകര്‍പ്പവകാശത്തെ സംബന്ധിച്ചുള്ള മറ്റൊരു കേസില്‍ ഇളയരാജയ്ക്ക് കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടത്. ഒരു പാട്ട് അത് ആലപിച്ച വ്യക്തിക്ക് മാത്രം അവകാശപ്പെട്ടതല്ലെന്നും അതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അതിന്മേല്‍ അധികാരമുണ്ടെന്നുമായിരുന്നു കോടതി വിധി.

Vijayasree Vijayasree :