ഏഴ് ദിവസത്തിനകം ഗാനങ്ങൾ ചിത്രത്തിൽ നിന്നും നീക്കണം, 5 കോടി നഷ്ടപരിഹാരം വേണം; അജിത്ത് ചിത്രത്തിനെതിരെ ഇളയരാജ

അജിത്തിന്റേതായി പുറത്തെത്തിയ ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിനെതിരെ രം​ഗത്തെത്തി സംഗീതജ്ഞൻ ഇളയരാജ. താൻ ഈണമിട്ട ഗാനങ്ങൾ അനുവാദമില്ലാതെ ഉപയോഗിച്ചെന്ന് കാണിച്ചാണ് നിയമ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് 5 കോടി രൂപ നഷ്ടപരിഹാരം ആണ് ഇളയരാജ ചിത്രത്തിന്റെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സിന് നോട്ടീസ് അയച്ചു.

നഷ്ടപരിഹാരമായി 5 കോടി നൽകണമെന്നും ഏഴ് ദിവസത്തിനകം ഗാനങ്ങൾ ചിത്രത്തിൽ നിന്നും നീക്കണമെന്നുമാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്. ‘ഒത്ത രൂപ തരേൻ’, ‘എൻ ജോഡി മഞ്ഞക്കരുവി’, ‘ഇളമൈ ഇതോ ഇതോ’ എന്നീ ഗാനങ്ങൾ ഉപയോഗിച്ചതിനാണ് നോട്ടീസ്. അതേസമയം, നിലവിൽ ഗുഡ് ബാഡ് അഗ്ലി നിർമ്മാതാക്കൾ ഇളയരാജയുടെ നോട്ടീസിനോട് പ്രതികരിച്ചിട്ടില്ല.

ഏപ്രിൽ10ന് ആയിരുന്നു ഗുഡ് ബാഡ് അഗ്ലി റിലീസ് ചെയ്തത്. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ചിത്രം അഞ്ച് ദിവസത്തിൽ 100 കോടിയോളം രൂപ കളക്ട് ചെയ്തു കഴിഞ്ഞു. മാസ് ആക്ഷൻ പടമായി ഒരുങ്ങിയ ഗുഡ് ബാഡ് അഗ്ലിയിൽ സുനിൽ, ഷൈൻ ടോം ചാക്കോ, പ്രസന്ന, ജാക്കി ഷെറോഫ്, പ്രഭു, യോഗി ബാബു, തൃഷ, പ്രിയ വാര്യർ, സിമ്രാൻ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചത്.‌

ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്ത് ആദ്യ ഷോ പൂർത്തിയാകുന്നതിനു മുൻപ് തന്നെ വ്യാജ പ്രിൻ്റ് ഇൻ്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടത് വലിയ വാർത്തയായിരുന്നു. തമിഴ് ബ്ലാസ്റ്റേഴ്സ് എന്ന കുപ്രസിദ്ധ വെബ്സൈറ്റിലാണ് സിനിമയുടെ പ്രിൻ്റ് അപ്‌ലോഡ് പ്രത്യക്ഷപ്പെട്ടത്. ‘മാർക്ക് ആന്റണി’ക്കുശേഷം ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ‘ഗുഡ് ബാഡ് അഗ്ലി’ ‘ഫാൻ ബോയ് സംഭവമാണ്’ എന്നാണ് പലരും അഭിപ്രായപ്പെട്ടുന്നത്. ഇൻട്രോ സീൻ മുതൽ ആരാധകർക്ക് ആഘോഷിക്കാനുള്ള വക സിനിമ നൽകുന്നുണ്ട്.

Vijayasree Vijayasree :