മറ്റുള്ളവര്‍ പറയുന്നത് എന്തെന്ന് ശ്രദ്ധിക്കുന്നത് എന്റെ ജോലിയല്ല, വിവാദങ്ങള്‍ക്കിടെ ഒരു സിംഫണി എഴുതി തീര്‍ത്തുവെന്ന് ഇളയരാജ

നിരവധി ആരാധകരുള്ള സംഗീത സംവിധയാകനാണ് ഇളയരാജ. ഇടയ്ക്കിടെ വിവാദങ്ങളും വിമര്‍ശനങ്ങളുമെല്ലാം അദ്ദേഹത്തിന്റേതായി വരാറുണ്ട്. ഇപ്പോഴിതാ പകര്‍പ്പവകാശ ഹര്‍ജിയിലേറ്റ തിരിച്ചടിയേക്കുറിച്ചും തുടര്‍വിവാദങ്ങളേക്കുറിച്ചും പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹം. പുറത്ത് വിവാദങ്ങള്‍ കൊഴുക്കുമ്പോള്‍ താന്‍ പുതിയൊരു സിംഫണി എഴുതിത്തീര്‍ത്തെന്ന് അദ്ദേഹം വിവിധ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.

‘എന്നെപ്പറ്റി പല തരത്തിലുള്ള വീഡിയോകള്‍ പ്രചരിക്കുന്നുണ്ടെന്ന് എനിക്കു വേണ്ടപ്പെട്ടവര്‍ പലരും പറഞ്ഞു. ഞാനവയൊന്നും ശ്രദ്ധിക്കുന്ന ആളല്ല. മറ്റുള്ളവര്‍ പറയുന്നത് എന്തെന്ന് ശ്രദ്ധിക്കുന്നത് എന്റെ ജോലിയല്ല. എന്റെ ജോലിയില്‍ ശ്രദ്ധിക്കുക എന്നതാണ് എനിക്കു പ്രധാനം. ഞാനെന്റെ വഴിയില്‍ കൃത്യമായി പോയിക്കൊണ്ടിരിക്കുകയാണ്.

നിങ്ങള്‍ എന്റെ പേര് ഈ തരത്തില്‍ ആഘോഷിക്കുന്ന സമയത്ത്, ഞാനൊരു സിംഫണിയുടെ തിരക്കിലായിരുന്നു. സിനിമയുടെ വര്‍ക്കുകള്‍ നടക്കുന്നതിനിടയില്‍ തന്നെ 35 ദിവസങ്ങള്‍ കൊണ്ട് ഞാനൊരു സിംഫണി എഴുതി തീര്‍ത്തു’ എന്ന് ഇളയരാജ പറഞ്ഞു.

തനിക്കേറെ സന്തോഷകരമായ ഈ കാര്യം നിങ്ങളുമായി പങ്കുവയ്ക്കുന്നതില്‍ സന്തോഷമുണ്ട്. സിനിമാ സംഗീതമോ പശ്ചാത്തലസംഗീതമോ പ്രതിഫലിക്കുന്നുണ്ടെങ്കില്‍ അതു നല്ലൊരു സിംഫണി അല്ലെന്നാണ് തന്റെ പക്ഷം. എന്നാല്‍, ഇപ്പോള്‍ എഴുതി തീര്‍ത്ത സിംഫണി ശുദ്ധമായ ഒന്നാണ്. പ്രിയപ്പെട്ട ആരാധകര്‍ക്ക് ഈ സിംഫണി സമര്‍പ്പിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം വീഡിയോ അവസാനിപ്പിക്കുന്നത്.

പാട്ടുകളുടെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട് പലപ്പോഴും വിവാദങ്ങളില്‍പ്പെടുന്ന സം?ഗീത സംവിധായകനാണ് ഇളയരാജ. ഈയിടെ ഇളയരാജയുടെ ഗാനങ്ങളുടെ പകര്‍പ്പവകാശം സംബന്ധിച്ച് റെക്കോഡിങ് കമ്പനി നല്‍കിയ അപ്പീലില്‍ വാദം കേള്‍ക്കുന്നതില്‍നിന്ന് ജഡ്ജി പിന്മാറിയത് വലിയ വാര്‍ത്തയായിരുന്നു.

ഇളയരാജ ഈണമിട്ട 4500ലധികം പാട്ടുകള്‍ക്ക് അദ്ദേഹത്തിന് പ്രത്യേക അവകാശം നല്‍കിയ 2019ലെ ഏകാംഗ ബെഞ്ച് ഉത്തരവിനെതിരേ എക്കൊ റെക്കോഡിങ് കമ്പനിയാണ് കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.

മലേഷ്യ ആസ്ഥാനമായ ആഗി മ്യൂസിക്, എക്കൊ റെക്കോഡിങ് കമ്പനി, ആന്ധ്രയിലെ യൂണിസിസ് ഇഫൊ സൊലൂഷന്‍ കമ്പനി, മുംബൈയിലെ ഗിരി ട്രേഡിങ് കമ്പനി എന്നിവര്‍ക്കെതിരായി 2014ലെ ഇളയരാജയുടെ സിവില്‍ കേസിലായിരുന്നു കോടതി ഉത്തരവ്. താന്‍ ഒരുക്കിയ പാട്ടുകള്‍ അനുവാദമില്ലാതെ ഉപയോഗിച്ച് പണം സമ്പാദിക്കുന്നതില്‍നിന്ന് കമ്പനികളെ തടയണമെന്ന് ഇളയരാജ ആവശ്യപ്പെട്ടിരുന്നു.

Vijayasree Vijayasree :