കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ (ഐ.എഫ്.എഫ്.കെ.) പ്രതിനിധി ഫീസിനും ജി.എസ്.ടി. ഏര്‍പ്പെടുത്തുന്നത് ചെറുതും വലുതുമായ മേളകളെയും ഭാവിയില്‍ ബാധിക്കും. 18 ശതമാനം ജി.എസ്.ടി.യുടെ അധികബാധ്യത പ്രതിനിധികളുടെ തലയില്‍വരും. സാംസ്‌കാരിക പ്രവര്‍ത്തനത്തിനും ചുങ്കം എന്ന ആക്ഷേപം ചലച്ചിത്ര പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നുണ്ട്.
നികുതിയടക്കമുള്ള വരുമാനത്തില്‍നിന്ന് ഗ്രാന്റായി സര്‍ക്കാര്‍ നല്‍കുന്ന പണമാണ് ചലച്ചിത്ര അക്കാദമിയുടെ പ്രവര്‍ത്തനത്തിനും ചലച്ചിത്രമേളയുടെ നടത്തിപ്പിനും ചെലവിടുന്നത്. നികുതിപ്പണത്തിനുതന്നെ വീണ്ടും നികുതി നല്‍കേണ്ടിവരുമെന്നതാകും ഇനിയുള്ള അവസ്ഥ.
ഫെസ്റ്റിവല്‍ബുക്ക്, ഷെഡ്യൂള്‍, തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയവ ഉള്‍പ്പെടുന്ന കിറ്റ് പ്രതിനിധികള്‍ക്ക് നല്‍കുന്നുണ്ട്. സാധാരണ പ്രതിനിധികള്‍ക്ക് 1000 രൂപയും വിദ്യാര്‍ഥികള്‍ക്ക് 500 രൂപയുമാണ് ഫീസ്. ജി.എസ്.ടി. വരുമ്പോള്‍ 1180 രൂപ, 590 രൂപ എന്നിങ്ങനെയാവും.