ഐഎഫ്എഫ്‌കെ; ഉദ്ഘാടന ചിത്രമാകുന്നത് ‘ഗുഡ്‌ബൈ ജൂലിയ’

ഇത്തവണത്തെ ഐഎഫ്എഫ്‌കെയില്‍ ഉദ്ഘാടന ചിത്രമാകുന്നത് സുഡാനില്‍ നിന്നാണ്. നവാഗത സുഡാനിയന്‍ ചലച്ചിത്രകാരന്റെ ‘ഗുഡ്‌ബൈ ജൂലിയ’യാണ് പ്രദര്‍ശിപ്പിക്കുക. ഡിസംബര്‍ എട്ടിന് മേളയുടെ ഉദ്ഘാടന സമ്മേളനത്തിന് ശേഷം വൈകിട്ട് ആറ് മണിക്ക് നിശാഗന്ധിയില്‍ ആണ് സിനിമയുടെ പ്രദര്‍ശനം നടത്തുക.

സുഡാനില്‍ നിന്ന് കാന്‍ ചലച്ചിത്ര മേളയിലേയ്ക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് ‘ഗുഡ്‌ബൈ ജൂലിയ’. 2011ലെ വിഭജന കാലത്ത് സുഡാനില്‍ നിലനിന്നിരുന്ന സാമൂഹിക, രാഷ്ട്രീയ പ്രശ്‌നങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രത്തിന്റെ പ്രമേയം. യുദ്ധ ഭൂമികയില്‍ മനുഷ്യര്‍ നേരിടുന്ന പല പ്രശ്‌നങ്ങളെയും തിരശീലയിലെത്തിക്കാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്.

ഡിസംബര്‍ എട്ട് മുതല്‍ 15 വരെയാണ് ചലച്ചിത്ര മേള നടക്കുക. അതേസമയം, മണ്‍മറഞ്ഞ അതുല്യ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് രാജ്യാന്തര ചലച്ചിത്ര മേളയില്‍ ആദരം അര്‍പ്പിക്കും.

2015 ഐഎഫ്എഫ്‌കെയില്‍ ലൈഫ് ടൈം അചീവ്‌മെന്റ് അവാര്‍ഡ് നേടിയ വിഖ്യാത ഇറാനിയന്‍ ചലച്ചിത്രകാരന്‍ ദാരിയുഷ് മെഹര്‍ജുയിയുടെ ‘എ മൈനര്‍’ ഉള്‍പ്പെടെ 12 പ്രതിഭകളുടെ ചിത്രങ്ങളും മേളയുടെ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. പ്രശസ്ത സംവിധായകന്‍ കെ ജി ജോര്‍ജിന്റെ ‘യവനിക’ എന്ന ചിത്രത്തിന്റെ പുനരുദ്ധരിച്ച പതിപ്പും ഈ വിഭാഗത്തിന്റെ മുഖ്യ ആകര്‍ഷണമാണ്.

Vijayasree Vijayasree :