പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ് ആരാധകർക്ക്. ഏറ്റെടുക്കുന്ന വേഷങ്ങളോടുള്ള നടന്റെ ആത്മാർത്ഥത, ഏത് മേഖലയിലുള്ളവർക്കും കണ്ട് പഠിക്കാവുന്നതാണ്. കലാപാരമ്പര്യത്തിൻറെ തഴമ്പുകളില്ലാതെ സിനിമാ ലോകത്തേയ്ക്കെത്തിയ പി.ഐ.മുഹമ്മദ് കുട്ടി മമ്മൂട്ടിയായി പിന്നെ മമ്മൂക്കയാക്കി ആരാധകരുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയിരിക്കുകയാണ്.
മമ്മൂട്ടിയുടെ വളർച്ച നേരിൽ കണ്ടയാളാണ് സഹോദരൻ നടൻ ഇബ്രാഹിം കുട്ടി. മമ്മൂട്ടിയെക്കുറിച്ച് എപ്പോഴും അദ്ദേഹം വാചാലനാകാറുമുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ ഇബ്രാഹിം കുട്ടി നടത്തിയ പരാമർശം സോഷ്യൽ മീഡിയയിൽ ചർച്ചയായി. മമ്മൂട്ടിയുടെ ടർബോ എന്ന സിനിമ കണ്ട് താൻ കരഞ്ഞു എന്നായിരുന്നു ഇദ്ദേഹം പറഞ്ഞത്. പിന്നാലെ ഈ പരാമർശം ട്രോളുകൾക്കും കാരണമായിരുന്നു.
ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് സംസാരിക്കുകയാണ് ഇബ്രാഹിം കുട്ടി. ടർബോ കണ്ട് താൻ ഇമോഷണലായതിന് കാരണമുണ്ടെന്നാണ് ഇബ്രാഹിം കുട്ടി പറയുന്നത്. സന്തോഷം വരുമ്പോഴും സങ്കടം വരും. അത്രയും അടുപ്പമുള്ള, ഇമോഷണലി ലോക്ക്ഡ് ആയ ആളെ സ്ക്രീനിൽ കാണുമ്പോൾ നമുക്കൊരു ഇമോഷൻ ഉണ്ടാകും. അതാണ് പറഞ്ഞത്.
ടർബോ പോലുള്ള സിനിമ കാണുമ്പോഴും ഇമോഷണലാകും. ആൾക്കാർ സിനിമ ആസ്വദിക്കുന്നത് കാണുമ്പോൾ നമ്മുടെ ഉള്ളിൽ സ്വാഭാവികമായി ഉണ്ടാകുന്ന സന്തോഷമാണത്. കരിയറിലെ ഒരു ഘട്ടത്തിൽ മമ്മൂട്ടി തുടരെ പരാജയങ്ങൾ നേരിട്ടതിനെക്കുറിച്ചും ഇബ്രാഹിം കുട്ടി സംസാരിച്ചു.
അന്ന് പരാജയപ്പെട്ട സിനിമകൾ ഇന്ന് എടുത്ത് കണ്ടാൽ അത് മോശം സിനിമയല്ലെന്ന് മനസിലാകും. വീണ്ടും, ന്യായ വിധി, സായം സന്ധ്യ, അതിനുമപ്പുറം എന്നിങ്ങനെയുള്ള സിനിമകളാണ് അന്ന് വന്നത്. അവ മോശം സിനിമകളല്ല. മോശം സംവിധായകരും ആയിരുന്നില്ല. ഇന്ന് സോഷ്യൽ മീഡിയ ചെയ്യുന്ന രീതിയായിരുന്നു അന്ന് പ്രിന്റ് മീഡിയ ചെയ്തിരുന്നത്. ജനങ്ങൾ അതേക്കുറിച്ച് ചിന്തിച്ചിരുന്നില്ല. ഇന്ന് മാസികകൾ വിൽക്കുന്നില്ലെങ്കിലും അന്ന് മാസികകൾ വിറ്റിരുന്നു.
അതൊക്കെ വായിച്ചും കേട്ടുമാണ് ഇങ്ങനെയൊരു സംസാരമുണ്ടായത്. പുതിയ താരോദയത്തിന് വേണ്ടി മീഡിയ കാത്തിരുന്നിട്ടുണ്ടാകും. വീട്ടിൽ പുള്ളി ആശങ്കപ്പെട്ടിരിക്കുന്നത് അന്ന് ഞങ്ങൾ കണ്ടിട്ടില്ല. മമ്മൂട്ടിയ്ക്ക് സങ്കടമായിരുന്നു, കരഞ്ഞു എന്നെല്ലാം സിനിമാക്കാർ പറഞ്ഞിട്ടുണ്ട്. എന്നാൽ ഞങ്ങളുടെ മുന്നിൽ വിഷമം കാണിച്ചിട്ടില്ല. സിനിമ പരാജയപ്പെടുന്നുണ്ടെന്ന് ഞങ്ങൾക്കറിയാമായിരുന്നു.
ഇന്നും മമ്മൂട്ടിയുടെ സിനിമകൾ റിലീസ് ചെയ്യുമ്പോൾ പ്രേക്ഷക പ്രതികരണം എങ്ങനെയായിരിക്കുമെന്ന ആശങ്ക തനിക്കുണ്ടാകാറുണ്ടെന്നും ഇബ്രാഹിം കുട്ടി പറഞ്ഞു. അഭിനയ രംഗത്ത് ഇബ്രാഹിം കുട്ടിയും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ചില സീരിയലുകളിലും സിനിമകളിലുമെല്ലാം അദ്ദേഹം പ്രത്യക്ഷ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ മകൻ മക്ബൂൽ സൽമാനും അഭിനയ രംഗത്തേയ്ക്ക് കടന്ന് വന്നു. നിരവധി സിനിമകളിൽ മക്ബൂലും അഭിനയിച്ചിട്ടുണ്ട്.
അതേസമയം, ‘പോക്കിരിരാജ’, ‘മധുരരാജ’ എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ‘ടർബോ’. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം 2024 മെയ് 23ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തിയത്.
ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിക്കുന്നത്. ശബരീഷ് വർമ്മ, ബിന്ദു പണിക്കർ, അഞ്ജന ജയപ്രകാശ്, നിരഞ്ജന അനൂപ്, ദിലീഷ് പോത്തൻ, ജോണി ആൻ്റണി എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം പുറത്തെത്തിയത്.