മോശം പരാമർശം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസ് എടുത്തിട്ടില്ലെന്ന് പൊലീസ് ഹൈക്കോടതിെ അറിയിച്ചു. കേസിൽ പ്രാഥമിക അന്വേഷണം നടക്കുകയാണെന്നും പൊലീസ് കോടതിയെ അറിയിച്ചു. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് പൊലീസ് ഇക്കാര്യം കോടതിയെ അറിയിച്ചത്.
ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്തി കേസ് റജിസ്റ്റർ ചെയ്ത് അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്കു കടക്കുകയാണെങ്കിൽ അതിനു 2 ആഴ്ച മുമ്പ് നോട്ടിസ് നൽകണം എന്നും. കോടതി നിർദ്ദേശമുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചു, അധിക്ഷേപ പരാമർശങ്ങൾ നടത്താൻ ആൾക്കൂട്ടത്തെ പ്രേരിപ്പിച്ചു തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് നടി പരാതി നൽകിയിരുന്നത്.
എറണാകുളം സെൻട്രൽ പൊലീസിൽ ആണ് പരാതി നൽകിയത്. ചാനൽ ചർച്ചകളിൽ പങ്കെടുക്കവെ രാഹുൽ നടത്തിയ പരാമർശങ്ങളിലാണ് നടപടി. തനിക്കെതിരെ നിരന്തരം അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നു എന്ന നടിയുടെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്റ്റിലാവുകയും റിമാൻഡിലാവുകയും ചെയ്തിരുന്നു. ഈ സമയത്താണു നടിയുടെ വസ്ത്രധാരണ രീതിയെക്കുറിച്ചുള്ള രാഹുൽ ഈശ്വറിന്റെ പ്രസ്താവനകളും വിവാദമായത്.
വസ്ത്രധാരണത്തെയടക്കം വിമർശിച്ച് രാഹുൽ ഈശ്വർ രംഗത്തെത്തിയിരുന്നു. ഇതിന് ചുവടുപിടിച്ച് സാമൂഹ്യമാധ്യമങ്ങളിൽ ഹണി റോസിനെതിരെ വ്യാപക പ്രചാരണമുണ്ടായി. ഇത് ചൂണ്ടിക്കാണിച്ചാണ് ഹണി റോസ് നിയമ നടപടിയുമായി മുന്നോട്ട് പോയത്. അതേസമയം ഹണി റോസിനെ അധിക്ഷേപിച്ചിട്ടില്ലെന്നായിരുന്നു രാഹുൽ ഈശ്വറിന്റെ വാദം.