ഹണി റോസ് തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ട്രോൾ ശ്രദ്ധ നേടുന്നു. തന്നെ ട്രോളുന്ന പോസ്റ്റുകളാണ് നടി പങ്കിട്ടത്
കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടെ നിരവധി പരിപാടികളുടെ ഉദ്ഘാടകയായിരുന്നു ഹണി റോസ്. ഇതിന്റെയെല്ലാം ചിത്രങ്ങൾ താരം തന്നെ സ്ഥിരമായി പങ്കുവെയ്ക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ രസകരമായ പല ട്രോളുകൾക്കും കാരണമാവുകയും ചെയ്തു. അങ്ങനെ വന്നവയിൽ ശ്രദ്ധേയമായ ചില ട്രോളുകളാണ് കഴിഞ്ഞദിവസം ഹണി റോസ് തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ ഷെയർ ചെയ്തത്.
ഒരു ദിവസം ഏറ്റവും കൂടുതൽ കത്രിക എടുക്കുന്നത് ആരാണെന്നും, അമ്മ തുണി ഉണക്കാൻ വലിച്ചു കെട്ടിയ വള്ളി കത്രിക കൊണ്ട് മുറിച്ചു എന്നുമൊക്കെയുള്ള ട്രോളുകളാണ് ഹണി പങ്കുവച്ചത്. ഹണിയുടെ പോസ്റ്റിനടിയിലും നിരവധി ട്രോളുകൾ കമന്റുകളായി എത്തുന്നുണ്ട് .
2022–ൽ ഏറ്റവുമധികം കട ഉദ്ഘാടനം ചെയ്തതിനുള്ള അവാർഡ് ഹണി റോസിന് തന്നെ നൽകണം എന്നാണ് ആരാധകർ പറയുന്നത്. സിനിമയൊന്നുമില്ലെങ്കിലും ഹണി ഉദ്ഘാടനം ചെയ്തു ജീവിക്കും എന്നാണ് പ്രേക്ഷകപക്ഷം. സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരത്തിന്റെ ഉദ്ഘാടന ചിത്രങ്ങളെ ട്രോളന്മാർ കണക്കിന് കളിയാക്കിയിട്ടുണ്ട്. എന്നെ ട്രോളാൻ മറ്റാരും വേണ്ട എന്ന രീതിയിലാണ് താരത്തിന്റെ പോസ്റ്റിന് കമന്റുകൾ ലഭിക്കുന്നത്.
കേരളത്തിലെ ഷോപ്പുകളുടെ ഉദ്ഘാടന വേദികളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ഹണി റോസ്. ഹണി റോസ് കട ഉൽഘാടനം ചെയ്യുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. മലയാള സിനിമയിൽ അധികം സജീവമല്ലെങ്കിലും ഹണി റോസിന് കേരളത്തിൽ ആരാധകർ ഏറെയാണ്. മോൺസ്റ്റർ ആണ് താരം ഒടുവിൽ അഭിനയിച്ച മലയാള ചിത്രം. പുതുവർഷത്തിൽ നന്ദമുരി ബാലകൃഷ്ണ നായകനാവുന്ന ‘വീര സിംഹ റെഡ്‌ഡി’ എന്ന ചിത്രത്തിലൂടെ ഹണി റോസ് തെലുങ്കിൽ അരങ്ങേറ്റം കുറിക്കുകയാണ്. ചിത്രത്തിന്റെ പോസ്റ്റർ അടുത്തിടെ ഹണി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.