വീണ്ടും സജീവമാകാനൊരുങ്ങി ഹോളിവുഡ്; സിനിമ താരങ്ങളുടെ സമരം 118 ദിവസങ്ങള്‍ക്ക് ശേഷം പിന്‍വലിച്ചു

സ്‌ക്രീന്‍ ആക്ടേഴ്‌സ് ഗില്‍ഡ് അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ടെലിവിഷന്‍ ആന്‍ഡ് റേഡിയോ ആര്‍ട്ടിസ്റ്റ്‌സ് എന്നീ സംഘടനകള്‍ നടത്തിവന്ന സിനിമ താരങ്ങളുടെ സമരം 118 ദിവസങ്ങള്‍ക്ക് ശേഷം പിന്‍വലിച്ചു.

പ്രതിഫല കുറവ്, ‘എഐ’യുടെ കടന്നുവരവുണ്ടാക്കുന്ന തൊഴില്‍ഭീഷണി എന്നീ വിഷയങ്ങളില്‍ പരിഹാരം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സമരം ആരംഭിച്ചിരുന്നത്. കഴിഞ്ഞ 63 വര്‍ഷത്തിനിടെ ഹോളിവുഡ് സാക്ഷ്യംവഹിച്ച ഏറ്റവും വലിയ പണിമുടക്കായിരുന്നു ഇത്.

വാള്‍ട്ട് ഡിസ്‌നി, നെറ്റ്ഫഌക്‌സ് മുതലായ കമ്പനികളെ പ്രതിനിധീകരിക്കുന്ന അലയന്‍സ് ഓഫ് മോഷന്‍ പിക്ചര്‍ ആന്‍ഡ് ടെലിവിഷന്‍ പ്രൊഡ്യൂസേഴ്‌സ് (എഎംപിടിപി)യുമായാണ് സാഗ് ആഫ്ട്ര കരാറില്‍ ഒപ്പുവച്ചത്.

സ്ട്രീമിങ് പങ്കാളിത്ത ബോണസ്, ശമ്പള വര്‍ധനവ്, എഐ സംബന്ധിച്ച നിയന്ത്രണങ്ങള്‍ എന്നിവ ഉള്‍പ്പെട്ട കരാറിലാണ് ഇപ്പോള്‍ ഒപ്പുവച്ചിരിക്കുന്നത്. ആരോഗ്യ, പെന്‍ഷന്‍ ഫണ്ടുകളുടെ ഉയര്‍ന്ന പരിധി, വിവിധ സമൂഹങ്ങളെ സംരക്ഷിക്കുന്ന നിര്‍ണായക കരാര്‍ വ്യവസ്ഥകള്‍ എന്നിവയും താത്ക്കാലിക കരാറില്‍ ഉള്‍പ്പെടുന്നു.

16,0000 അഭിനേതാക്കളാണ് ജൂലൈ 14 മുതല്‍ റൈറ്റേഴ്‌സ് ഗില്‍ഡിന്റെ സമരത്തിനൊപ്പം പങ്കാളികളായത്. ഇതോടുകൂടി ഹോളിവുഡ് ചലച്ചിത്ര നിര്‍മാണ മേഖല വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നു പോയിരുന്നത്.

ഡെനിസ് വില്ലെനേവ് ചിത്രം ‘ഡ്യൂണ്‍ 2’ ന്റെ റിലീസ് സമരവുമായി ബന്ധപ്പെട്ട് മാറ്റിവെച്ചത് ഹോളിവുഡ് സിനിമ മാര്‍ക്കറ്റില്‍ വലിയ നഷ്ടങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു. നെറ്റ്ഫ്‌ളിക്‌സിന്റെ ജനപ്രിയ പരമ്പരയായ സ്‌ട്രേഞ്ചര്‍ തിങ്‌സ്, ഡിസ്‌നിമാര്‍വല്‍ ടീമിന്റെ ബ്ലേഡ്, പാരാമൗണ്ട് പിക്‌ചേഴ്‌സിന്റെ ‘ഈവിള്‍’ തുടങ്ങീ ചിത്രങ്ങളും സമരം കാരണം പ്രതിസന്ധിയിലായിരുന്നു.

Vijayasree Vijayasree :