സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ സമഗ്രമായി പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് കഴിഞ്ഞ മാസം 25 ന് ആയിരുന്നു പുറത്തെത്തേണ്ടിയിരുന്നത്. എന്നാൽ നിർമ്മാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയിൽ റിപ്പോർട്ട് പുറത്ത് വിടുന്നത് ഹൈക്കോടതി താത്കാലികമായി തടഞ്ഞിരുന്നു. റിപ്പോർട്ട് പുറത്തുവിടാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേയായിരുന്നു സംഭവം.
എന്നാൽ, ഹേമാ കമ്മറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇതിൽ വിശദമായ വാദം ഇന്ന് കോടതിയിൽ നടക്കും. തൻറേതടക്കം സ്വകാര്യ വിവരങ്ങൾ പുറത്തുവരുമെന്ന് പറഞ്ഞായിരുന്നു സജിമോൻ ഹർജി നൽകിയത്. എന്നാൽ തിരഞ്ഞെടുത്ത വിവരങ്ങൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് മാത്രമാണ് പുറത്തുവരുന്നതെന്നും സ്വകാര്യവിവരങ്ങൾ ഒന്നും തന്നെ ഇല്ലെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
റിപ്പോർട്ട് പുറത്തുവിടുന്നത് സംബന്ധിച്ച് നിരവധി വിശദീകരണങ്ങളാണ് കഴിഞ്ഞ നാല് വർഷമായി സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നത്. വ്യക്തികളെ ബാധിക്കുന്ന സ്വകാര്യ വിവരങ്ങൾ പുറത്തുവിടരുതെന്ന കർശന നിർദേശവും ഉത്തരവിൽ പരാമർശിക്കുന്നുണ്ട്. സിനിമാ മേഖലയിൽ വനിതകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ സമഗ്രമായി പഠിച്ച് 2019ലാണ് കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയത്.
അന്ന് മുതൽ റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യം ഉയർന്നിരുന്നു. വിമൻ ഇൻ സിനിമാ കളക്ടീവ് അടക്കമുള്ളവരാണ് ആവശ്യവുമായി രംഗത്തെത്തിയത്. 2019 ഡിസംബർ 31ന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും സർക്കാർ ഇതുവരെ പുറത്തുവിട്ടിരുന്നില്ല.
ഇതിനെതിരെ മാധ്യമപ്രവർത്തകർ അടക്കം വിവാരവകാശ കമ്മിഷനെ സമീപിച്ചിരുന്നു. നടി ശാരദ, മുൻ ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി.വത്സല കുമാരി എന്നിവരായിരുന്നു കമ്മിഷൻ അംഗങ്ങൾ. അതേസമയം, റിപ്പോർട്ട് പബ്ലിഷ് ചെയ്യുമെന്ന് പറഞ്ഞതിന് ശേഷം പിന്നീട് അധികൃതർ അഭിപ്രായം മാറ്റുകയായിരുന്നുവെന്ന് പാർവതി തിരുവോത്ത് നേരത്തെ പറഞ്ഞിരുന്നു.