മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളത്തിലെ എക്കാലത്തെയും അഭിനേതാക്കളിൽ ഒരാളാണ് ഹരിശ്രീ അശോകൻ. കോമഡി റോളുകളിൽ പകരം വെയ്ക്കാനില്ലാതെ തിളങ്ങി നിന്ന താരമിപ്പോൾ ക്യാരക്ടർ റോളുകളിലാണ് ശ്രദ്ധിക്കപ്പെടുന്നത്. മിന്നൽ മുരളി എന്ന ചിത്രത്തിൽ ദാസൻ എന്ന കഥാപാത്രമായി ഹരിശ്രീ അശോകന്റെ പ്രകടനം വളരെ മികച്ചതായിരുന്നു. ഏറെ പ്രശംസയാണ് താരത്തിന് ലഭിച്ചത്.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ അദ്ദേഹം പങ്കുവെച്ച ചിത്രമാണ് ശ്രദ്ധ നേടുന്നത്. ക്രോണിക് ബാച്ച്ലർ സിനിമയക്കിടെ പകർത്തിയ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.
മമ്മൂട്ടി നായകനായി 2003 ൽ ഇറങ്ങിയ സൂപ്പർ ഹിറ്റ് സിനിമയാണ് ക്രോണിക് ബാച്ച്ലർ. സിദ്ദിഖിന്റെ സംവിധാനത്തിൽ പിറന്ന ഈ സിനിമയിൽ മുകേഷ്, ഹരിശ്രീ അശോകൻ, ഇന്നസെന്റ്, ഇന്ദ്രജ, ബിജു മേനോൻ, ഭാവന, രംഭ തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമയിലെ ഹാസ്യ രംഗങ്ങളും പാട്ടുകളും ഇപ്പോഴും ജനപ്രിയമാണ്.
ഇപ്പോഴിതാ ഈ സിനിമയുടെ ലൊക്കേഷനിൽ വെച്ച് പകർത്തിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഹരിശ്രീ അശോകൻ. സത്യപ്രതാപൻ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയ ചിത്രത്തിൽ ശ്രീകുമാർ എന്ന മുകേഷ് അഭിനയിച്ച കഥാപാത്രത്തിന്റെ ഉറ്റ സുഹൃത്തായ ഉഗ്രൻ എന്ന കഥാപാത്രത്തെയാണ് ഹരിശ്രീ അശോകൻ അവതരിപ്പിച്ചത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
ഫാസിലിന്റെ നിർമ്മാണത്തിലൊരുങ്ങിയ ചിത്രം 2003-ലെ തിയേറ്റർ ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ച സിനിമകളിലൊന്നാണ്. ഈ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ചിത്രം തമിഴ്, തെലുങ്ക് ഭാഷകളിലേയ്ക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു. എങ്കൾ അണ്ണ എന്നാണ് തമിഴിൽ റീമേക്ക് ചെയ്ത ചിത്രത്തിന്റെ പേര്.
മമ്മൂട്ടിയുടെ സത്യപ്രതാപൻ എന്ന കഥാപാത്രത്തെ തമിഴിൽ അവതരിപ്പിച്ത് അന്തരിച്ച നടൻ വിജയ്കാന്താണ്. തെലുങ്കിൽ ചിത്രത്തിന്റെ പേര് ഖുഷി ഖുഷിയാഗ എന്നായിരുന്നു. ഇവിടെ പ്രധാന വേഷം ചെയ്തത് ജഗപതി ബാബു ആയിരുന്നു. മറ്റ് ഭാഷകളിലും വൻ വിജയമായിരുന്നു ഈ ചിത്രം.
അതേസമയം, തന്റെ സിനിമാ തിരക്കുകളിലാണ് ഹരിശ്രീ അശോകൻ. അച്ഛന് പിന്നാലെ മകൻ അർജുൻ അശോകനും സിനിമയിൽ എത്തിയിട്ടുണ്ട്. ചെറിയ സമയം കൊണ്ട് തന്നെ അഭിനയത്തിൽ അച്ഛന്റെ മകൻ തന്നെയാണെന്ന് അർജുനും തെളിയിച്ചിരിക്കുകയാണ്. മകൻ സിനിമയിലേയ്ക്ക് വരുമെന്ന് തങ്ങൾക്ക് ഒരു പ്രതീക്ഷയും ഇല്ലായിരുന്നുവെന്നാണ് ഹരിശ്രീ അശോകൻ പറഞ്ഞിരുന്നത്.