മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളത്തിലെ എക്കാലത്തെയും അഭിനേതാക്കളിൽ ഒരാളാണ് ഹരിശ്രീ അശോകൻ. കോമഡി റോളുകളിൽ പകരം വെയ്ക്കാനില്ലാതെ തിളങ്ങി നിന്ന താരമിപ്പോൾ ക്യാരക്ടർ റോളുകളിലാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ ക്യാരക്ടർ റോളുകളാണ് ഹരിശ്രീ അശോകനെ തേടിയെത്തുന്നതും. മിന്നൽ മുരളി എന്ന ചിത്രത്തിൽ ദാസൻ എന്ന കഥാപാത്രമായി ഹരിശ്രീ അശോകന്റെ പ്രകടനം വളരെ മികച്ചതായിരുന്നു. ഏറെ പ്രശംസയാണ് താരത്തിന് ലഭിച്ചത്.
ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ഇമോഷണൽ സീനുകൾ ചെയ്യുന്നതിനെ കുറിച്ചും മറ്റും സംസാരിക്കുകയാണ് അദ്ദേഹം. സിനിമയിൽ വന്ന കാലം മുതലെ ഇത്തരം കഥാപാത്രങ്ങൾ ചെയ്യാൻ താൻ ആഗ്രഹിച്ചിരുന്നുവെന്നാണ് ഹരിശ്രീ അശോകൻ അഭിമുഖത്തിൽ പറയുന്നത്. കോമഡി വേഷങ്ങൾ സ്ഥിരമായി ചെയ്ത് തമാശക്കാരനായി മാറിയ ആളാണ് ഞാൻ.
ആദ്യമൊക്കെ സിനിമ സിനിമയിൽ പിടിച്ചു നിൽക്കണമെന്ന കൊതിയിൽ കിട്ടിയ എല്ലാ വേഷങ്ങളും ഓടി നടന്ന് ചെയ്തു. അപ്പോഴൊന്നും തിരഞ്ഞെടുപ്പ് എന്ന സാധ്യത മുന്നിലുണ്ടായിരുന്നില്ല. പക്ഷെ അപ്പോഴും ഇമോഷണലായ കഥാപാത്രങ്ങൾ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. വലിയ കഥാപാത്രമൊന്നും വേണ്ട, ഒരു ഇമോഷണൽ ഡയലോഗ് പറയാൻ സാധിച്ചാൽ മതിയായിരുന്നെന്ന് തോന്നിയിട്ടുണ്ട്.
മാനത്തെ കൊട്ടാരം എന്ന സിനിമിൽ ദിലീപിനോട് നിന്റെ അമ്മയ്ക്ക് ഭ്രാന്താണോ എന്ന് ഞാൻ ചോദിക്കുന്നുണ്ട്. തമാശയായിട്ടാണ് ചോദിച്ചതെങ്കിലും അതേ, എന്റെ അമ്മയ്ക്ക് ഭ്രാന്താണ് എന്ന ദിലീപിന്റെ മറുപടി കേട്ട് വല്ലാതെ ഇമോഷണലായിപ്പോയി. ആ രംഗം വളരെ നന്നായി ചെയ്തെന്ന് സംവിധായകനും മറ്റും പറഞ്ഞപ്പോൾ ഇമോഷണൽ രംഗങ്ങൾ ചെയ്യുന്നതിന്റെ അനുഭവം ഞാനറിഞ്ഞുവെന്നും താരം പറഞ്ഞു.
ദിലീപ് കോമഡി വേഷങ്ങളിൽ തിളങ്ങിയ മിക്ക ചിത്രങ്ങളിലും എത്തിയിട്ടുള്ള നടനാണ് ഹരിശ്രീ അശോകൻ. മോഹൻലാൽ ജഗതി കോംബോ പോലെ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട കോംബോയാണ് ഇവരുടേത്. പഞ്ചാബി ഹൗസ്, സിഐഡി മൂസ, ഈ പറക്കും തളിക, കൊച്ചി രാജാവ്, പാണ്ടിപ്പട, റൺവേ തുടങ്ങി നിരവധി ചിത്രങ്ങളിൽ ചിരിപ്പൂരം തീർത്തിട്ടുണ്ട് ഹരിശ്രീ അശോകൻ ദിലീപ് ജോഡികൾ. സിനിമയ്ക്ക് പുറത്തും അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. മിമിക്രി വേദികൾ മുതൽ തുടങ്ങിയതാണ് ഇവർക്കിടയിലെ സൗഹൃദം.
ദിലീപിന്റെ പഞ്ചാബി ഹൗസിലെ കഥാപാത്രമായിരുന്നു രമണൻ. ഇതിൽ ഇവർ തമ്മിലുള്ള കോബിനേഷൻ സീനുകളിൽ ഹരിശ്രീ ആശോകന്റെ പ്രകടനം കണ്ട് പലപ്പോഴും ദിലീപ് പൊട്ടിച്ചിരിക്കുമായിരുന്നുവെന്നും ഏറെ ടേക്കുകളെടുത്താണ് ചില സീനുകൾ പൂർത്തിയാക്കിയതെന്നും അണിയറപ്രവർത്തകരിൽ പലരും പറഞ്ഞിട്ടുണ്ട്.
അതേസമയം, അദ്ദേഹം അഭിമുഖത്തിൽ അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഐക്കോണിക് കഥാപാത്രമായ രമണൻ എന്ന കഥാപാത്രത്തെക്കുറിച്ചും സംസാരിച്ചിട്ടുണ്ട്. ഞാൻ മറന്നാലും രമണനെ നാട്ടുകാർ മറക്കില്ല. ആ വേഷത്തെപ്പറ്റി ഒരുപാട് പേർ ചോദിക്കാറുണ്ട്. ആസ്വദിച്ച് ചെയ്ത വേഷമായിരുന്നു.
റാഫിയും മെക്കാർട്ടിനും തന്ന സ്വാതന്ത്ര്യവും ദീലിപുമായുള്ള സൗഹൃദവുമൊക്കെ ആ വേഷം മനോഹരമാക്കാൻ സഹായിച്ചു. രമണന്റെ പേരിൽ ട്രോളുകൾ ഇറങ്ങുമ്പോൾ ഏറെ സന്തോഷം തോന്നും. ജനങ്ങളുടെ മനസിൽ ഞാനും രമണനും ഉണ്ടെന്നതിന്റെ അടയാളമല്ലേ ഈ ട്രോളുകളെല്ലാം എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തനിക്ക് ഒരിക്കൽ നേരിടേണ്ടി വന്ന അപമാനത്തെക്കുറിച്ചും താരം ഓർക്കുന്നുണ്ട്. അന്ന് തന്നെ ആ ഘട്ടത്തിൽ നിന്നും രക്ഷിച്ചതും ഇതേ രമണൻ ആണെന്നാണ് ഹരിശ്രീ അശോകൻ പറയുന്നത്. ഒരിക്കൽ ഞാൻ ഒരു ചടങ്ങിന് പോയപ്പോൾ അവിടെയുണ്ടായിരുന്ന ഒരാൾ സംസ്ഥാന അവാർഡൊന്നും കിട്ടിയില്ലേയെന്ന് ചോദിച്ച് എന്നെ ചെറുതായൊന്ന് പരിഹസിച്ചു.
ആ ചോദ്യം കേട്ട് അവിടെയുണ്ടായിരുന്ന പ്രശസ്തനായ ഒരാൾ പറഞ്ഞ മറുപടി എന്നെ വിസ്മയിപ്പിച്ചു. ഇവന് കിട്ടിയ ഓസ്‌കാർ അവാർഡല്ലേ രമണൻ, എന്നായിരുന്നു മറുപടി. സത്യത്തിൽ അവാർഡ് കിട്ടിയതിനേക്കാൾ വലിയ അംഗീകാരമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ എന്നുമാണ് അദ്ദേഹം പറയുന്നത്.