ഹരിണി ദൈവത്തിന്റെ മണവാട്ടിയാകും….

അഭിനയവും നൃത്തവും ട്രാന്‍സ് വനിത എലിസബത്ത് ഹരിണി ചന്ദനയ്ക്ക് ഒരുപോലെ പ്രിയമാണ്. അഭിനയവും നൃത്തവുമൊക്കെയായി ടിക്ക്‌ടോക്കില്‍ സജീവമായിരുന്നു ഹരിണി. ടിക്ക് ടോക്കില്‍ മാത്രം മൂന്നുലക്ഷത്തിനടുത്ത് ആരാധകര്‍ ഹരിണി ചന്ദനയ്ക്കുണ്ട്. ഹരിണിയുടെ ടിക്ക് ടോക്ക് വീഡിയോ സംവിധായകന്‍ അരുണ്‍സാഗറിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ‘ദൈവത്തിന്റെ മണവാട്ടി’ ചിത്രത്തിലെ നായികാവേഷം തേടിയെത്തിയത്.

ഇതോടെ ഇന്ത്യന്‍ സിനിമയില്‍ സ്ത്രീയായിതന്നെ വേഷമിടുന്ന ആദ്യത്തെ ട്രാന്‍സ് വനിതയായി എലിസബത്ത് ഹരിണി ചന്ദന മാറി. മമ്മൂട്ടി നായകനായ പേരന്‍പില്‍ അഞ്ജലി അമീര്‍ ട്രാന്‍സ് വനിതയായി അഭിനയിച്ചിട്ടുണ്ട്.മുമ്പ് ‘മൂധേവി’ എന്ന ഹ്രസ്വചിത്രത്തിലും ഹരിണി ചന്ദന സ്ത്രീകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. നൗഷാദ് ആലത്തൂരിന്റെ വൈറല്‍ എന്ന സിനിമയാണ് ഹരിണിയുടെ അടുത്ത സിനിമ. അടുത്ത മാസം ഷൂട്ടിങ് ആരംഭിക്കും.

മണിലാല്‍ സംവിധാനം ചെയ്ത ഭാരതപ്പുഴ എന്ന ചിത്രത്തിലും ഹരിണി സ്ത്രീ കഥാപാത്രമായെത്തും. 2013ല്‍ ഒരു ചാനല്‍ റിയാലിറ്റി ഷോയിലൂടെയാണ് ഹരിണി ചന്ദന അഭിനയരംഗത്തേക്ക് കടന്നുവന്നത്. അവാര്‍ഡ് ഷോകളിലും സ്‌റ്റേജ് പ്രോഗ്രാമുകളിലും കോമഡി, നൃത്ത പരിപാടികളുമായി ഹരിണി ചന്ദന സജീവമായി. ഇതിനിടയില്‍ സീരിയലില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരം ഹരിണിയെ തേടിയെത്തി.

അണിയറപ്രവര്‍ത്തകര്‍ ഹരിണി ട്രാന്‍സ് വനിതയാണെന്ന് അറിഞ്ഞതോടെ ആ അവസരം നഷ്ടമായി. അതിനുശേഷവും അഭിനയമോഹം ഹരിണി കൈവിട്ടില്ല. സിനിമാരംഗത്തേക്ക് കടന്നുവരാനുള്ള പരിശ്രമങ്ങള്‍ തുടര്‍ന്നു. ഇതിനിടയില്‍ നാടകങ്ങളിലും ഹരിണി സജീവമായി. കുമ്പളങ്ങി സ്വദേശിയായ ഹരിണി ഇപ്പോള്‍ കൊല്ലത്താണ് താമസം. രണ്ടാഴ്ച മുമ്പ് സഹോദരന്‍ പ്രശാന്തിനൊപ്പം കൊല്ലത്ത് രുദ്രതാണ്ഡവ എന്ന പേരില്‍ ഡാന്‍സ് സ്‌കൂളും ഹരിണി ആരംഭിച്ചു.

Harini’s next movie….

Noora T Noora T :