സിനിമാ കലാസംവിധായകനും പ്രൊഡക്ഷൻ ഡിസൈനറും, സംവിധായകൻ ജോഷിയുടെ ബന്ധുവുമായ ഹരി വർക്കല അന്തരിച്ചു

സിനിമാ കലാസംവിധായകനും പ്രൊഡക്ഷൻ ഡിസൈനറുമായ ഹരി വർക്കല അന്തരിച്ചു. 72 വയസായിരുന്നു പ്രായം. എം.ഹരിഹരൻ എന്നാണ് യഥാർത്ഥ പേര്. 40 വർഷത്തോളം എഴുപതോളം ചിത്രങ്ങളിൽ കലാസംവിധായകനായും പ്രൊഡക്ഷൻ ഡിസൈനറായും പ്രവർത്തിച്ചിട്ടുണ്ട്.

പ്രശസ്ത സംവിധായകൻ ജോഷിയുടെ ഭൂരിഭാഗം ചിത്രങ്ങളുടെയും പിന്നണിയിൽ പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അമ്മാവന്റെ മകൻ കൂടിയാണ് ഹരി. 1984-ൽ സന്ദർഭം എന്ന ചിത്രംമുതലാണ് ജോഷിക്കൊപ്പം ചേർന്നത്.

ന്യൂഡൽഹി, സൈന്യം, കൗരവർ, റൺ ബേബി റൺ, ധ്രുവം, ലേലം, പത്രം, നായർ സാബ്, ക്രിസ്ത്യൻ ബ്രദേഴ്സ്, റൺവെ, നരൻ, നമ്പർ 20 മദ്രാസ് മെയിൽ, ട്വന്റി ട്വന്റി തുടങ്ങി നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ലൈല ഓ ലൈല എന്ന ചിത്രത്തിലാണ് അവസാനമായി പ്രവർത്തിച്ചത്.

വർക്കല മൈതാനം സരളാമന്ദിരത്തിൽ പരേതരായ മാധവന്റെയും സരളയുടെയും മകനാണ്. മരണാനന്തര ചടങ്ങുകൾ വർക്കല മൈതാനം സരളാ മന്ദിരത്തിൽ വച്ചു നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. സഹോദരങ്ങൾ: പരേതനായ ജയപ്രകാശ്, പരേതനായ അനിൽകുമാർ, പരേതനായ ജയസിങ്, ഗിരിജ, അനിത.

Vijayasree Vijayasree :