അവിടെയാണ് നിങ്ങള്‍ക്ക് തെറ്റിയത്. അവനെ നിങ്ങള്‍ക്ക് തോല്‍പ്പിക്കാനെ പറ്റില്ല. ഇന്ന് മുതല്‍ അവന്റെ വിജയഗാഥ തുടങ്ങുകയാണ്; ഹരീഷ് പേരടി

തൃശ്ശൂര്‍ കേരളവര്‍മ കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളില്‍ പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി. വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ച് ആദ്യം ഒരു വോട്ടിന് വിജയിക്കുകയും റീകൗണ്ടിങ്ങില്‍ പരാജയപ്പെടുകയും ചെയ്ത കെ.എസ്.യു സ്ഥാനാര്‍ഥിയെ പിന്തുണച്ചുകൊണ്ടാണ് ഹരീഷ് പേരടി രംഗത്തെത്തിയത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ശ്രീക്കുട്ടന് ഇരുട്ട് ശീലമാണ്. ഇരുട്ടില്‍ എന്തെല്ലാം കപടതകള്‍, കള്ളങ്ങള്‍, കൊള്ളകള്‍ അരങ്ങേറുമെന്ന് പണ്ടേ പഠിച്ചവന്‍. പകലിലെ നിങ്ങളുടെ സൂര്യന്‍ കനിയുന്ന വെളിച്ചമല്ല അവന്റെ വെളിച്ചം. ഇരുട്ടില്‍ നിങ്ങളുണ്ടാക്കുന്ന വൈദ്യുതി വെളിച്ചവുമല്ല അവന്റെ വെളിച്ചം. നിങ്ങള്‍ ഉറങ്ങുമ്പോള്‍ പോലും ഉറങ്ങാത്തവന്‍. ഉറക്കം ഏതോ ജന്മത്തില്‍ ഉപേക്ഷിച്ച് ഉണര്‍ന്നിരിക്കാന്‍ വേണ്ടി മാത്രം പുതിയ ജന്മമെടുത്തവന്‍.

അവിടെയാണ് നിങ്ങള്‍ക്ക് തെറ്റിയത്. അവനെ നിങ്ങള്‍ക്ക് തോല്‍പ്പിക്കാനെ പറ്റില്ല. ഇന്ന് മുതല്‍ അവന്റെ വിജയഗാഥ തുടങ്ങുകയാണ്…ശ്രീക്കുട്ടന്റെ വിജയ വഴികള്‍ തുറന്ന് കൊടുത്തതിനും അവന്‍ നിങ്ങളോട് നന്ദിയുള്ളവനായിരിക്കും…ഹിറ്റ്‌ലറിന്റെ പേപ്പട്ടികള്‍ എത്ര ഉറക്കെ കുരച്ചാലും അവനെ ഉറക്കാന്‍ പറ്റില്ല. അവന്‍ ഉണര്‍ന്നിരിക്കും. ശ്രീക്കുട്ടന് അഭിവാദ്യങ്ങള്‍…

ബുധനാഴ്ച നടന്ന വിദ്യാര്‍ഥിയൂണിയന്‍ തിരഞ്ഞെടുപ്പില്‍ കേരളവര്‍മ കോളേജിലെ ചെയര്‍മാന്‍സ്ഥാനത്തേക്ക് കെ.എസ്.യു.വിലെ എസ്. ശ്രീക്കുട്ടന്‍ ഒരു വോട്ടിന് ജയിച്ചെന്നായിരുന്നു ആദ്യ പ്രഖ്യാപനം. 41 കൊല്ലത്തിനുശേഷമുള്ള വിജയം കെ.എസ്.യു. ആഘോഷമാക്കിയിരുന്നു. എന്നാല്‍ വീണ്ടും എണ്ണണമെന്ന് എസ്.എഫ്.ഐ. ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഏറെ തര്‍ക്കത്തിനുശേഷം കെ.എസ്.യു. വോട്ടെണ്ണല്‍ ബഹിഷ്‌കരിക്കുകയും രണ്ടാം വോട്ടെണ്ണലില്‍ 11 വോട്ടിന് എസ്.എഫ്.ഐ. സ്ഥാനാര്‍ഥി ജയിച്ചതായി അര്‍ധരാത്രിയോടെ പ്രഖ്യാപിക്കുകയും ചെയ്തു.

ഇത് അട്ടിമറിയാണെന്ന ആരോപണവുമായി കെ.പി.സി.സി. പ്രസിഡന്റും പ്രതിപക്ഷ നേതാവും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍തന്നെ രംഗത്തെത്തിയിട്ടുണ്ട്. വോട്ടെണ്ണലില്‍ അട്ടിമറി നടന്നെന്ന പരാതിയുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് എസ്. ശ്രീക്കുട്ടന്‍ അറിയിച്ചിട്ടുണ്ട്. രാത്രിയിലേക്കു നീണ്ട വോട്ടെണ്ണലിനിടെ പലതവണ വൈദ്യുതി നിലച്ചിരുന്നു.

ഈ സമയത്ത് കൂടുതല്‍ ബാലറ്റ്‌പേപ്പറുകള്‍ വന്നോയെന്ന് സംശയിക്കുന്നതായും കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനൊപ്പം ഡി.സി.സി. ഓഫീസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ശ്രീക്കുട്ടന്‍ പറഞ്ഞു. വോട്ടെണ്ണലില്‍ ദുരൂഹതയുള്ളതിനാല്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് കാമ്പസിന്റെ ആവശ്യമെന്നും ശ്രീക്കുട്ടന്‍ പറഞ്ഞു.

Vijayasree Vijayasree :